parking

കൊല്ലം: കൊല്ലത്ത് നടപ്പാതകൾ കൈയേറി ഇരുചക്ര വാഹനങ്ങൾ പാർക്ക് ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ ബി. അബ്ദുൽ നാസർ അറിയിച്ചു. ജില്ലാ റോഡ് സുരക്ഷാ കൗൺസിൽ അവലോകന യോഗത്തിലാണ് കളക്ടർ നിലപാട് അറിയിച്ചത്.

സീറ്റ് ബെൽറ്റ്, ഹെൽമെറ്റ് എന്നിവ ധരിക്കാത്തവർക്ക് എതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും കളക്ടർ പറഞ്ഞു. ആർ.ടി.ഒ ആർ. രാജീവ്, ഡി.എം.ഒ ആർ. ശ്രീലത, കൊല്ലം റൂറൽ അഡീഷണൽ എസ്.പി എസ്. മധുസൂദനൻ, കൊല്ലം സിറ്റി ക്രൈംബ്രാഞ്ച് എ.സി.പി എ. അഭിലാഷ് എന്നിവർ പങ്കെടുത്തു.

 മറ്റ് തീരുമാനങ്ങൾ

1. ആശ്രാമം മൈതാന പരിസരത്ത് അപകടകരമായ അവസ്ഥയിൽ നിൽക്കുന്ന 28 മരങ്ങൾ മുറിക്കുന്നതിന് കോർപ്പറേഷൻ നടപടികൾ സ്വീകരിക്കണം.

2. ഗ്രേ ഏരിയകൾ കണ്ടുപിടിച്ച് ട്രാഫിക് ലൈറ്റുകൾ സ്ഥാപിക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് ദേശീയപാതാ വിഭാഗത്തിന് നിർദ്ദേശം നൽകി.

3. സോഷ്യൽ മീഡിയ വഴി റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട ക്യാമ്പയിനുകൾ സംഘടിപ്പിക്കുന്നതിന് ആർ.ടി.ഒയെ ചുമതലപ്പെടുത്തി.

4. കൊല്ലം ബൈപാസിൽ കാമറകൾ സ്ഥാപിക്കാനുള്ള നടപടികൾ മൂന്നര മാസത്തിനുള്ളിൽ പൂർത്തീകരിക്കണമെന്ന് കെൽട്രോണിനോട് ആവശ്യപ്പെട്ടു.

5. കളക്ടറുടെ ഔദ്യോഗിക വാഹനത്തിൽ കാമറ സ്ഥാപിക്കും

6. നഗരത്തിൽ പാർക്കിംഗിനായി കണ്ടെത്തിയ സ്ഥലം ഏറ്റെടുക്കുന്നതിന് റെയിൽവേയുമായി ബന്ധപ്പെട്ട് നടപടിക്രമം സമർപ്പിക്കുന്നതിന് തീരുമാനമായി.