km-shaji

കോഴിക്കോട്: ആരോഗ്യമന്ത്രി കെ.കെ.ശൈലജ യു.എൻ സെമിനാറിൽ പങ്കെടുത്തത് പി.ആർ വർക്കാണെന്ന് മുസ്ലിം ലീഗ് നേതാവ് കെ.എം.ഷാജി. ചൈനയുമായുള്ള ബന്ധത്തിന്റെ പേരിലാണോ ശൈലജ ടീച്ചറെ യു.എൻ ക്ഷണിച്ചതെന്ന് സംശയമുണ്ടെന്നും ഷാജി പരിഹസിച്ചു.

ചൈനയുമായി അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്ന ആരോപണത്തിൽ ലോകാരോഗ്യ സംഘടനയുമായി യു.എസും യൂറോപ്യൻ യൂണിയനും ബന്ധം വിച്ഛേദിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ അവിടെയുള്ളവരെയൊന്നും ക്ഷണിക്കില്ല. ചൈനയുമായുള്ള ബന്ധത്തിന്റെ പേരിലാണോ ടീച്ചറെ നിങ്ങളെ വിളിച്ചതെന്നായിരുന്നു ഷാജിയുടെ പരിഹാസം.

കൊവിഡിന്റെ കാലത്ത് രാഷ്ട്രീയം പറയരുതെന്നാണ് മുഖ്യമന്ത്രിയുടെ ഉത്തരവ്. രാഷ്ട്രീയം പറയരുതെന്ന് പറഞ്ഞ്‌ മുല്ലപ്പള്ളിക്കെതിരെ കുരച്ചുചാടുന്നു. ഇനിയും ഷുക്കൂർമാരെയുണ്ടാക്കുമെന്ന് ഡി.വൈ.എഫ്‌.ഐക്കാർക്ക് വിളിച്ചുപറയാം. അതൊന്നും രാഷ്ട്രീയമല്ല. ഒരു മാസ്‌ക് തന്ന് തങ്ങളുടെ വായ അടപ്പിക്കാമെന്ന് സർക്കാർ വിചാരിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.

ലോകത്ത് ഒരു രാജ്യത്തും നടക്കാത്ത നെറികേടാണ് പിണറായി വിജയൻ നടത്തുന്നത്. കൊവിഡ് ബാധിച്ച് മരിച്ച മലയാളിയുടെ കണക്ക് പറയാനോ കണക്കിൽ ഉൾപ്പെടുത്താനോ തയ്യാറാകുന്നില്ല. നിങ്ങൾ ചെയ്ത വിവരക്കേട് കൊണ്ടാണ് യഥാർത്ഥത്തിൽ കൊവിഡ് ഇത്രയധികം വ്യാപിക്കാൻ കാരണമായതെന്നും ഷാജി ആരോപിച്ചു.