kokedama

ഓരോ വ്യക്തികളുടെയും അഭിരുചികൾ വ്യത്യസ്ഥമാണ്. സ്വന്തം അഭിരുചി തിരിച്ചറിഞ്ഞ് അതിൽ വിജയം വരിച്ച നിരവധിപേരെ നമ്മുക്ക് ചുറ്രും കാണാൻ കഴിയും. വ്യത്യസ്ഥമായ പൂന്തോട്ട രീതികൾ ഇന്ന് സജീവമാണ്. വൈവിധ്യമായ വർണ്ണത്തിലും രൂപത്തിലുമുള്ള പൂന്തോട്ടങ്ങൾ വിപണിയിലും ലഭ്യമാണ്. അത്തരത്തിൽ പൂന്തോട്ട നിർമ്മാണത്തിൽ താൽപ്പര്യമുള്ളവർക്കായി വ്യത്യസ്ഥമായൊരു ഗാർഡനിങ് ആശയം പരിചയപ്പെട്ടാലോ. കൊക്കഡാമയെ പറ്റി കേട്ടിട്ടുണ്ടോ?​ പായല്‍പ്പന്തുകളെന്നും പാവങ്ങളുടെ ബോണ്‍സായിയെന്നും വിളിപ്പേരുള്ള കൊക്കഡാമ ജപ്പാനിലെ ഒരു ചെടി വളര്‍ത്തല്‍ രീതിയാണ്. ഈ രീതി ഇപ്പോൾ നമ്മുടെ നാട്ടിലും പ്രചാരത്തിലുണ്ട്.

കൊക്ക‌ഡാമ നിർമ്മിക്കുന്ന രീതി നോക്കിയാലോ?​

കളിമണ്ണിനോട് സാദൃശ്യമുള്ള അക്കാഡമ എന്ന മണ്ണ് ഉപയോഗിച്ചാണ് ഇവ നി‌ർമ്മിക്കുന്നത്. ഒരേ അളവിൽ ചകിരിചോറും, ചാണകപ്പൊടിയും (ആവശ്യമെങ്കിൽ കുറച്ചു മണ്ണും)​ കുറച്ച് വെള്ളവും ചേര്‍ത്തു കുഴച്ച് ബോള്‍ രൂപത്തില്‍ ആക്കുക. ശേഷം വേരോടു കൂടിയ ഒരു ചെടി ഈ ബോളിനകത്ത് നട്ട ശേഷം വീണ്ടും ഉരുട്ടി ബോൾ രൂപത്തിലാക്കുക. ഈ ബോൾ കോട്ടണ്‍ തുണിയൊ, ചണചാക്കോ,​ നൈലോണ്‍ നെറ്റോ ഉപയോഗിച്ച് പൊതിഞ്ഞു കെട്ടുക. മഴക്കാലത്ത് സിമന്റിലും പാറയിലും ഒക്കെ കാണുന്ന പായൽ ഇതിലേയ്ക്ക് ഒട്ടിക്കുക. ഒട്ടിക്കുന്ന പായൽ പച്ചനൂല്‍ ചുറ്റി ഉറപ്പിച്ച് വയ്ക്കുക.

ഇത് വീടിന്റെ അകത്തളങ്ങളില്‍ തൂക്കിയിടുകയോ, ഭംഗിയുള്ള പാത്രങ്ങളില്‍ വയ്ക്കുകയോ ചെയ്യാം. മിക്കവാറും എല്ലാ തരം ചെടികളും ഇങ്ങനെ വളര്‍ത്താം. സ്ഥലം കുറച്ചു മതി എന്നത് കൊണ്ട് ഫ്‌ളാറ്റുകളിലും വളര്‍ത്താം. സൂര്യപ്രകാശവും ഈര്‍പ്പവും കിട്ടുന്ന ഇടത്ത് വേണം ഈ ചെടികളെ പരിപാലിക്കാൻ. ദിവസവും രണ്ടു നേരം വെള്ളം തളിക്കാനും മറക്കരുത്. മൂന്നു ദിവസം കൂടുമ്പോള്‍ വെള്ളത്തില്‍ മുക്കിവയ്ക്കുന്നത് നല്ലതാണ്. കാറില്‍ തൂക്കിയിടാവുന്ന കുഞ്ഞന്‍ കൊക്കഡാമകളും ഇത്തരത്തിൽ നിർമ്മിക്കാം. വിപണിയില്‍ ഇവയ്ക്ക് ഇനമനുസരിച്ച് 350 മുതല്‍ 5,000 രൂപ വരെ വില ലഭിക്കും. വീടിനകത്ത് പച്ചപ്പ് ഇഷ്ടപ്പെടുന്നവര്‍ക്കും ഈ രീതി പരീക്ഷിക്കാം. വീട്ടമ്മമാർക്ക് ഇതൊരു വരുമാന മാര്‍ഗ്ഗമാണ്.