തൃശൂർ: സീരിയൽ താരം ആർദ്ര ദാസിന്റെ വീടിന് നേരെ ആക്രമണം നടത്തിയ പത്തുപേർക്കെതിരെ പൊലീസ് കേസെടുത്തു. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് താരത്തിന്റെ തിരുവില്വാമല പട്ടിപ്പറമ്പിലെ വീടിന് നേരെ ആക്രമണമുണ്ടായത്. ആർദ്രയുടെ അമ്മ ശിവകുമാരി മാത്രമായിരുന്നു ഈ സമയം വീട്ടിലുണ്ടായിരുന്നത്.
ആയുധങ്ങളുമായി വീട്ടിൽ അതിക്രമിച്ചുകയറിയ സംഘം അമ്മയെ മർദ്ദിക്കുകയും അസഭ്യം പറയുകയും വീട്ടിലെ ചെടിച്ചട്ടികളും ഇലക്ട്രോണിക് ഉപകരണങ്ങളും തകർത്ത ശേഷം കടന്നുകളഞ്ഞു. ബന്ധുക്കളെത്തിയാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്.
വീടിനുസമീപത്തെ മദ്യപസംഘത്തിനെതിരെ പരാതി നൽകിയതിന്റെ വിരോധമാണ് ആക്രമണത്തിന് പിന്നിലെന്നാണ് ആർദ്രയുടെ ആരോപണം. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.താരത്തിന്റെ കുടുംബവും അയൽവാസിയും തമ്മിൽ അതിർത്തി തർക്കം നിലനിൽക്കുന്നുണ്ട്. അയൽവാസിയെ കല്ല് കൊണ്ട് അക്രമിച്ചതിന് ആർദ്ര യുടെ അമ്മയ്ക്കെതിരെ മുൻപ് കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ ആരെയും അറസ്റ്റുചെയ്തിട്ടില്ല.