"കുത്തിത്തിരിപ്പിനൊക്കെ ഒരതിര് വേണം, കേട്ടോ" എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞദിവസം വാർത്താസമ്മേളനത്തിൽ പറഞ്ഞതിനെ അപ്പോൾതന്നെ എടുത്ത് ടിക് ടോക് വഴി ആഘോഷിക്കാൻ സി.പി.എമ്മിന് സ്വന്തമായി തന്നെ ഒരു അനുഭാവി സൈബർപോരാളികളുണ്ട്. ചടുലസംഗീതത്തിന്റെ ഒക്കെ അകമ്പടിയോടെ ഇതെടുത്ത് 'ടിക് ടോക്' വഴി വീശുമ്പോൾ എതിരാളിഗ്രൂപ്പിനെ നിലംപരിശാക്കാമെന്നാണ് നിഗമനം. സി.പി.എമ്മിന്റെ നവമാദ്ധ്യമ സന്നദ്ധ സംഘം ഇതിനെ ആഘോഷിക്കുമെങ്കിൽ, കോൺഗ്രസിൽ കഴിഞ്ഞ ദിവസങ്ങളിൽ ഏറ്റവുമധികം ആഘോഷിച്ച് ട്രെൻഡ് ആക്കിയത് കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്റെ 'നതിംഗ് ഡൂയിംഗ്' എന്ന കമന്റ് ആണ്. ആരോഗ്യമന്ത്രി കെ.കെ. ശൈലജയ്ക്കെതിരായ 'രാജകുമാരി, റാണി' പരാമർശങ്ങൾ പിൻവലിക്കുന്നതിനെപ്പറ്റി വാർത്താലേഖകരുടെ ആവർത്തിച്ചുള്ള ചോദ്യത്തിന് മുല്ലപ്പള്ളി നൽകിയ മറുപടി. ഈ 'നതിംഗ് ഡൂയിംഗ്' കോൺഗ്രസുകാർ മത്സരിച്ച് ട്വിറ്റർ വഴിയും ടിക് ടോക് വഴിയുമൊക്കെ ആഘോഷിച്ചു. നിർമ്മിത ബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സ്) വഴി ട്രെൻഡിംഗ് ഉണ്ടാക്കുകയും അതിലൂടെ ഏറ്റവും ചർച്ച ചെയ്യപ്പെടുന്ന നേതാവാക്കി സ്വന്തം നേതാക്കളെ മാറ്റിയെടുക്കുകയും ചെയ്യുകയെന്ന പുതിയ കാലത്തെ മാർക്കറ്റിംഗ് തന്ത്രം ഇന്ത്യയിൽ തുടങ്ങിവച്ചത് 2014ലെ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ബി.ജെ.പി ആയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ അവർ അങ്ങനെ താരമാക്കി
.അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പരീക്ഷിക്കപ്പെട്ട തന്ത്രം. അതിന്ന് രാജ്യമെമ്പാടും രാഷ്ട്രീയകക്ഷികൾ മികച്ച 'വിപണനതന്ത്രമാക്കി' പരീക്ഷിക്കുന്നുവെന്നതാണ് ഈ സത്യാനന്തര കാലത്ത് (പോസ്റ്റ് ട്രൂത്ത്) നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്. നവമാദ്ധ്യമങ്ങളിലൂടെ ഏറ്റവുമധികം ചർച്ച ചെയ്യപ്പെടുന്ന പേരിന് ഗൂഗിൾ പ്രത്യേക പരിഗണന കൊടുക്കുന്നുവെന്നതാണ് നേതാക്കളുടെ ട്രെൻഡിംഗിന് രാഷ്ട്രീയപ്രവർത്തകരെ പ്രേരിപ്പിക്കുന്ന ഘടകം. കൊവിഡ് മഹാമാരി സൃഷ്ടിച്ച സവിശേഷ കാലാവസ്ഥയിൽ, ലോകവും രാജ്യവും ഇന്നുവരെ ദർശിച്ചിട്ടില്ലാത്ത കാലത്തിലൂടെ കടന്നുപോകുമ്പോൾ, ഇക്കാലത്തെ അതിജീവനത്തിന് ഏറെക്കുറെ പൂർണമായി തന്നെ ഈ നവമാദ്ധ്യമ ടെക്നോളജിയെ ആശ്രയിക്കാൻ രാഷ്ട്രീയകക്ഷികൾ നിർബന്ധിതമായിരിക്കുന്നു. ഗാൽവൻ അതിർത്തി കൈയേറിയ ചൈനയെയും ചൈനീസ് വിപണിയെയും പുറന്തള്ളാൻ ഇന്ത്യ നിലപാടെടുക്കുമ്പോൾ, ഇന്നത്തെ കാലാവസ്ഥയിൽ അതെത്രത്തോളം വെല്ലുവിളി നിറഞ്ഞതാകുമെന്നത് അതിനാൽ ഇക്കാലത്തെ വലിയ ചോദ്യമാകുന്നുണ്ട്.
കൊവിഡും തിരഞ്ഞെടുപ്പുകളും
തിരഞ്ഞെടുപ്പിനെക്കുറിച്ച് ഓർക്കുമ്പോൾ ആദ്യം മനസ്സിലേക്കോടിയെത്തുക തീ പാറുന്ന പ്രചരണകോലാഹലങ്ങളും ചുവരെഴുത്തുകളും (സമീപകാല പ്രവണതയനുസരിച്ച് ഫ്ലക്സുകളുടെ അതിപ്രസരവും) ഒക്കെയാണ്. സ്ഥാനാർത്ഥികളുടെ വോട്ടഭ്യർത്ഥിച്ചുള്ള പ്രചരണപര്യടനങ്ങൾ, അകമ്പടിപ്രസംഗങ്ങൾ, നേതാക്കളുടെ പൊതുയോഗങ്ങൾ എന്നിവയൊക്കെ ചേർന്നുള്ള തിരഞ്ഞെടുപ്പ് ആഘോഷങ്ങൾ ഇനി വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിലെങ്കിലും സാദ്ധ്യമാകുമോയെന്ന് കണ്ടറിയണം. കേരളത്തിൽ മൂന്നോ നാലോ മാസത്തിനകം നടക്കേണ്ട തദ്ദേശ തിരഞ്ഞെടുപ്പിലെങ്കിലും അത് സാദ്ധ്യമാകില്ലെന്നുറപ്പ്. അപ്പോൾ പ്രചരണങ്ങൾ നവമാദ്ധ്യമ പോരാട്ടമാകാതെ തരമില്ല. നവമാദ്ധ്യമ സാദ്ധ്യതകളെ ഏതറ്റം വരെയും ഉപയോഗപ്പെടുത്താനുള്ള തീവ്ര യത്നത്തിലേക്ക് ഇന്ത്യയിലെയും കേരളത്തിലെയും രാഷ്ട്രീയകക്ഷികളെല്ലാം മാറിക്കഴിഞ്ഞിരിക്കുന്നു. കൊവിഡ് ലോക്ക് ഡൗൺ കാലത്ത് രാഷ്ട്രീയപ്രവർത്തനം സന്നദ്ധപ്രവർത്തനം മാത്രമായി ചുരുങ്ങാതിരിക്കാനും പാർട്ടി പ്രചരണം കാര്യക്ഷമമാക്കാനും നവമാദ്ധ്യമങ്ങൾ കക്ഷികളെ വലിയ അളവിൽ സഹായിച്ചു. തിരഞ്ഞെടുപ്പ് പ്രചരണത്തിന് തെരുവുനാടകം നൽകുന്ന ഇഫക്ട് ഒരുപക്ഷേ നവമാദ്ധ്യമക്കാലത്തെ ടിക് ടോക് പ്രചരണം നൽകുമെന്ന് രാഷ്ട്രീയകക്ഷികളുടെ സൈബർപോരാളികൾ കളിയായും കാര്യമായും പറയുന്നു.
അപ്പോൾ ചൈന?
ചൈനീസ് ഉല്പന്നങ്ങളെ ബഹിഷ്കരിക്കാൻ ഇന്ത്യ തീരുമാനിച്ചാലും രാഷ്ട്രീയകക്ഷികൾക്ക് അതത്ര എളുപ്പമാകുമോ? നവ മാദ്ധ്യമ ആപ്ലിക്കേഷനുകളിൽ (ആപ്പ്) പലതും ചൈനയുടെ ഉല്പന്നങ്ങളാകുമ്പോൾ ബഹിഷ്കരണം ഒരിക്കലും എളുപ്പമാകില്ലെന്ന് തന്നെയാണ് ഉത്തരം. എതിരാളികളെ പരിഹസിച്ച് നിലംപരിശാക്കാൻ ഏറ്റവും ഫലപ്രദമായ ആപ്പ് ആയ ടിക് ടോക് തന്നെ ചൈനയുടേതാണ്. ഈ ടിക് ടോകിനെ ആശ്രയിക്കാത്ത ഒരു രാഷ്ട്രീയകക്ഷിയും കൊവിഡ് കാലത്ത് ഇന്ത്യയിലോ കേരളത്തിലോ ഇല്ല. എന്തിന് കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിക്ക് പോലും ടിക് ടോക് ഒരായുധമാണ്. ഔദ്യോഗികമായി അവർ ടിക് ടോകിന്റെ വക്താക്കളല്ലെന്നാണ് അവകാശപ്പെടുന്നത്. പക്ഷേ, സന്നദ്ധ പോരാളികളായ 'സംഘപരിവാർ ബന്ധുക്കൾ' ടിക് ടോകിനെ നല്ലപോലെ ഉപയോഗിക്കുന്നുണ്ട്. സി.പി.എമ്മിനും കോൺഗ്രസിനും അവരവരുടെ അനുഭാവി സന്നദ്ധസംഘങ്ങൾക്ക് ഇത് മികച്ച ആയുധമാണ്. യുവാക്കളുടെ ആകർഷണകേന്ദ്രം എന്നതുതന്നെയാണ് ടിക് ടോകിനെ ജനപ്രീതിയിൽ ഇപ്പോഴും മുന്നിൽ നിറുത്തുന്ന ഘടകം. 'പബ് ജി', 'ഹെലോ' തുടങ്ങി ഇന്ത്യയിലുൾപ്പെടെ പ്രചാരത്തിലുള്ള നിരവധി ആപ്പുകൾ ചൈനീസ് നിർമ്മിതമാണ്. ഹെലോ ആപ്പൊക്കെ കേരളത്തിലെ ബി.ജെ.പിയും പ്രചരണത്തിനുപയോഗിക്കുന്നു. ചൈനീസ് ആപ്പുകൾക്ക് പകരം വയ്ക്കാൻ ഇന്ത്യ സ്വന്തം ആപ്പ് കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചെങ്കിലും അതെപ്പോളെന്ന ചോദ്യമുയരുമ്പോൾ കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിക്കും ഈ ചൈനീസ് ആപ്പുകളെ തൽക്കാലത്തേക്കെങ്കിലും തള്ളിപ്പറയാനാവില്ല തന്നെ. നവമാദ്ധ്യമ പ്രചരണത്തിൽ ഫേസ്ബുക്കിലും മറ്റും കേരളത്തിലിപ്പോൾ മുന്നിൽ തങ്ങളാണെന്നാണ് ബി.ജെ.പിയുടെ അവകാശവാദം. ആറ് ലക്ഷത്തോളം പേർ ഫേസ്ബുക്കിൽ പാർട്ടിയെ പിന്തുടരുന്നുണ്ടെന്ന് അവർ പറയുന്നു.
അമേരിക്കയല്ല, താരം റഷ്യ
അമേരിക്കക്കാരന്റെ ഫേസ്ബുക്കും ട്വിറ്ററുമൊക്കെയാണ് ഇന്ന് രാഷ്ട്രീയകക്ഷികൾ മുഖ്യമായും ആശ്രയിക്കുന്നതെങ്കിലും ഫേസ്ബുക്കിന്റെ അധീനതയിലുള്ള വാട്സാപ്പിനെ പാർട്ടികൾ പതുക്കെയാണെങ്കിലും കൈയൊഴിയാൻ തുടങ്ങുന്നുവെന്നാണ് കൊവിഡ് കാലത്തെ ഏറ്റവും ശ്രദ്ധേയമായ മാറ്റം. റഷ്യൻ സഹോദരങ്ങളായ നികോളായും പാവർ ഡുറോവും ചേർന്ന് കണ്ടുപിടിച്ച ടെലഗ്രാം ആപ്പാണ് കൊവിഡ് കാലത്തെ കേരളത്തിലെ താരം. കൂടുതൽ ആളുകളിലേക്ക് ആശയവിനിമയമെത്തിക്കാൻ പറ്റിയ ഏറ്റവും മികച്ച ആപ്പ് ഇന്ന് ടെലഗ്രാം ആണ് എന്നതാണ് രാഷ്ട്രീയപാർട്ടികളെ അതിലേക്ക് ആകർഷിക്കുന്നത്. താഴെ തട്ടിൽ വരെയുള്ള മുഴുവൻ സജീവപ്രവർത്തകരോടും ടെലഗ്രാം അക്കൗണ്ട് തുടങ്ങിക്കോളാൻ കെ.പി.സി.സി ആസ്ഥാനത്തെ കോൺഗ്രസിന്റെ ഐ.ടി സെൽ നിർദ്ദേശം നൽകിക്കഴിഞ്ഞു. സി.പി.എമ്മിലെ സൈബർസെല്ലിൽ നിന്ന് ജില്ലാ കോ-ഓർഡിനേറ്റർമാരിലേക്കും സമാനനിർദ്ദേശം പോയിക്കഴിഞ്ഞു. സംസ്ഥാന ബി.ജെ.പിയും സമാനപാതയിലാണ്. ഒരു ഗ്രൂപ്പിനകത്ത് 256 പേരേ പാടുള്ളൂ എന്ന പരിമിതിയാണ് രാഷ്ട്രീയപാർട്ടികൾക്ക് വാട്സാപ്പിനോട് വിപ്രതിപത്തി തോന്നിപ്പിക്കുന്ന പ്രധാന ഘടകം. ടെലഗ്രാം ആപ്പിനകത്ത് അങ്ങനെ പരിധിയില്ല. അയക്കുന്ന സന്ദേശങ്ങൾക്ക് രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കാനാകുമെന്ന വിലയിരുത്തലും എത്ര വലിയ വീഡിയോ സന്ദേശവും കൈമാറാമെന്നതുമെല്ലാം ടെലഗ്രാമിന്റെ 'രാഷ്ട്രീയപ്രീതി' കൂട്ടുന്നു. മറ്റൊരു റഷ്യൻനിർമ്മിത ആപ്പായ ഫേസ് ആപ്പിനും പ്രീതിയേറി വരുന്നുണ്ട്. പാർട്ടി സംസ്ഥാന സെന്ററിൽ നിന്നുള്ള നിർദ്ദേശാനുസരണം ജില്ലാ കോ-ഓർഡിനേറ്റർമാർ മുഖേനയാണ് പ്രാദേശികാടിസ്ഥാനത്തിലേക്ക് നവമാദ്ധ്യമ ചങ്ങല സി.പി.എം തീർക്കുന്നത്. കൊവിഡ് കാലത്ത് പാർട്ടിപ്രവർത്തകരുടെ സംഘടനാവീര്യം ചോരാതിരിക്കാനുള്ള സജീവ ഇടപെടലുകളാണവർ നടത്തിയത്. പാർട്ടികമ്മിറ്റികൾ ചേരാനാവാത്തത് കൊണ്ടുതന്നെ ഫേസ്ബുക് വഴിയും മറ്റുമായി നേതാക്കളുടെ സ്റ്റഡിക്ലാസുകളും പ്രഭാഷണങ്ങളും പ്രവർത്തകരിലേക്കെത്തിക്കുന്നു. തദ്ദേശതിരഞ്ഞെടുപ്പിനുള്ള വാംഅപ് അവർ ഇങ്ങനെ സജീവമാക്കിക്കഴിഞ്ഞു. സി.പി.എം സൈബർവിഭാഗം സ്വന്തമായി സ്വതന്ത്രസോഫ്റ്റ്‌വെയറിൽ വികസിപ്പിച്ചെടുത്ത ബിഗ് ബ്ലൂ ബട്ടൺ ആപ്പ് വഴി പി.ബിയോഗവും പാർട്ടി സംസ്ഥാനകമ്മിറ്റിയും ഈയിടെ ചേർന്നു. സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വാർത്താസമ്മേളനത്തിനും ഇത് പരീക്ഷിച്ചു. ലോക്ക് ഡൗൺ കാലത്ത് കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരാഭവനിലെ പഴയ പി.സി.സി അദ്ധ്യക്ഷന്റെ ചേംബറിനെ അവർ ഡിജിറ്റൽ വാർറൂമാക്കി മാറ്റിയെടുത്തു. സൂം ആപ്പ് വഴി വീഡിയോ കോൺഫറൻസ് യോഗങ്ങൾ അവർ ഫലപ്രദമായി പരീക്ഷിച്ചു. രാഷ്ട്രീയകാര്യസമിതിയും ഭാരവാഹിയോഗവുമൊക്കെ ചേർന്നു. മോദിസർക്കാരിന്റെ വാർഷികവേളയിൽ സ്പീക്ക് അപ് ക്യാമ്പെയ്ൻ രാജ്യമൊട്ടാകെ നടന്നപ്പോൾ, കേരളം വിജയിപ്പിച്ചത് ഈ സംവിധാനത്തിലൂടെ. പ്രതിപക്ഷനേതാവിന്റെ ഔദ്യോഗികവസതിയിലെ ഓഫീസിലും കൊവിഡ് കാലത്തെ രാഷ്ട്രീയപ്രവർത്തനം സജീവമാക്കിയത് ഡിജിറ്റൽ വാർറൂം. പല യോഗങ്ങൾക്കും പ്രതിപക്ഷനേതാവ് വീഡിയോകോൺഫറൻസിംഗിന് തട്ടകമാക്കിയത് ഇവിടെ. മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് വേണ്ടിയുമുണ്ട് ഡിജിറ്റൽ വാർറൂം. ബി.ജെ.പി ഈയടുത്ത് സംഘടിപ്പിച്ച വെർച്വൽറാലി സിസ്കോ വെബെക്സ് ആപ്പ് വഴിയായിരുന്നു. അമേരിക്കൻ ഉല്പന്നമായ ഇത് വലിയ വീഡിയോ മീറ്റിംഗുകൾക്കൊക്കെ ഏറെ ഫലപ്രദം. സൗജന്യമാണ് സേവനമെന്നാണ് പറയുന്നത്. റാലിയിൽ പങ്കെടുത്തവരെയെല്ലാം കാണാൻ ഈ ആപ്പും നേതാക്കൾക്കായി ഫേസ്ബുക് ലൈവും പ്രയോജനപ്പെടുത്തിയാണ് ബി.ജെ.പി വെർച്വൽറാലിയെ വൻവിജയമാക്കിയത്. കൊവിഡ്കാലത്തിന് ശേഷവും റാലിയെ സംഭവബഹുലമാക്കാൻ രാഷ്ട്രീയപ്പാർട്ടികൾ ഇതുപോലുള്ള ആപ്പുകളെ ആശ്രയിക്കുമോ? കൊവിഡ്കാലം തുറന്നിട്ട പല സാദ്ധ്യതകളും വരാൻ പോകുന്ന രാഷ്ട്രീയപ്രചരണങ്ങളെ മാറ്റിമറിക്കുമെന്ന് തന്നെ വേണം കരുതാൻ. നേരിട്ടല്ലാതെ തന്നെ ജനങ്ങളോട് നേരിട്ട് സംവദിക്കാൻ രാഷ്ട്രീയ നേതാക്കൾക്ക് സാദ്ധ്യതകൾ തുറന്നിട്ട് കൊടുത്ത വൈറസ് എന്ന നിലയിൽ കൂടിയാണ് കൊറോണ വൈറസ് ചരിത്രത്തിലിടം നേടാൻ പോകുന്നത്. ഇതുണ്ടാക്കുന്ന 'രാഷ്ട്രീയവിപ്ലവം' ചെറുതായിരിക്കില്ല!