തിരുവനന്തപുരം: പെട്രോളിനും ഡീസലിനും ഇരട്ടി നികുതി ചുമത്തി കേന്ദ്ര- സംസ്ഥാന സർക്കാരുകൾ വൻകൊള്ള നടത്തുകയാണെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം ഉമ്മൻ ചാണ്ടി.പെട്രോളിന് 24.69 രൂപയും ഡീസലിന് 26.10 രൂപയും മാത്രം അടിസ്ഥാന വിലയുള്ളപ്പോൾ അവയ്ക്ക് യഥാക്രമം 51.55 രൂപയും 46.19 രൂപയും നികുതിയായി ഈടാക്കിയാണ് കൊള്ള.
പെട്രോളിയം ഉല്പന്നങ്ങൾക്ക് ഇരട്ടി നികുതി ചുമത്തുന്ന അപൂർവ രാജ്യമാണ് ഇന്ത്യ. കൊവിഡ് കാലത്ത് ജനങ്ങൾ വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ അവരെ സഹായിക്കുന്നതിന് പകരം കണ്ണിൽച്ചോരയില്ലാതെ പിഴിയുന്നതിനെതിരെ കോൺഗ്രസ് ജൂൺ 29ന് ദേശീയ പ്രക്ഷോഭം നടത്തും.
കേന്ദ്രസർക്കാരിന്റെ ഇന്ധനക്കൊള്ളയ്‌ക്കെതിരെ പ്രതിഷേധിക്കുന്ന ഇടതുസർക്കാർ ഉള്ളിൽ സന്തോഷിക്കുകയാണ്.
പെട്രോളിയം ഉല്പന്നങ്ങൾക്ക് വില കൂടുന്നതിന് ആനുപാതികമായി സംസ്ഥാനത്തിന് അധിക നികുതി ലഭിക്കുന്നു. ഇത് ഉപേക്ഷിക്കാൻ പറ്റില്ലെന്ന് സംസ്ഥാന ധനമന്ത്രി വ്യക്തമാക്കുകയും ചെയ്തു. സംസ്ഥാന നികുതി നിലവിൽ പെട്രോളിന് 17.39 രൂപയും ഡീസലിന് 14.36 രൂപയുമാണ്. പെട്രോൾ/ ഡീസൽ വിലവർദ്ധനവിലൂടെ സംസ്ഥാന സർക്കാർ 2052 കോടി രൂപയുടെ അധികവരുമാനം പ്രതീക്ഷിക്കുന്നു. കേന്ദ്രനികുതിക്കെതിരെ ഹാലിളകുന്നവർ വർദ്ധിപ്പിച്ച വിലയുടെ അധിക നികുതിയെങ്കിലും വേണ്ടെന്ന് വയ്ക്കണമെന്ന് ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു.