തിരുവനന്തപുരം: പ്രവാസികളുടെ മടങ്ങിവരവ് മുടക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. പ്രവാസികളോട് ഇത്ര അപ്രായോഗിക നിബന്ധനകൾ വച്ച മറ്റൊരു സർക്കാരില്ല. രോഗബാധിതരെ ഒരു വിമാനത്തിൽ കൊണ്ടുവരണമെന്ന വിഢ്ഡിത്തം പോലും മുഖ്യമന്ത്രി പറഞ്ഞുവെന്നും ചെന്നിത്തല ആരോപിച്ചു.
സർക്കാർ നിലപാടിനെ എതിർക്കുന്ന പ്രതിപക്ഷത്തേയും മാദ്ധ്യമങ്ങളെയും കുത്തിതിരിപ്പുകാരെന്നാണ് മുഖ്യമന്ത്രി വിശേഷിപ്പിക്കുന്നത്. പ്രവാസികളോടുള്ള സർക്കാർ അവഗണനയിൽ പ്രതിഷേധിച്ചുകൊണ്ടുള്ള യു.ഡി.എഫിന്റെ സെക്രട്ടേറിയറ്റ് ധർണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രവാസികളെ സ്വീകരിക്കുമെന്ന് കൊട്ടിഘോഷിച്ച് പറഞ്ഞവർ ഇപ്പോൾ യൂ ടേൺ അടിച്ചുവെന്നായിരുന്നു മുല്ലപ്പള്ളിയുടെ ആരോപണം. നോർക്ക അഞ്ച് ലക്ഷം പേരെ തിരികെ കൊണ്ട് വരാൻ രജിസ്ട്രേഷൻ നടത്തി എന്നാണ് പറഞ്ഞത്. പ്രവാസികളുടെ ദുഃഖത്തിനും കണ്ണീരിനും കാരണം മുഖ്യമന്ത്രിയുടെ ധാർഷ്ട്യവും താന്തോന്നിത്തരവുമാണെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി.
കൊവിഡ് കാലം നാടിന് ദുരിതമാണെങ്കിൽ മുഖ്യമന്ത്രിക്കും പാർട്ടിക്കും കൊയ്ത്തുകാലമാണെന്നായിരുന്നു മുല്ലപ്പള്ളിയുടെ പരിഹാസം. വിമാന കമ്പനികൾ പി.പി.ഇ കിറ്റിന്റെ ചെലവ് വഹിക്കണമെന്നാണ് ഇപ്പോൾ സർക്കാർ പറയുന്നത്. എന്നാൽ അതിന്റെ പേരിൽ തർക്കമുണ്ടാക്കി വൈകിപ്പിക്കരുതെന്നും മുല്ലപ്പള്ളി പറഞ്ഞു.