തിരുവനന്തപുരം: പൊലീസ് ചരിത്രത്തിലാദ്യമായി നാളെ സേനയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പൊലീസ് ഉദ്യോഗസ്ഥർ വെർച്വൽ പാസിംഗ് ഔട്ട് നടത്തും. ബൂട്ടണിഞ്ഞ് ഓൺലൈനിലൂടെ പരേഡ് പൂർത്തിയാക്കി 106 സബ് ഇൻസ്പെക്ടർമാർ നാളെ സേനയുടെ ഭാഗമാകും. മുഖ്യമന്ത്രി പിണറായി വിജയൻ പൊലീസ് അക്കാദമിയിൽ പരിശീലനം പൂർത്തിയാക്കിയ ഇവരുടെ സല്യൂട്ട് ഓൺലൈനിൽ സ്വീകരിക്കും.
രാജ്യത്ത് ആദ്യമാണ് ഓൺലൈനിൽ സബ് ഇൻസ്‌പെക്ടർ പാസിംഗ്ഔട്ട് പരേഡ് നടത്തുന്നത്. വിവിധ ബറ്റാലിയനുകളിലെ 2400 സിവിൽ പൊലീസ് റിക്രൂട്ടുകളുടെ പരിശീലനവും ഓൺലൈനിൽ നടത്തും. ഇതിനായി നാഷണൽ പൊലീസ് അക്കാദമി ഡയറക്ടർ അടങ്ങിയ സമിതി രൂപീകരിച്ചു. എസ്.ഐ ട്രെയിനികളെയും സിവിൽ പൊലീസ് ഓഫീസർ റിക്രൂട്ടുകളെയും ക്യാമ്പിൽനിന്ന് വീട്ടിലേക്ക് അയച്ചിരുന്നു. എസ്.ഐ ട്രെയിനികളെ അടുത്തുള്ള പൊലീസ് സ്‌റ്റേഷനിൽ അറ്റാച്ച് ചെയ്‌തു. പാസിംഗ്ഔട്ട് തീയതി അടുത്തതോടെ ഇവരെ പൊലീസ് അക്കാഡമിയിലേക്ക് മടക്കിവിളിച്ച് പരിശീലനം നൽകിത്തുടങ്ങി. കൊവിഡ് സുരക്ഷാമാനദണ്ഡം പാലിച്ചാണ് പരിശീലനം.
സിവിൽ പൊലീസ് ഓഫീസർമാർ ജനമൈത്രി പൊലീസിന്റെ ഭാഗമായി പ്രവർത്തിക്കുകയാണ്. ഇവർക്ക് ഇൻഡോർ പരിശീലനം ഓൺലൈനിൽ തുടങ്ങി. ഔട്ട്‌ഡോർ പരിശീലനം ഒരാഴ്‌ചയ്‌ക്കകം ആരംഭിക്കും. ഇതിനായി പ്രത്യേക മൊഡ്യൂൾ തയ്യാറാക്കാനാണ് വിദഗ്‌ദ്ധ സമിതിയെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. എ.ഡി.ജി.പി ട്രെയിനിംഗ്, വിവിധ സംസ്ഥാനങ്ങളിലെ ട്രെയിനിംഗ് മേധാവികൾ എന്നിവർ സമിതിയിലുണ്ട്. ആദ്യഘട്ട വെബ്‌നാർ കഴിഞ്ഞ ദിവസം നടത്തി.
2019 മെയ് 13നും ജൂലൈ അഞ്ചിനും രണ്ട് ബാച്ചായാണ് എസ്.ഐ പരിശീലനം ആരംഭിച്ചത്. ആദ്യബാച്ചിൽ 60 പേരും രണ്ടാം ബാച്ചിൽ 46 പേരുമുണ്ട്. ഇതിൽ 14 പേർ വനിതകളാണ്. അഞ്ച് മീറ്റർ അകലം പാലിച്ചാകും പരേഡെന്ന് ബെഹ്‌റ പറഞ്ഞു. റിക്രൂട്ടുകളുടെ പ്രതിജ്ഞ ഓൺലൈനിൽ മുഖ്യമന്ത്രി കേൾക്കും. തുടർന്ന് സന്ദേശം നൽകും.