മംഗളൂരു: കൊവിഡ് ബാധിച്ച് മരിച്ചയാളുടെ സംസ്കാരത്തിന് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ എം.എൽ. എ പങ്കെടുത്തത് വിവാദമായി. മംഗളൂരു എം.എൽ.എയും മുൻ ആരോഗ്യ മന്ത്രിയുമായ യു ടി ഖാദറാണ് പി.പി.ഇ കിറ്റ് പോലും ധരിക്കാതെ ചടങ്ങിൽ പങ്കെടുത്തത്.
കൊവിഡ് മൂലം മരിച്ച എഴുപതുകാരന്റെ സംസ്കാരം ബോളാർ ജുമാമസ്ജിദിൽ നടക്കുമ്പോഴാണ് ഖാദർ എത്തിയത്.മരിച്ചയാളുടെ അടുത്ത ബന്ധുക്കൾപോലും സംസ്കാരചടങ്ങിൽ പങ്കെടുക്കാതെ മാറി നിൽക്കുമ്പോഴായിരുന്നു എം.എൽ.എയുടെ ഈ നടപടി. എം.എൽ.എയെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ തടഞ്ഞില്ലെന്നും ആരോപണമുണ്ട്.
സംഭവം വിവാദമായതോടെ വിശദീകരണുവമായി എം.എൽ.എ രംഗത്തെത്തി. ജനങ്ങളുടെ ഭയം അകറ്റാനാണ് താൻ ശ്രമിച്ചതെന്നാണ് അദ്ദേഹം പറയുന്നത്. സംസ്കാര ചടങ്ങിൽ പങ്കെടുത്തത് കൊണ്ട് ആർക്കും കൊവിഡ് ബാധിക്കില്ല. പ്രിയപ്പെട്ടവരുടെ മരണാനന്തര ചടങ്ങിൽ അതുകൊണ്ട് എല്ലാവരും പങ്കെടുക്കണമെന്നാണ് അദ്ദേഹം പറയുന്നത്.