കൊച്ചി: സ്വന്തം നഗ്ന ശരീരത്തിൽ കുട്ടികളെ കൊണ്ട് ചിത്രം വരപ്പിക്കുകയും അത് സാമൂഹിക മാദ്ധ്യമങ്ങളിലുടെ പ്രചരിപ്പിക്കുകയും ചെയ്‌ത സംഭവത്തിൽ ബാലാവകാശ കമ്മിഷൻ നിർദ്ദേശ പ്രകാരം രഹ്ന ഫാത്തിമയെ അറസ്റ്റ് ചെയ്യാൻ പൊലീസ് കൊച്ചിയിലെ വീട്ടിലെത്തി. എന്നാൽ രഹ്ന സ്ഥലത്തില്ലെന്നും കോഴിക്കോട് ആണെന്നും ഭർത്താവ് മനോജ് പൊലീസിനോട് പറഞ്ഞു.
രഹനയുടെ മൊബൈലും കുട്ടികൾ ചിത്രം വരയ്ക്കാൻ ഉപയോഗിച്ച ബ്രഷും പൊലീസ് പിടിച്ചെടുത്തു. പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് മുമ്പിൽ നഗ്നതാപ്രദർശനം നടത്തിയതും അത് പകർത്തി സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതും കുറ്റകരമാണെന്ന് പരാതി ഉയർന്നതോടെയാണ് ബാലാവകാശ കമ്മിഷൻ നടപടി. അഭിഭാഷകൻ എ.വി അരുൺ പ്രകാശ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തിരുവല്ല പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തിരിക്കുന്നത്.
തന്റെ നഗ്ന ശരീരത്തിൽ മക്കൾ ചിത്രം വരയ്ക്കുന്നതിന്റെ വീഡിയോയാണ് രഹ്ന ഫാത്തിമ സാമൂഹ്യ മാദ്ധ്യമത്തിൽ പങ്കുവച്ചത്. ബോഡി ആന്റ് പൊളിറ്റിക്സ് എന്ന തലക്കെട്ടോടെയായിരുന്നു വീഡിയോ പോസ്റ്റ് ചെയ്തത്. വീഡിയോയെ അനുകൂലിച്ചും പ്രതികൂലിച്ചും ഒട്ടേറെ പേരാണ് രംഗത്തെത്തിയത്.