-containment-zone

തിരുവനന്തപുരം: കൊവിഡ് നിയന്ത്രണാതീതമാകുന്ന സാഹചര്യം കണക്കിലെടുത്ത് സംസ്ഥാനത്ത് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ ഇന്ന് മുതൽ കൂടുതൽ പൊലീസ് രംഗത്ത്. ടെക്നിക്കൽ രംഗത്തുള്ളവരുൾപ്പെടെ മുഴുവൻ പൊലീസുകാരും ഡ്യൂട്ടിക്ക് റിപ്പോർട്ടാകണമെന്ന സംസ്ഥാന പൊലീസ് മേധാവിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ കൂടുതൽ പൊലീസുകാർ രംഗത്തെത്തിയതോടെയാണ് നിയമലംഘനങ്ങൾക്കെതിരായ നടപടികൾ കടുപ്പിച്ചത്.

സ്റ്റേറ്റ് സ്‌പെഷ്യൽ ബ്രാഞ്ച് ഒഴികെയുളള എല്ലാ സ്‌പെഷ്യൽ യൂണിറ്റുകളിലെയും എസ്.പിമാർ ഉൾപ്പെടെയുളള 90 ശതമാനം ജീവനക്കാരുടെയും സേവനം ക്രമസമാധാന വിഭാഗം എ.ഡി.ജി.പിയ്ക്ക് ലഭ്യമാക്കികഴിഞ്ഞു. കൊവിഡ് കേസുകളുടെ അടിസ്ഥാനത്തിൽ കണ്ടെയ്ൻമെന്റ് സോണുകളായി നിർണയിക്കപ്പെടുന്ന മേഖലകളിൽ ഓരോ പ്രദേശത്തും രണ്ട് വീതം സി.ഐ മാരെയും എസ്.ഐമാരെയും നിയോഗിച്ച് കൊവിഡ് പ്രോട്ടോക്കോളും നിർദേശങ്ങളും കർ‌ശനമായി നടപ്പാക്കാനാണ് തീരുമാനം.

ഇതിനായി സംസ്ഥാനത്തെ എല്ലാ കണ്ടെയ്ൻമെന്റ് സോണുകളുടെയും ചുമതല സി.ഐ മാർക്ക് നൽകി. ഇവിടങ്ങളിൽ ഓരോ ജംഗ്ഷനുകളും തിരിച്ച് പിക്കറ്റ് പോസ്റ്റുകൾ ക്രമീകരിച്ച് മുഴുവൻസമയ കാവൽ ഏർപ്പെടുത്തി. കൂടാതെ മുഴുവൻ സമയ വാഹന പരിശോധന, ബൈക്ക് , ജീപ്പ് പട്രോളിംഗ്, ഫുട് പട്രോളിംഗ്, ഷാഡോ സംവിധാനം എന്നിവ ആരംഭിച്ചു. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരെ സദാ നിരീക്ഷിക്കാൻ പ്രത്യേക പൊലീസ് സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.

ക്വാറന്റൈൻ ലംഘിക്കുന്നവർക്കെതിരെ പക‌ർച്ചവ്യാധി പ്രതിരോധ നിയമപ്രകാരം നടപടികൈക്കൊള്ളും.കണ്ടെയ്ൻമെന്റ് സോണുകളിലെ വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തനം, പൊതുസ്ഥലങ്ങൾ, ആളുകൾ കൂട്ടംകൂടാനിടയുള്ള സ്ഥലങ്ങൾ എന്നിവയെല്ലാം ഇന്നുമുതൽ പൊലീസിന്റെ ക‌ർശന നിരീക്ഷണത്തിലാകും. അൺലോക്ക് വൺ ആരംഭിച്ചശേഷം രോഗവ്യാപനം വർദ്ധിച്ച സാഹചര്യത്തിലാണ് നടപടികൾ കടുപ്പിക്കാൻ തീരുമാനിച്ചത്.

വിദേശത്ത് നിന്നുള്ള ആളുകളുടെ മടങ്ങിവരവിന് അനുസരിച്ച് രോഗനിരക്കും സംസ്ഥാനത്ത് വർദ്ധിച്ച സാഹചര്യത്തിലാണ് കടുത്ത നടപടി. ആളുകൾ സാമൂഹ്യ അകലം പാലിക്കാതെയും മാസ്ക് ധരിക്കാതെയും കറങ്ങിനടക്കുകയും കൂട്ടം കൂടുകയും ചെയ്യുന്നത് കർശനമായി തടയാനാണ് പൊലീസിന് നിർദേശമുള്ളത്. ഇന്ന് മുതൽ റോഡുകളിലുടനീളം പരിശോധന തുടരും.കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും പരിശോധന. ഹെൽമറ്റ്, സീറ്റ് ബെൽറ്റ് ഉൾപ്പെടെ എല്ലാ നിയമലംഘനങ്ങളും പരിശോധനാവിധേയമാകും. മാസ്ക്ക് ധരിക്കാത്തവരിൽ നിന്ന് പിഴചുമത്തുകയോ അവർക്കെതിരെ കേസെടുക്കുകയോ ചെയ്യും.

കടകളിലും സ്ഥാപനങ്ങളിലും സാമൂഹ്യ അകലം പാലിക്കാത്തവരെ കൈയ്യോടെ പൊക്കും.കടയുടമയ്ക്കും സ്ഥാപന ഉടമയ്ക്കും എതിരെയും നിയമലംഘനത്തിന് നടപടിയുണ്ടാകും. പൊതുഗതാഗത സംവിധാനത്തിന്റെ കീഴിലുള്ള ബസ് സ‌ർവ്വീസുകൾ , ആട്ടോ - ടാക്സി വാഹനങ്ങൾ എന്നിവയിലെ യാത്രാ രീതിയും പരിശോധിക്കും. സർക്കാർ സ്ഥാപനങ്ങളിലുൾപ്പെടെ സന്ദ‌ർശകരുടെ വിവരങ്ങൾ രജിസ്റ്ററിൽ രേഖപ്പെടുത്തുന്നുണ്ടോയെന്ന് ഉറപ്പാക്കും.

ഇത് കൂടാതെ എല്ലാ സ്റ്റേഷനുകളിലും ആവശ്യത്തിന് പൊലീസിനെ വിന്യസിക്കുന്നതിനൊപ്പം സബ് ഡിവിഷൻ തലങ്ങളിൽ ഡിവൈ.എസ്.പി മാരുടെ കീഴിൽ പ്രത്യേക പട്രോളിംഗ്, മൊബൈൽ യൂണിറ്റുകളും കർമ്മനിരതരാകും. രാത്രി ഏഴിന് ശേഷം യാത്രചെയ്യുന്ന വാഹനങ്ങൾ പൂർണമായും പരിശോധനാ വിധേയമാക്കും. ക്വാറന്റൈൻ ലംഘിച്ചും നിയമവിരുദ്ധമായും യാത്രചെയ്യുന്നവർക്കെതിരെ കർശന നടപടികൈക്കൊളളും.

വിദേശത്തുനിന്ന് ധാരാളം മലയാളികൾ തിരിച്ചെത്തുന്ന സാഹചര്യത്തിൽ വിമാനത്താവളങ്ങളിൽ പ്രത്യേക ഐ.പി.എസ് ഓഫീസർമാർ ചുമതലയേറ്റു. സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങളിലെയും പൊതുവായ ചുമതല പരിശീലന വിഭാഗം ഐ.ജി തുമ്മല വിക്രമിനാണ്. തിരുവനന്തപുരം സിറ്റി പൊലീസ് ഡെപ്യൂട്ടി കമ്മീഷണർ ഡോ. ദിവ്യ.വി.ഗോപിനാഥ്, പൊലീസ് ആസ്ഥാനത്തെ അഡീഷണൽ എ.ഐ.ജി വൈഭവ് സക്സേന എന്നിവർക്ക് തിരുവനന്തപുരം വിമാനത്താവളത്തിന്റെയും ഇന്ത്യ റിസർവ് ബറ്റാലിയൻ കമാൻഡന്റ് നവനീത് ശർമ്മയ്ക്ക് കൊച്ചി വിമാനത്താവളത്തിന്റെയും ചുമതല നൽകി.

കോഴിക്കോട് വിമാനത്താവളത്തിന്റെ ചുമതല ഭീകര വിരുദ്ധസേന എസ്.പി ചൈത്ര തെരേസ ജോണിനാണ്. കണ്ണൂർ ജില്ലാ പൊലീസ് മേധാവി യതീഷ് ചന്ദ്ര.ജി.എച്ച്, വയനാട് സ്പെഷ്യൽ മൊബൈൽ സ്ക്വാഡ് എ.എസ്.പി ആനന്ദ്.ആർ എന്നിവർക്കാണ് കണ്ണൂർ വിമാനത്താവളത്തിന്റെ ചുമതല. അതാത് റേഞ്ച് ഡി.ഐ.ജിമാർക്ക് വിമാനത്താവളങ്ങളുടെ മേൽനോട്ട ചുമതലയും നൽകിയിട്ടുണ്ട്.