k-k-shailaja-

തിരുവവനന്തപുരം: ഏത് നിമിഷവും കൊവിഡ് സമൂഹവ്യാപനമുണ്ടായേക്കാമെന്ന മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി കെ.കെ ശെെലജ. തലസ്ഥാനം ഉൾപ്പെടെ ആറ് ജില്ലകളിൽ അതീവ ജാഗ്രത നിർദേശം പുറപ്പെടുവിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. മാനസിക ആരോഗ്യം മെച്ചപ്പെടുത്താൻ സെെക്കോ സോഷ്യൽ പദ്ധതിക്ക് രൂപം നൽകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവർ ജില്ലയിൽ കൂടുതലാണ്.അതിനാൽ മറ്റ് ജില്ലക്കളേക്കാൾ തിരുവനന്തപുരത്തിന് ശ്രദ്ധ ആവശ്യമാണെന്നും,​ വഞ്ചിയൂർ സ്വദേശിയുടെ മരണത്തില്‍ വീഴ്ച സംഭവിച്ചിട്ടില്ല എന്നാണ് മനസിലാക്കുന്നതെന്നും കെ.കെ ശെെലജ മാദ്ധ്യമങ്ങളോട് പറഞ്ഞു.

സംസ്ഥാനത്ത് കൊവിഡ് കേസുകൾ കൂടുമെന്ന് നേരത്തെ തന്നെ പ്രതീക്ഷിച്ചിരുന്നു. സമ്പർക്കം വഴിയുള്ള രോഗികൾ ഇപ്പോഴും 10 ശതമാനം മാത്രമാണ്. എന്നാല്‍, മറ്റ് പല സംസ്ഥാനങ്ങളിലും ഇത് 70 ശതമാനത്തോളമാണ്. കേരളം പ്രവാസികളെ ഇരുകയ്യും നീട്ടി സ്വീകരിക്കുന്നു. പക്ഷെ നിബന്ധനകൾ പൂർണമായും പാലിക്കണമെന്നും ഓരോ രോഗിക്കും പ്രത്യേക പരിഗണന നൽകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു

ഉറവിടമറിയാത്ത കൊവിഡ് കേസുകളും സമൂഹ വ്യാപന സാദ്ധ്യതയും കണക്കിലെടുത്ത് തലസ്ഥാന നഗരിയിൽ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ പരിശോധനകൾ കർശനമാക്കിയിരുന്നു. വ്യാപാര സ്ഥാപനങ്ങളിലും നിരത്തുകളിലും പൊലീസും ആരോഗ്യ വകുപ്പും പരിശോധന കടുപ്പിച്ചു. രോഗവ്യാപനം ഭയന്നുള്ള നിയന്ത്രണങ്ങൾ രണ്ടാം ദിവസത്തിലേക്ക് കടന്നതോടെ കടകളിലും റോഡുകളിലും ആളുകളുടെ തിരക്കിന് നേരിയ കുറവുണ്ടായിട്ടുണ്ട്.

മാർക്കറ്റുകൾ കേന്ദ്രീകരിച്ച് കൂട്ട പരിശോധന നടത്താനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. സാമൂഹിക അകലം, മാസ്കുപയോഗം തുടങ്ങിയ നിയന്ത്രണങ്ങൾ കാര്യമായി പാലിക്കാത്ത ഇടങ്ങളാണ് പല മാർക്കറ്റുകളുമെന്ന് വ്യക്തമായതിനാലാണ് ഇവിടങ്ങളിൽ പരിശോധന കൂടുതൽ നടത്താൻ അധികൃതർ തീരുമാനിച്ചത്.