വേൾഡ് റെസ്‌ലിംഗ് എന്റർടെയ്ൻമെന്റ് വേദിയിലെ ഇതിഹാസ താരം അണ്ടർടേക്കർ വിരമിച്ചു " കൊന്നുകുഴിച്ചിട്ടാലും അണ്ടർടേക്കർ അവിടെനിന്ന് എഴുന്നേറ്റുവരും. ഏഴുവട്ടം കൊന്നാലും ചാവൂല്ല. ഞങ്ങടെ അണ്ടർടേക്കറെ തൊട്ടുകളിക്കാൻ വരണ്ടാട്ടാ " കേരളത്തിൽ സാറ്റലൈറ്റ് ചാനലുകൾ സജീവമായ 90കളിൽ കുട്ടികളുടെ വിസ്മയലോകത്തേക്ക് കടന്നുവന്ന അതിമാനുഷിക കഥാപാത്രമായിരുന്നു ദ അണ്ടർടേക്കർ.പ്രേതത്തെപ്പോലെ തോന്നിപ്പിക്കുന്ന ചെമ്പൻ കണ്ണുകളും തൊപ്പിയും മുഖത്തിനിരുവശവുമായി നീണ്ടുകിടക്കുന്ന മുടിയിഴകളുമായി ബാല്യങ്ങളെ മാത്രമല്ല എല്ലാപ്രായക്കാരെയും തന്റെ ആരാധകരാക്കാൻ അണ്ടർടേക്കറിന് കഴിഞ്ഞിരുന്നു. ഇടിക്കൂട്ടിൽ സത്യത്തിൽ അടികൊള്ളുന്നുണ്ടോ കൊടുക്കുന്നുണ്ടോ എന്ന് ആലോചിച്ച് തലപുണ്ണാക്കാതെ കഥാനായകന്മാരുടെ ഇടിയുടെ പഞ്ചിനെപ്പറ്റി ഉൗറ്റം കൊള്ളാനായിരുന്നു ബാല്യങ്ങൾക്ക് കൗതുകം. തലമുറകൾ കടന്നുപോയിട്ടും അണ്ടർടേക്കർ ഇടി തുടർന്നുകൊണ്ടേയിരുന്നു.
ഒടുവിലിതാ മൂന്ന് പതിറ്റാണ്ടുകൾ നീണ്ട തന്റെ റെസ്‌ലിംഗ് ജീവിതം അവസാനിച്ചതായി അദ്ദേഹം പ്രഖ്യാപിച്ചിരിക്കുന്നു. അദ്ദേഹം കരിയർ അവസാനിപ്പിക്കുന്നതായി പലതവണ പ്രഖ്യാപിച്ചിട്ടുണ്ട്. അപ്പോഴൊക്കെ മരണത്തിൽ നിന്ന് തിരിച്ചുവരുന്നപോലെ വീണ്ടും റിംഗിൽ പ്രത്യക്ഷപ്പെടുകയും ചെയ്യും.അതുകൊണ്ടുതന്നെയാണല്ലോ ഡെഡ്മാൻ എന്ന് ആരാധകർ വിളിച്ചിരുന്നതും റിംഗിലേക്ക് ശവപ്പെട്ടിയിൽ പോലും വരികയും ചെയ്തത്.പക്ഷേ ഡബ്ല്യു.ഡബ്ല്യു.ഇ ഡോക്യുസിരീസിലെ അവസാന എപ്പിസോഡിൽ മാർക്ക് വില്ല്യം കാൽവെയെന്ന യഥാർത്ഥപേരിന് ഉടമയായ അണ്ടർടേക്കർ ഇനി റിംഗിലേക്ക് വരുന്നില്ലെന്ന് ഉറപ്പിച്ചു പറഞ്ഞു.കരിയറിലെ ഏറ്റവും ഉചിതമായ സമയത്താണ് താൻ നിറുത്തുന്നതെന്നും അണ്ടർടേക്കർപ്രതികരിച്ചു. കരിയറിന്റെ ഈ സമയത്ത് ഇനിയൊരിക്കൽക്കൂടി റിംഗിൽ ഇറങ്ങാന്‍ ആഗ്രഹിക്കുന്നില്ലെന്നും 55 കാരനായ അണ്ടർടേക്കർ വ്യക്തമാക്കി.ഈ വർഷം എ ജെ സ്‌റ്റൈൽസിനെതിരേ ആരാധകർ ഉറ്റുനോക്കിയ ബോണിയാർഡ് മത്സരം തന്റെ അവസാനത്തേതാണെന്നാണ് അണ്ടർടേക്കർ പ്രഖ്യാപിച്ചത്.
1990ലാണ് ദി അണ്ടർടേക്കർ എന്ന പേരിൽ മാർക്ക് വില്ല്യം കാൽവെ ഡബ്ല്യു.ഡബ്ല്യു.ഇയിൽ ചേർന്നത്. ആ സമയത്ത് വേൾഡ് റസ്‌ലിംഗ് ഫെഡറേഷൻ എന്നായിരുന്നു കമ്പനിയുടെ പേര്. ഇതേ വർഷം നവംബറിൽ അദ്ദേഹം ആദ്യ മത്സരത്തിൽ ഇറങ്ങി. കരിയറിന്റെ തുടക്കത്തിൽ തന്നെ ഡബ്ല്യു.ഡബ്ല്യു.ഇയിലെ സൂപ്പർ താര പദവിയിലേക്കുയരാൻ അണ്ടർടേക്കർക്കു സാധിച്ചു. ഡബ്ല്യു.ഡബ്ല്യു.ഇയിലെ എക്കാലത്തെയും വലിയ സൂപ്പർ താരങ്ങളുടെ നിരയിലെത്തിയാണ് അണ്ടർടേക്കറുടെ വിരമിക്കൽ. റെസിൽമാനിയയിൽ തുടർച്ചയായി 21 വർഷം പരാജയമറിയാതെ മുന്നേറിയിട്ടുണ്ട് അണ്ടർടേക്കർ. റെസിൽമാനിയ 30ലാണ് അദ്ദേഹത്തിന്റെ അപരാജിത കുതിപ്പ് അവസാനിച്ചത്. അന്നു ബ്രോക്ക് ലെസ്‌നർ അണ്ടർടേക്കറിനെ ഇടിച്ചിടുകയായിരുന്നു. റെസിൽമാനിയ 33ൽ റോമൻ റെയ്‌ൻസിനോടും തോൽവി നേരിട്ടു. റെസിൽമാനിയ 35ൽ മത്സരിക്കാന്‍ കഴിഞ്ഞില്ലെങ്കിലും തൊട്ടടുത്ത സീസണിൽ അണ്ടർടേക്കർ റിംഗിൽ തിരിച്ചെത്തി.ഏഴു തവണ ലോക ചാംപ്യനായിട്ടുള്ള അണ്ടർടേക്കർ ആറു തവണ ടാഗ് ടീമിനൊപ്പം കിരീടവിജയവും നേടി. ഒരു തവണ റോയൽ റംബിൾവിന്നറായും (2007) 12 തവണ സ്ലാമി അവാർഡ് ജേതാവായും തിരഞ്ഞെടുക്കപ്പെട്ടു. റസ്‌ലിംഗ് ആരാധകരുടെ വിശ്വാസങ്ങളിലൊന്നായിരുന്നു സൂപ്പർതാരങ്ങളായ അണ്ടർടേക്കറും കെയിനും സഹോദരങ്ങളാണെന്നത്. എതിരാളികളെ ഇടിച്ചിട്ട് പേടിപ്പെടുത്തുന്ന ഗിമ്മിക്സുകളുമായി വരുന്ന ഇരുവരും ബ്രദേർസ് ഓഫ് ഡിസ്ട്രക്ഷൻ എന്ന പേരിൽ റിംഗിലെത്തുമ്പോൾ ഇൗ ചേട്ടനനിയൻമാർ ഭീകരന്മാരാണല്ലോ എന്ന് കരുതാത്തവരില്ല. കെയിനിന്റെ മുഖത്തെ പാടുകൾ അണ്ടർടേക്കർ ആസിഡ് ഒഴിച്ചതാണെന്നും ആളുകൾ വിശ്വസിച്ചിരുന്നു. സത്യത്തിൽ ആ വിശ്വസിപ്പിക്കലുകളായിരുന്നല്ലോ റെസിൽമാനിയയുടെ വിജയവും. അടുത്തിടെ അധോലോക ഭീകരൻ ദാവൂദ് ഇബ്രാഹിം മരിച്ചെന്ന് വാർത്ത പരന്നപ്പോൾ അതിനൊപ്പം പ്രചരിച്ച ഒരു തമാശയുണ്ട്. ദാവൂദ് അണ്ടർടേക്കറെപ്പോലെയാണ്, ചത്താലും തിരിച്ചുവരുമെന്ന്. അതുകൊണ്ടുതന്നെ അണ്ടർടേക്കർ ഇനി വരില്ലെന്ന് തീർത്തും വിശ്വസിക്കേണ്ട. ശവപ്പെട്ടിക്കുള്ളിൽ നിന്ന് അലറിവിളിച്ച് ഡെഡ്മാൻ വീണ്ടും കടന്നുവന്നേക്കാം; എതിരാളികളെ ചുഴറ്റിയെറിയാൻ...
എനിക്കിനികാര്യമായി ഒന്നും തെളിയിക്കാനില്ല. ഒന്നും നേടാനും. പുതിയ ആൾക്കാർ വരട്ടെ. വിരമിക്കാനെടുത്ത ഈ സമയം ഉചിതമാണ്. സ്റ്റൈൽസിനെതിരെ നടത്തിയ മത്സരം കരിയർ അവസാനിപ്പിക്കാൻ പെർഫക്ടായിരുന്നു. - അണ്ടർടേക്കർ