cbse

ന്യൂഡൽഹി: സി.ബി.എസ്.ഇ പരീക്ഷകൾ റദ്ദാക്കി. അടുത്ത മാസം നടത്താനിരുന്ന പത്താം ക്ലാസ്-പ്ലസ്ടു ക്ലാസുകളിലെ പരീക്ഷകളാണ് റദ്ദാക്കിയത്. സുപ്രീം കോടതിയിലാണ് കേന്ദ്ര സർക്കാർ ഇക്കാര്യം അറിയിച്ചത്. പരീക്ഷകൾ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഒരുവിഭാഗം രക്ഷിതാക്കൾ സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. ഇതിനിടയിലാണ് പരീക്ഷ റദ്ദാക്കാനുള്ള തീരുമാനം സി.ബി.എസ്.ഇ കോടതിയെ അറിയിച്ചത്. സാഹചര്യം മെച്ചപ്പെട്ടാൽ പിന്നീട് പരീക്ഷ നടത്തും.

സി.ബി.എസ്.ഇയുടെ മറുപടിയിൽ വ്യക്തത പോരെന്ന് അഭിപ്രായപ്പെട്ട കോടതി, ആശയക്കുഴപ്പം പാടില്ലെന്നും അറിയിച്ചു. ജസ്റ്റിസ് എ.എം ഖാൻവിൽക്കർ അദ്ധ്യക്ഷനായ മൂന്നംഗ ബെ‍ഞ്ചാണ് വാദം കേട്ടത്. മാർച്ച് 19 മുതൽ 31 വരെ നടക്കേണ്ടിയിരുന്ന സി.ബി.എസ്.ഇ പരീക്ഷകൾ ലോക്ഡൗണിനെ തുടർന്നാണ് ജൂലായ് ആദ്യവാരത്തിലേക്കു മാറ്റിവച്ചത്.

മഹാരാഷ്ട്ര, ഡൽഹി, ഒഡീഷ സംസ്ഥാനങ്ങൾ പരീക്ഷ നടത്താനാവില്ലെന്ന് നേരത്തെ നിലപാടെടുത്തിരുന്നു. ജൂലായ് ഒന്ന് മുതൽ 12 വരെ പരീക്ഷ നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ കൊവിഡ് ബാധിതരുടെ എണ്ണം വൻതോതിൽ വർദ്ധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം.