മസ്‌ക്കറ്റ്: നാട്ടിലെത്താൻ ഒമാനിൽ നിന്നും കൂടുതൽ വന്ദേ ഭാരത് വിമാന സർവീസുകൾ വേണമെന്ന് ഇന്ത്യൻ പ്രവാസികൾ.ഇന്നലെ ഒമാനിൽ നിന്നും 13 വിമാനങ്ങളിലായി 2500 ഓളം പ്രവാസികൾ കേരളത്തിലേക്ക് മടങ്ങിയിയിരുന്നു. വന്ദേ ഭാരത് മിഷന്റെ ഒരു വിമാനത്തിന് പുറമെ 12 ചാർട്ടേർഡ് വിമാനങ്ങളാണ് ഇന്നലെ കേരളത്തിലേക്ക് പ്രാവാസികളുമായി മടങ്ങിയത്. തൊഴിലും താമസസ്ഥലവും ആഹാരവുമില്ലാതെ ആയിരക്കണക്കിന് പ്രവാസികളാണ് ഒമാനിൽ കുടുങ്ങി കിടക്കുന്നത്. ധാരാളം പേർ നേരിട്ട് വിമാനത്താവളത്തിലെത്തി നാട്ടിലേക്ക് മടങ്ങുവാനുള്ള അവസരത്തിനായി കാത്ത് നിൽക്കുകയാണെന്ന് സാമൂഹ്യ പ്രവർത്തകർ അറിയിച്ചു.
എംബസിയിൽ രജിസ്റ്റർ ചെയ്തിട്ടും നാട്ടിലേക്ക് മടങ്ങാനുള്ള ഫോൺ സന്ദേശം ലഭിക്കുന്നില്ല എന്നതാണ് പ്രധാന പ്രശ്നം. എംബസിയിലോ രാഷ്ട്രീയ സംഘടനകളിലോ, മത കൂട്ടയ്മകളിലോ സ്വാധീനമില്ലാത്തതിനാൽ ഇവരുടെ യാത്ര വൈകുകയാണ്. ഈ സാഹചര്യത്തിൽ വന്ദേ ഭാരത് ദൗത്യത്തിൽ കൂടുതൽ സർവീസുകൾ ഉൾപെടുത്തണമെന്നാണ് ഒമാനിലെ ഇന്ത്യൻ സമൂഹം ആവശ്യപ്പെടുന്നത്. വന്ദേ ഭാരത് ദൗത്യത്തിൽ കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കായ 75 റിയാൽ പോലും വളരെ കൂടുതലാണെന്നിരിക്കെ ചാർട്ടേർഡ് വിമാനങ്ങളുടെ ടിക്കറ്റ് നിരക്ക് 100 മുതൽ 120 റിയൽ വരെയാണെന്നതാണ് പ്രധാന പ്രശ്നം.
വന്ദേ ഭാരത് ദൗത്യത്തിന് കീഴിൽ 27 വിമാനങ്ങളാണ് കേരളത്തിലേക്ക് സർവീസ് നടത്തിയത്. നോർക്ക റൂട്ട്സിന്റെ കണക്കുകൾ പ്രകാരം 33,752 പ്രവാസികളാണ് കേരളത്തിലേക്ക് മടങ്ങി വരാനായി രജിസ്റ്റർ ചെയ്തിരുന്നത്. ജൂൺ 21 വരെ കേരളത്തിലേക്ക് മടങ്ങിയത് 6421 പേരാണ്.