
വാഷിംഗ്ടൺ: ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം 95 ലക്ഷമായി. അമേരിക്കയിൽ 39,000 പേർക്കും ബ്രസീലിൽ 42,700 പേർക്കും ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചു. അമേരിക്കയിൽ ടെക്സാസ്, കാലിഫോർണിയ, ഫ്ലോറിഡ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചതോടെ അമേരിക്കയിൽ കൊവിഡ് വീണ്ടും ശക്തി പ്രാപിക്കുകയാണ്. രോഗികൾ - 24 ലക്ഷത്തിലധികം. ആകെ മരണം - 1.24 ലക്ഷം.
ബ്രസീലിൽ ഇന്നലെ 1,100 പേർ മരിച്ചു. ആകെ മരണം - 53,874. രോഗികൾ - 11 ലക്ഷത്തിലധികം. മെക്സിക്കോയിൽ ബുധനാഴ്ച മാത്രം കൊവിഡ് ബാധിച്ച് 947 പേർ മരിച്ചു. കൊവിഡ് വ്യാപനത്തിന് ശേഷം ഒരു ദിവസം രേഖപ്പെടുത്തുന്ന രണ്ടാമത്തെ ഉയർന്ന മരണസംഖ്യയാണിത്. നേരത്തെ ജൂൺ മൂന്നിന് 1,092 പേർ മരിച്ചതാണ് ഒരു ദിവസത്തെ ഏറ്റവും ഉയർന്ന മരണ സംഖ്യ. രോഗികൾ രണ്ട് ലക്ഷത്തിലേക്ക് അടുക്കുകയാണ്. ആകെ മരണം - 24,324.
ലോകത്ത് മരണം - 4.85 ലക്ഷം
ഭേദമായവർ - 51 ലക്ഷം
വാക്സിൻ പരീക്ഷണം
ലണ്ടനിലെ ഇംപീരിയൽ കോളേജ് മനുഷ്യരിൽ കൊവിഡ് വാക്സിൻ പരീക്ഷണം നടത്തി. വാക്സിൻ പരീക്ഷിച്ച പലരിലും പ്രതിരോധ ശേഷി വർദ്ധിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഏകദേശം, 300 ഓളം പേരാണ് വാക്സിൻ പരീക്ഷണത്തിന് തയ്യാറായി വന്നിട്ടുള്ളത്. ഓക്സ്ഫോർഡ് സർവകലാശാലയും പരീക്ഷണത്തിന്റെ അവസാന ഘട്ടത്തിലാണ്.
ആസ്ട്രേലിയയിൽ രണ്ടാം ഘട്ട വ്യാപനം ആരംഭിച്ചു. ഇന്നലെ മാത്രം 28 കേസുകൾ റിപ്പോർട്ട് ചെയ്തു.
കൊവിഡ് വീണ്ടും വർദ്ധിക്കുന്ന സാഹചര്യത്തിൽ വിക്റ്റോറിയയുടെ തലസ്ഥാനമായ മെൽബണിലേക്ക് 1000 ട്രൂപ്പ് സേനയെ അയച്ചിട്ടുണ്ട്. വിക്റ്റോറിയയിൽ ഒമ്പത് ദിവസംകൊണ്ട് 150 പേരാണ് രോഗബാധിതരായത്. ഈ സാഹചര്യത്തിലാണ് സൈന്യത്തെ വിന്യസിക്കാൻ സർക്കാർ തീരുമാനിച്ചത്. വിദേശത്ത് നിന്ന് വരുന്നരുടെ പരിശോധ, ക്വാറന്റൈൻ, വൈദ്യ സഹായങ്ങൾ എന്നിവ സൈന്യം നൽകും.
ചൈനയിൽ ഇന്നലെ 19 പേർക്ക് കൊവിഡ്. ഇതിൽ 13 കേസുകളും തലസ്ഥാനമായ ബീജിംഗിലാണ്. പ്രതിദിനം മൂന്ന് ലക്ഷത്തിലേറെ ടെസ്റ്റുകളാണ് ബീജിംഗിൽ നടത്തുന്നത്.
റഷ്യയിൽ ഇന്നലെ 7,113 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആകെ മരണം - 8,605. രോഗികൾ - ആറ് ലക്ഷത്തിലധികം.
കൊവിഡ് രോഗികയുമായി സമ്പർക്കം പുലർത്തിയത് മൂലം സെനഗൽ പ്രസിഡന്റ് മാക്കി സാൽ ക്വാറന്റൈനിൽ.
പാകിസ്ഥാനിൽ കൊവിഡിന് നേരിയ ശമനം.