pic

തിരുവനന്തപുരം: കൊവിഡ് നിബന്ധനകൾ പാലിച്ച്‌ ദീർഘദൂര യാത്രക്കാരുടെ ആവശ്യാർത്ഥം തിരുവനന്തപുരത്ത് നിന്ന് തൃശൂർ വരെ കെ.എസ്.ആർ.ടി.സി നാളെ മുതൽ “റിലേ സർവീസുകൾ’ ആരംഭിക്കും. അന്തർ ജില്ലാ യാത്രക്കാരുടെ ആവശ്യപ്രകാരമാണ്‌ പുതിയ സർവീസ്‌. ഓരോ മണിക്കൂർ ഇടവിട്ട് തിരുവനന്തപുരത്ത് നിന്ന് തൃശൂരിലേക്കും തിരിച്ചുമാണ് സർവീസ്. കൊല്ലം, ആലപ്പുഴ, എറണാകുളം എന്നീ ബസ് സ്റ്റേഷനുകളിൽ യാത്രക്കാർക്ക് മാറിക്കയറി യാത്ര തുടരാവുന്ന വിധത്തിലാണ് സർവീസുകളുടെ ക്രമീകരണം.

തൃശൂരിലേക്ക്‌ നേരിട്ട്‌ ബസില്ല. തിരുവനന്തപുരത്ത് നിന്ന്‌ പുറപ്പെടുന്ന ബസ്‌ കൊല്ലത്ത്‌ എത്തിയാൽ ആലപ്പുഴയിലേക്ക്‌ മറ്റൊരു ബസ്‌ തയ്യാറായി നിൽക്കുന്നുണ്ടാകും.ആദ്യ ബസിലെ അതേ നമ്പരിലുള്ള
സീറ്റും ഉറപ്പായിരിക്കും. ഇപ്രകാരം കൊല്ലം, ആലപ്പുഴ, എറണാകുളം എന്നീ ബസ് സ്റ്റേഷനുകളിൽനിന്ന് യാത്രക്കാർ മാറിക്കയറി യാത്ര തുടരുന്ന വിധത്തിലാണ് സർവീസ്‌. രാത്രി ഒമ്പതോടെ സർവീസ് അവസാനിപ്പിക്കണം എന്ന നിബന്ധന ഉള്ളതിനാൽ ഉച്ചവരെയുള്ള സർവീസുകൾ തൃശൂർവരെയും തുടർന്നുള്ള ട്രിപ്പുകൾ എറണാകുളം, ആലപ്പുഴ, കൊല്ലം എന്നിവിടങ്ങളിൽ അവസാനിപ്പിക്കുന്ന വിധത്തിലുമായിരിക്കും.

തലസ്ഥാന നഗരിയിൽ സ്ഥിരം യാത്രക്കാരെ ലക്ഷ്യമാക്കിയുളള നോൺസ്റ്റോപ്പ് സർവീസുകൾക്ക് വരുന്ന ആഴ്ച തുടക്കമാകും. സെക്രട്ടേറിയറ്റ്, പബ്ലിക് ഓഫീസ്, ജലഭവൻ, എജീസ് ഓഫീസ്, പി.എസ്‌.സി ഓഫീസ്, വികാസ് ഭവൻ, നിയമസഭാ മന്ദിരം, മെഡിക്കൽ കോളേജ്, ശ്രീചിത്ര, എസ്‌.എ.ടി ആശുപത്രി, ആർ.സി.സി എന്നിവിടങ്ങളിലേക്ക് സ്ഥിരമായി യാത്രചെയ്യുന്ന ജീവനക്കാരായ ഇരുചക്രവാഹനക്കാരെ ലക്ഷ്യമിട്ടാണ്‌ നോൺ സ്റ്റോപ്‌ സർവീസുകൾ.

യാത്രക്കാരുടെ വാഹനങ്ങൾ സൂക്ഷിക്കാൻ ബസ് സ്റ്റേഷനുകളിൽ പ്രത്യേക സൗകര്യമുണ്ടാകും. അവരവരുടെ ഓഫീസിന് മുന്നിൽ ഇറക്കുകയും കയറ്റുകയും ചെയ്യും. സീറ്റും മുൻകൂട്ടി ഉറപ്പാക്കാം. രാവിലെയും വൈകിട്ടുമുള്ള രണ്ട്‌ യാത്രക്ക്‌ 100 രൂപയാണ്. അഞ്ച്‌,10, 15, 20, 25 ദിവസങ്ങളിലേക്ക്‌ സീസൺ ടിക്കറ്റുകളുമുണ്ട്‌. അഞ്ച്‌ ദിവസം -500 രൂപയാണ് . ദിവസങ്ങൾ വർദ്ധിക്കുന്നതനുസരിച്ചുള്ള നിരക്ക് ദിവസം, നിരക്ക് എന്ന ക്രമത്തിൽ. 10 ‐ 950 രൂപ, 15 ‐ 1400 രൂപ, 20 ‐ 1800 രൂപ, 25 ‐ 2200 രൂപ. യാത്രക്കാർക്ക്‌ അപകട സമൂഹ ഇൻഷുറൻസും ലഭ്യമാക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 8129562972, - 9447071021,- 0471 2463799 നമ്പറുകളിൽ ബന്ധപ്പെടാം.