angela-madsen

ലോസ്ആഞ്ചലസ് : പസഫിക് സമുദ്രം ഒറ്റയ്ക്ക് മറികടക്കാനുള്ള ചരിത്രയാത്ര ആരംഭിച്ച അമേരിക്കൻ പാരാലിംപിക് താരത്തിന് ദാരുണാന്ത്യം. മുൻ യു.എസ് മറൈൻ ഉദ്യോഗസ്ഥയും പാരലിംപിക്സ് മെഡൽ ജേതാവുമായ 60 കാരി ഏഞ്ചല മാഡ്സനാണ് മരിച്ചത്. കാലിഫോർണിയയിലെ മറീന ഡെൽ റേയിൽ നിന്നും ഹോണോലുലു ലക്ഷ്യമാക്കി 20 അടി നീളമുള്ള വഞ്ചിയിൽ ഏപ്രിലിലാണ് ഏഞ്ചല തന്റെ യാത്ര ആരംഭിച്ചത്. യാത്ര പൂർത്തിയാക്കിയിരുന്നുവെങ്കിൽ പസഫിക് സമുദ്രം താണ്ടുന്ന അരയ്ക്ക് താഴേക്ക് ശരീരം തളർന്ന ആദ്യ വ്യക്തിയും ഏറ്റവും പ്രായം കൂടിയ വനിത എന്ന റെക്കോർഡും ഏഞ്ചല നേടിയെനെ.

നാല് മാസങ്ങൾക്കുള്ളിൽ ഹവായി തീരത്ത് എത്തുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാൽ യാത്രാ മദ്ധ്യ ഏഞ്ചലയിൽ നിന്നുള്ള സന്ദേശങ്ങൾ ലഭിക്കാതെയായി. പിന്നീട് കോസ്റ്റ് ഗാർഡ് നടത്തിയ തിരച്ചിലിൽ ഏഞ്ചല സഞ്ചരിച്ചിരുന്ന വഞ്ചിയും അടുത്ത് തന്നെ കടലിൽ ഏഞ്ചലയുടെ മൃതദേഹവും കണ്ടെത്തുകയായിരുന്നു. 1993ൽ നട്ടെല്ലിന് പരിക്കേതിനെ തുടർന്ന് നടത്തിയ ശസ്ത്രക്രിയയിലുണ്ടായ അപാകതയെ തുടർന്നാണ് ഏഞ്ചലയുടെ ശരീരം തളർന്നു പോയത്. എന്നാൽ നാല് വർഷങ്ങൾക്ക് ശേഷം പാരാംലിംപിക്സിലേക്ക് തിരിയുകയായിരുന്നു. തുഴച്ചിലിലും ഷോട്ട്പുട്ടിലും സ്വർണ, വെങ്കല മെഡൽ ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.