വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപ് കനത്ത പരാജയം നേരിടുമെന്ന് മുൻ യു.എസ് പ്രസിഡന്റ് ബറാക് ഒബാമ. രാജ്യത്തെ നിലവിലെ പ്രശ്നങ്ങൾ പരിഹരിക്കാനും രാജ്യത്തെ സാധാരണ നിലയിലേക്ക് എത്തിക്കാനും ജോ ബൈഡനെക്കാൾ മറ്റൊരാൾക്കും സാധിക്കില്ലെന്നും ഒബാമ പറഞ്ഞു. കുത്തഴിഞ്ഞ ഭരണത്തിനെതിരെ യുവതലമുറയ്ക്കിടയിൽ വലിയൊരു ഉണർവ്വാണ് ഉണ്ടായത്. അത് ഉണ്ടാക്കുന്ന ശുഭാപ്തി വിശ്വാസം വളരെ വലുതാണ് -ഒബാമ വ്യക്തമാക്കി. അതേ സമയം, അമേരിക്കയിൽ രാഷ്ട്രീയ മാറ്റം ആവശ്യമാണെന്ന് ബൈഡനും അഭിപ്രായപ്പെട്ടു. ലോകനേതാക്കൾക്ക് ട്രംപിനോട് അതൃപ്തിയുള്ളതായും അദ്ദേഹം കുറ്റപ്പെടുത്തി.
ആശങ്കയിൽ റിപ്പബ്ലിക്കൻസ്
ജനങ്ങളെ സാംസ്കാരികമായി ഭിന്നിപ്പിച്ചും, തുടരെതുടരെ വംശീയ പരാമർശങ്ങൾ നടത്തിയും, പ്രതിപക്ഷത്തെ കടന്നാക്രമിച്ചും മുന്നോട്ടുപോകുന്ന ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ തന്ത്രം റിപ്പബ്ലിക്കന്മാർക്കിടയിലും അവരുടെ സഖ്യകക്ഷികൾക്കിടയിലും ആശങ്ക ഉയർത്തുന്നതായി റിപ്പോർട്ടുകൾ. അടുത്ത കാലത്തായി ട്രംപിന്റെ ജനപ്രീതി കുത്തനെ കുറഞ്ഞതും, പ്രീ പോൾ ഫലങ്ങളിലെല്ലാം പിറകിൽ പോയതും, ഈ തിരഞ്ഞെടുപ്പ് വർഷത്തിൽ അമേരിക്ക നേരിട്ടുകൊണ്ടിരിക്കുന്ന ഇരട്ട പ്രതിസന്ധിയെ വേണ്ടവിധം കൈകാര്യം ചെയ്യുന്നതിൽ പരാജയപ്പെടുന്നതുമെല്ലാം റിപ്പബ്ലിക്കന്മാർക്കിടയിൽതന്നെ ആശങ്ക വർദ്ധിപ്പിക്കുകയാണ്. ട്രംപ് തന്റെ പ്രവർത്തന രീതി എത്രയും പെട്ടെന്ന് മാറ്റിയില്ലെങ്കിൽ തിരിച്ചടി നേരിടേണ്ടി വരുമെന്ന് നിരവധി മുൻ റിപ്പബ്ലിക്കൻമാർതന്നെ മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തിയെന്നാണ് സൂചനകൾ.