karnatakahc

ബംഗളൂരു: ലൈംഗിക പീഡനത്തിനിരയാക്കപ്പെട്ട ശേഷം ഒരു ഇന്ത്യൻ സ്ത്രീക്ക് ഉറങ്ങാൻ കഴിയില്ലെന്ന് കർണാടക ഹൈക്കോടതി. കൃത്യം നടന്ന ശേഷം ക്ഷീണിതയായി ഉറങ്ങിപ്പോയെന്ന യുവതിയുടെ വിശദീകരണത്തിലാണ് കർണാടക ഹൈക്കോടതിയുടെ വിവാദമായ മറുപടി. ബലാത്സംഗത്തിന് ശേഷം ഉറങ്ങുന്നത് ഇന്ത്യൻ സ്ത്രീക്ക് യോജിച്ച രീതിയല്ല. തനിക്കെതിരെ ബലപ്രയോഗം നടന്ന ശേഷം ഇങ്ങനെയല്ല ഇന്ത്യൻ സ്ത്രീകൾ പ്രതികരിക്കുക എന്നായിരുന്നു ഹർജി പരിഗണിച്ച ജസ്റ്റിസ് കൃഷ്ണ എസ് ദീക്ഷിതിന്റെ വാക്കുകൾ.സ്ഥാപനം ഉടമ വിവാഹ വാഗ്ദാനം നൽകി ബലാത്സംഗം ചെയ്തു എന്നാണ് യുവതിയുടെ പരാതി.

സ്ഥാപന ഉടമയ്ക്കെതിരെ യുവതി നൽകിയ ഹർജി പരിഗണിച്ചപ്പോഴായിരുന്നു കോടതിയുടെ ഭാഗത്ത് നിന്ന് ഇത്തരത്തിൽ പ്രതികരണമുണ്ടായത്.

ബലാത്സംഗം നടന്ന ദിവസം രാത്രി പതിനൊന്ന് മണിക്ക് എന്തിനാണ് പ്രതിയുടെ ഓഫീസിൽ പോയത് എന്ന് വിശദീകരിക്കാൻ യുവതിക്ക് കഴിഞ്ഞിട്ടില്ല അതിന് ശേഷം പ്രതിക്കൊപ്പം ഇന്ദ്രപ്രസ്ഥ ഹോട്ടലിൽ പോയി അത്താഴം കഴിച്ചു. തുടർന്ന് മദ്യപിച്ച പ്രതിക്കൊപ്പം കാറിലാണ്‌ യുവതി സഞ്ചരിച്ചത്. ആ സമയത്ത് ഒന്നും പ്രതിയുടെ സ്വഭാവത്തോടുള്ള എതിർപ്പ് യുവതി രേഖപ്പെടുത്തിയില്ലയെന്നും കോടതി നിരീക്ഷിച്ചു.

ഹോട്ടലിൽ പ്രതി മദ്യപിക്കുന്നതിനെയും യുവതി എതിർത്തിട്ടില്ല. പുലർച്ചെ വരെ തനിക്ക് ഒപ്പം കഴിയാനും അനുവദിച്ചു. ബലാത്സംഗം ആണ് നടന്നതെങ്കിൽ സ്ത്രീ ഇങ്ങനെ അല്ല പ്രതികരിക്കുക എന്നും പ്രതിക്ക് ജാമ്യം നൽകിക്കൊണ്ടുള്ള ഉത്തരവിൽ ഹൈക്കോടതി വ്യക്തമാക്കുന്നു.

ഒരു ലക്ഷം രൂപയുടെ വ്യക്തിഗത ബോണ്ടിൽ ആണ് പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചത്.താൻ അപായത്തിൽപെട്ടിരിക്കുക ആണെന്ന് പൊതു ജനങ്ങളെയോ പൊലീസിനെയോ അറിയിക്കാൻ ഉള്ള ശ്രമമൊന്നും യുവതിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്നും ഹർജി പരിഗണിക്കവേ ഹൈക്കോടതി പറഞ്ഞു.