fair

ലണ്ടൻ: യൂണിലിവറിന്റെ ഇന്ത്യൻ കമ്പനിയായ ഹിന്ദുസ്ഥാൻ യൂണിലിവറിന്റെ 'ഫെയർ ആൻഡ് ലവ്‌ലി' ഉത്പന്നങ്ങളിലെ 'ഫെയർ' എന്ന വാക്ക് ഇനി ഉപയോഗിക്കില്ലെന്ന് കമ്പനി. റഗുലേറ്ററി അതോറിറ്റിയുടെ അംഗീകാരത്തിന് ശേഷമേ പുതിയ പേര് പ്രഖ്യാപിക്കൂ. ഇരുണ്ട തൊലിനിറമുള്ളവരെ നെഗറ്റീവായി ചിത്രീകരിക്കുന്നതിനെ വൻ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണത്.

അമേരിക്കയിൽ ആരംഭിച്ച വർണവിവേചനത്തിനെതിരായ 'ബ്ളാക്ക് ലൈവ്സ് മാറ്റർ' പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ, തൊലി നിറം വെളുപ്പിക്കാൻ സഹായിക്കുന്നുവെന്ന് അവകാശ വാദം ഉന്നയിക്കുന്ന കോസ്‌മെറ്റിക് ഉത്പന്നങ്ങൾക്കെതിരെ സാമൂഹ്യമാദ്ധ്യമങ്ങളിലും മറ്റും വലിയ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു.

ഇതിന്റെ പശ്ചാത്തലത്തിലാണ് കമ്പനിയുടെ പുനരാലോചന.

കമ്പനിയുടെ ഫെയർനെസ് ഉത്പന്നങ്ങൾക്ക് ദക്ഷിണേഷ്യയിലാണ് കൂടുതലും ഉപഭോക്താക്കളുള്ളത്.

വാക്കുകളുടെ ഉപയോഗത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാനാണ് കമ്പനി ആലോചിക്കുന്നത്. സ്‌കിൻ ലൈറ്റനിംഗ്, സ്‌കിൻ വൈറ്റ്നിംഗ് എന്നീ വാക്കുകൾക്ക്‌ പകരം സ്‌കിൻ റജുവിനേഷൻ, സ്‌കിൻ വൈറ്റാലിറ്റി എന്ന വാക്കുകൾ ഉത്പന്നത്തിന്റെ ഗുണഗണങ്ങളിൽ ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള ആലോചനകൾ കമ്പനിയിൽ നടക്കുന്നുണ്ട്.

ഹിന്ദുസ്ഥാൻ യൂണിലിവറിന്റെ തൊലിനിറത്തെക്കുറിച്ച്‌ പരാമർശിക്കുന്ന ഉത്പന്നങ്ങൾക്കെതിരേ നേരത്തെ ജനരോഷമുയർന്നതാണ്. എന്നാൽ അടുത്ത കാലത്തായി അമേരിക്കയിൽ കറുത്ത വർഗക്കാർക്ക് നേരെയുണ്ടായ പൊലീസ് വെടിവെപ്പും മറ്റും വിഷയം വീണ്ടും സജീവമാക്കി.

തൊലിവെളുപ്പിക്കുമെന്ന് അവകാശപ്പെടുന്ന ക്രീമുകളുടെ വിൽപ്പന ഈ മാസത്തോടെ നിറുത്തുമെന്ന് ജോൺസൺ ആൻഡ് ജോൺസൺ കമ്പനിയും അറിയിച്ചിട്ടുണ്ട്.

ലോറിയൽ കമ്പനിയും ഇക്കാര്യം പരിഗണിക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു.