കൊച്ചി: ഉപഭോക്താക്കൾക്ക് ഒട്ടേറെ ആകർഷക ആനുകൂല്യങ്ങളുമായി മാരുതി സുസുക്കി ലോയൽറ്റി റിവാർഡ്സ് പ്രോഗ്രാം അവതരിപ്പിച്ചു. അറീന, നെക്‌സ, ട്രൂവാല്യൂ ഔട്ട്‌ലെറ്റുകളിലെ പാസഞ്ചർ വാഹന ഉപഭോക്താക്കൾക്ക് പുതിയ കാർ വാങ്ങൽ, സർവീസ്, മാരുതി ഇൻഷ്വറൻസ്, ആക്‌സസറികൾ, കസ്‌റ്റമർ റഫറലുകൾ തുടങ്ങിയവയ്ക്ക് ആനുകൂല്യങ്ങൾ സ്വന്തമാക്കാം. മറ്ര് നിരവധി അനുബന്ധ ആനുകൂല്യങ്ങളും നേടാം.
മാരുതി സുസുക്കി റിവാർഡ്സ് വെബ്‌സൈറ്രിന്റെ സഹായത്തോടെ ഈ 'ഡിജിറ്റൽ" ആനുകൂല്യങ്ങൾ നേടാം. മാരുതി സുസുക്കിയുമൊത്തുള്ള ഓരോ ഇടപാടിനും റിവാർഡ് പോയിന്റിൽ വർദ്ധന ലഭിക്കും. വാഹനങ്ങളുടെ സർവീസ്, ആക്‌സസറികൾ, അസൽ പാർട്ടുകൾ, ദീർഘിപ്പിച്ച വാറന്റി, ഇൻഷ്വറൻസ്, ഡ്രൈവിംഗ് സ്‌കൂളുകളിൽ എൻറോൾ ചെയ്യൽ എന്നിവയ്ക്ക് ഈ റിവാർഡ് പോയിന്റുകൾ ഉപയോഗിക്കാമെന്ന് മാരുതി സുസുക്കി മാനേജിംഗ് ഡയറക്‌ടറും സി.ഇ.ഒയുമായ കെനിചി അയുകാവ പറഞ്ഞു.
മെമ്പർ, സിൽവർ, ഗോൾഡ്, പ്ലാറ്രിനം എന്നീ ശ്രേണികളിൽ ഉപഭോക്താക്കളെ തിരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. മാരുതി സുസുക്കി റിവാർഡിലേക്ക് എൻറോൾ ചെയ്യാൻ ഉപഭോക്താക്കൾ https://www.marutisuzuki.com അല്ലെങ്കിൽ https://www.nexaexperience.com/ സന്ദർശിച്ച് വിശദാംശങ്ങൾ നൽകണം.