കൊച്ചി: അങ്കമാലിയിൽ അച്ഛൻ എറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച കുഞ്ഞിനെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയാൽ ഉടൻ ഏറ്റെടുക്കാൻ ഒരുങ്ങി സംസ്ഥാന വനിത കമ്മിഷൻ. കുഞ്ഞിന്റെയും അമ്മയുടേയും സംരക്ഷണം വനിതാ കമ്മിഷൻ ഏറ്റെടുക്കും.ശേഷം ഇരുവരേയും സുരക്ഷിതമായ സ്ഥാനത്തേക്ക് മാറ്റാനും തീരുമാനമായി. കുഞ്ഞിന്റെ അച്ഛൻ ഷൈജു തോമസ് റിമാൻഡിലാണ്.കുഞ്ഞിനെ ആശുപത്രിയിൽ സന്ദർശിച്ച വനിത കമ്മിഷൻ അദ്ധ്യക്ഷ എം.സി ജോസഫൈൻ കുഞ്ഞിനെ ചികിത്സിക്കുന്ന ഡോക്ടർ സോജൻ ഐപ്പുമായി കൂടിക്കാഴ്ച നടത്തി.
കുഞ്ഞിന്റെ അമ്മയുടെ നാട് നേപ്പാളാണ്. ശാശ്വതമായ പരിഹാരം നേപ്പാളിലേക്ക് വിടുക എന്നതാണ്. അതിനാവശ്യമായ നടപടികൾ വനിതാ കമ്മീഷൻ പൊലീസുമായി ചേർന്ന് സ്വീകരിക്കുമെന്നും എം.സി ജോസഫൈൻ അറിയിച്ചു. കുഞ്ഞിന്റെ ആരോഗ്യനിലയിൽ പുരോഗതിയെന്ന മെഡിക്കൽ ബുള്ളറ്റിനും പുറത്തുവന്നിട്ടുണ്ട്. സർജറി കഴിഞ്ഞ് മൂന്നാം ദിവസവും കുട്ടിയുടെ ആരോഗ്യ നില മെച്ചപ്പെട്ടു.
കുഞ്ഞിന്റെ കൈകാലുകളുടെ ചലനവും കണ്ണ് തുറക്കുന്നതിന്റെ തോതും മെച്ചപ്പെട്ടിട്ടുണ്ട്. കണ്ണിന്റെ ഞരമ്പിന്റെ പ്രവർത്തനവും ദഹന പ്രക്രിയയും ശരീരോഷ്മാവും സാധാരണ നിലയിലാണ്. കഴിഞ്ഞ പതിനെട്ടാം തീയതിയാണ് 54 ദിവസം പ്രായമായ പെൺകുഞ്ഞിനെ അച്ഛൻ ഗുരുതരമായി പരുക്കേൽപ്പിച്ചത്. അതീവ ഗുരുതരാവസ്ഥയിലാണ് കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചത്.