ഡൊഡോമ : അവിചാരിതമായി 2.4 ദശലക്ഷം പൗണ്ട് വിലമതിക്കുന്ന അമൂല്യമായ രണ്ട് രത്നകല്ലുകൾ കണ്ടെത്തിയതോടെ ഒറ്റരാത്രി കൊണ്ട് കോടീശ്വരാനായി മാറിയിരിക്കുകയാണ് ഒരു ടാൻസാനിയൻ ഖനി തൊഴിലാളി. ടാൻസാനിയയ്ക്ക് വടക്കുള്ള മാൻയാറാ മേഖലയിലാണ് സംഭവം. ഇവിടത്തെ ഒരു ടാൻസാനൈറ്റ് ഖനിയിലെ തൊഴിലാളിയായ സനിന്യൂ ലെയ്സെർ എന്നയാൾ കടും വൈലറ്റ് - നീല നിറത്തിലുള്ള വളരെ അപൂർവമായ കൂറ്റൻ രണ്ട് ടാൻസാനൈറ്റ് രത്നകല്ലുകൾ കണ്ടെത്തി. തന്റെ കണ്ടെത്തൽ സർക്കാർ അധികൃതരെ അറിയിച്ചതിന് ഇയാൾക്ക് സമ്മാനമായി ലഭിച്ചത് 7.74 ബില്യൺ ടാൻസാനിയൻ ഷില്ലിംഗ് ( 2.4 ദശലക്ഷം പൗണ്ട് - ഏകദേശം 25 കോടിയോളം രൂപ ) ആണ്. സാധാരണക്കാരനായ ലെയ്സർ ഇതോടെ നാട്ടിലെ കോടീശ്വരനായി മാറിയിരിക്കുകയാണ്.
നാല് ഭാര്യമാരും 30 മക്കളുമുണ്ട് 52 കാരനായ ലെയ്സറിന്. ഇത്രയും വലിയ തുക ലഭിച്ചതിന്റെ സന്തോഷത്തിൽ തന്റെ ഗ്രാമത്തിൽ വമ്പൻ ആഘോഷ പരിപാടി സംഘടിപ്പിക്കാനൊരുങ്ങുകയാണ് ലെയ്സർ. ബീഫാണ് പാർട്ടിയിലെ പ്രധാന വിഭവം. തനിക്ക് ലഭിക്കുന്ന തുക കൊണ്ട് തന്റെ നാട്ടിൽ ഒരു സ്കൂളും ഷോപ്പിംഗ് മാളും പണിയാനാണ് ലെയ്സറുടെ ആഗ്രഹം. പണമില്ലാത്തതിനാൽ ലെയ്സറുടെ ഗ്രാമത്തിലുള്ള പലർക്കും തങ്ങളുടെ കുട്ടികളെ സ്കൂളുകളിൽ അയയ്ക്കാൻ നിവൃത്തിയില്ല. എന്തൊക്കെയായാലും തന്റെ ജീവിത ശൈലിയിൽ മാറ്റമൊന്നും വരില്ലെന്ന് ലെയ്സർ പറയുന്നു. തന്റെ 2,000 പശുക്കളുടെ കൂട്ടത്തെ പരിപാലിക്കുന്ന ജോലി ഇനിയും തുടരുമെന്നും ലെയ്സർ പറയുന്നു.
ആദ്യത്തെ രത്നകല്ലിന് 9 കിലോഗ്രാമും രണ്ടാമത്തതിന് 4.9 കിലോഗ്രാമുമായിരുന്നു ഭാരം. കഴിഞ്ഞാഴ്ചയാണ് ഈ കൂറ്റൻ ടാൻസാനൈറ്റുകൾ ലെയ്സർ കണ്ടെത്തിയത്. ഇതിന് മുമ്പ് കണ്ടെത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ ടാൻസാനൈറിന്റെ ഭാരം 3.1 കിലോഗ്രാം ആയിരുന്നു.ഭൂമിയിലെ ഏറ്റവും അപൂർവമായ രത്നകല്ലുകളിൽ ഒന്നാണ് ടാൻസാനൈറ്റ്. കിഴക്കൻ ആഫ്രിക്കൻ രാജ്യമായ ടാൻസാനിയയിലെ വടക്ക് സ്ഥിതി ചെയ്യുന്ന മാൻയാറായിലെ ഖനിയിൽ മാത്രമാണ് ഇതേവരെ ടാൻസാനൈറ്റ് നിക്ഷേപം കണ്ടെത്താൻ സാധിച്ചിട്ടുള്ളത്.
കഴിഞ്ഞ ദിവസം നടന്ന ചടങ്ങിലാണ് ലെയ്സറിൽ നിന്നും രത്നകല്ലുകൾ സ്വീകരിച്ച ബാങ്ക് ഒഫ് ടാൻസാനിയ തുക കൈമാറിയത്. ടെലിവിഷനിൽ പരിപാടി സംപ്രേഷണം ചെയ്യുകയും ചടങ്ങിനിടെ ടാൻസാനിയൻ പ്രസിഡന്റ് ജോൺ മഗുഫുലി ലെയ്സറെ ഫോണിൽ വിളിച്ച് അഭിനന്ദിക്കുകയും ചെയ്തു.ഖനി കമ്പനികളിലെ ഔദ്യോഗിക അംഗമല്ലാത്ത, കൈകൾ കൊണ്ട് ഖനികളിൽ ഖനനം നടത്തുന്ന പരമ്പരാഗത തൊഴിലാളികൾക്ക് തങ്ങൾക്ക് ലഭിക്കുന്ന രത്നകല്ലുകളും സ്വർണവും മറ്റ് അമൂല്യവസ്തുക്കളും വില്പന നടത്തുന്നതിന് കഴിഞ്ഞ വർഷം ടാൻസാനിയൻ സർക്കാർ രാജ്യത്തുടനീളം വില്പന കേന്ദ്രങ്ങൾ സ്ഥാപിച്ചിരുന്നു. അനധികൃതമായി ടാൻസാനൈറ്റ് ഖനനം ഒഴിവാക്കാൻ മാൻയാറായിലെ ഖനിയിക്ക് ചുറ്റും നിർമിച്ച സംരക്ഷണ മതിൽ 2018ൽ പ്രസിഡന്റ് മഗുഫുലി ഉദ്ഘാടനം ചെയ്തിരുന്നു.