തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും ഓൺലൈൻ തട്ടിപ്പ്. ഓൺലൈൻ വഴി വില്പനയ്ക്കിട്ട ഇരുചക്രവാഹനത്തിന്റെ പേരിൽ പണം തട്ടിയെടുത്തു. ബാലരാമപുരം എ.എസ്.പി. മൻസിൽ വടക്കേവിള വീട്ടിൽ ഹക്കിം സെയ്യദലിയാണ് ഇത് സംബന്ധിച്ച് ബാലരാമപുരം പലീസിൽ പരാതി നൽകിയത്.
ഇക്കഴിഞ്ഞ 21ന് ഓൺലൈൻ വാഹന വില്പന നടത്തുന്ന ആപ്ലിക്കേഷനിലൂടെ വില്പനയ്ക്കിട്ടിരുന്ന വാഹനത്തിനായി എഴുപതിനായിരം രൂപവില പറഞ്ഞ് ഉറപ്പിച്ചതിന് പിന്നാലെയാണ് തട്ടിപ്പ് നടത്തിയത്.
പാഴ്സൽ സർവീസ് വഴി വാഹനമെത്തുമെന്ന് ചൂണ്ടിക്കാട്ടി പാഴ്സൽ ചാർജായ 5150 രൂപ അക്കൗണ്ടിൽ നിക്ഷേപിക്കാൻ ആവശ്യപ്പെടുകയായിരുന്നു. തുക അയച്ച് കൊടുത്തശേഷം 22ന് വാഹനം പാഴ്സലായി എത്തുമെന്ന് അറിയിച്ചെങ്കിലും എത്തിയില്ല. തുടർന്ന് ഫോൺ നമ്പരിൽ ബന്ധപ്പെട്ടപ്പോൾ വാഹനം എത്താൻ വൈകുമെന്നും ഇരുപതിനായിരം രൂപ കൂടി അയയ്ക്കാൻ ആവശ്യപ്പെടുകയും ചെയ്തു. സംശയം തോന്നിയതിനെ തുടർന്ന് വിളിച്ചപ്പോൾ, നേരത്തേ നൽകിയ ആധാറിന്റെയും തിരിച്ചറിയൽ രേഖകളുടെയും പകർപ്പ് ദുരുപയോഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. പരാതിയിൽ സൈബർ പൊലീസ് സഹായത്തോടെ അന്വേഷണം ആരംഭിച്ചതായി ബാലരാമപുരം പൊലീസ് പറഞ്ഞു.