ന്യൂഡൽഹി:സി.ബി.എസ്.ഇ മാതൃകയിൽ ശേഷിക്കുന്ന പരീക്ഷകളും റദ്ദാക്കുമെന്ന് ഐ.സി.എസ്.ഇ അറിയിച്ചു.ഐ.സി.എസ്.ഇയ്ക്കു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ജയദീപ് ഗുപ്തയാണ് ഇക്കാര്യം സുപ്രീം കോടതിയെ അറിയിച്ചത്. മൂല്യനിർണയത്തിലും സി.ബി.എസ്.ഇ നിശ്ചയിക്കുന്ന രീതി പിന്തുടരും. സാഹചര്യം മെച്ചപ്പെട്ടാൽ പിന്നീടു പരീക്ഷ നടത്തുന്ന കാര്യം പരിഗണിക്കാമെന്ന് ജയദീപ് ഗുപ്ത അറിയിച്ചു.
നേരത്തേ അടുത്ത മാസം നടത്താനിരുന്ന സി.ബി.എസ്.ഇ പത്താം ക്ലാസ്-പ്ലസ്ടു പരീക്ഷകൾ റദ്ദാക്കിയതായി സുപ്രീം കോടതിയെ കേന്ദ്ര സർക്കാർ അറിയിച്ചു. പരീക്ഷകൾ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം രക്ഷിതാക്കൾ സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. ഇതിനിടയിലാണ് പരീക്ഷ റദ്ദാക്കാനുള്ള തീരുമാനം സി.ബി.എസ്.ഇ കോടതിയെ അറിയിച്ചത്. സാഹചര്യം മെച്ചപ്പെട്ടാൽ പിന്നീട് പരീക്ഷ നടത്തും.
ഇതിനകം നടത്തിയ മൂന്ന് പരീക്ഷകളുടെ അടിസ്ഥാനത്തിലാകും മാർക്ക് തയ്യാറാക്കുക. ഇക്കാര്യത്തിൽ ഏതെങ്കിലും വിദ്യാർത്ഥിക്ക് പരാതിയുണ്ടെങ്കിൽ ആ കുട്ടിക്ക് ഇംപ്രൂവ്‌മെന്റിന് അവസരമൊരുക്കുമെന്നും സോളിസിറ്റർ ജനറൽ കോടതിയിൽ വ്യക്തമാക്കി.