കൊച്ചി: പ്രളയഫണ്ട് തട്ടിപ്പുകേസിൽ അറസ്റ്റിലായ സി.പി.എം തൃക്കാക്കര മുൻ ലോക്കൽ കമ്മിറ്റി അംഗം എംഎം അൻവറിനെ അഞ്ചു ദിവസത്തേക്ക് ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു.ഇയാളുമായി ഇന്നലെ നടത്തിയ തെളിവെടുപ്പിൽ പണമിടപാടുസംബന്ധിച്ച് ചില രേഖകൾ പിടിച്ചെടുത്തിരുന്നു. അയ്യനാട് സഹകരണബാങ്കിൽ നിന്ന് അൻവർ അഞ്ചു ലക്ഷം രൂപ പിൻവലിച്ചതിന്റെ റസീതുകളാണ് കണ്ടെത്തിയത്.ബാങ്ക് ഡയറക്ടറായ ഭാര്യയാണ് പണം പിൻവലിക്കാൻ അൻവറിനെ സഹായിച്ചത്.
കുടുതൽ പണം തട്ടിയെടുത്തിട്ടുണ്ടോ എന്നറിയാനും തട്ടിയെടുത്തതായി കണ്ടെത്തിയ പണം എന്തുചെയ്തു എന്നറിയുന്നതിനും കഴിഞ്ഞ ദിവസങ്ങളിൽ ഇയാളെ പൊലീസ് വിശദമായി ചോദ്യം ചെയ്തിരുന്നു. കൂടുതൽ പേർക്ക് തട്ടിപ്പിൽ പങ്കുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.എന്നാൽ തട്ടിപ്പിൽ നേതാക്കൾക്ക് പങ്കില്ലെന്നാണ് അൻവർ കഴിഞ്ഞദിവസം പ്രതികരിച്ചത്. 73 ലക്ഷം രൂപ കാണാതായ രണ്ടാമത്തെ കേസിലും അൻവറിന്റെ പങ്ക് ക്രൈംബ്രാഞ്ച് പരിശോധിക്കുന്നുണ്ട്.
കഴിഞ്ഞദിവസം തെളിവെടുപ്പ് കഴിഞ്ഞു മടങ്ങുന്നതിനിടെ അൻവറിന് നേരെ നാട്ടുകാർ പ്രതിഷേധിച്ചിരുന്നു.