ഇസ്ലാമാബാദ്: ഭീകര സംഘടനകൾക്ക് സാമ്പത്തിക സഹായം നൽകുന്നത് അവസാനിപ്പിക്കാൻ തയ്യാറാകാത്ത പാകിസ്ഥാൻ ഗ്രേ പട്ടികയിൽ തുടരും. ഭീകര സംഘടനകൾക്ക് സാമ്പത്തിക സഹായം നൽകുന്നത് തടയാൻ ആഗോളതലത്തിൽ പ്രവർത്തിക്കുന്ന സംഘടനയായ ഫിനാൻഷ്യൽ ആക്ഷൻ ടാസ്‍ക് ഫോഴ്‍സിന്റെ ( എഫ്.എ.ടി.എഫ്) മൂന്നാം വാർഷിക സമ്മേളത്തിലാണ് പാകിസ്ഥാനെ ഗ്രേ പട്ടികയിൽ നിലനിറുത്താൻ തീരുമാനിച്ചത്.
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വീഡിയോ കോൺഫറൻസ് വഴി ചൈനീസ് പ്രതിനിധിയായ ഷിയാംഗ് മിൻ ലിയുവിന്റെ അദ്ധ്യക്ഷതയിലാണ് യോഗം നടന്നത്. ലഷ്‍കറെ ത്വയ്ബ, ജയ്‍ഷെ മുഹമ്മദ് എന്നീ ഭീകര സംഘടനകൾക്ക് പാകിസ്ഥാനിൽ നിന്ന് സാമ്പത്തിക പിന്തുണ ലഭിക്കുന്നുണ്ടെന്ന് എഫ്.എടി.എഫ് അധികൃതർ ചൂണ്ടിക്കാട്ടി. ഒക്ടോബറിൽ നടക്കുന്ന സംഘടനയുടെ അടുത്ത യോഗത്തിൽ വീണ്ടും സ്ഥിതി പരിശോധിച്ച ശേഷം പട്ടികയിൽ നിന്ന് മാറ്റണോ എന്ന് തീരുമാനിക്കും. അതുവരെ പാകിസ്ഥാൻ ഗ്രേ പട്ടികയിൽ തുടരും.
പാകിസ്ഥാൻ ഭീകരസംഘടനകൾക്ക് സുരക്ഷിത കേന്ദ്രമാണെന്ന യു.എസ് റിപ്പോർട്ടിന് പിന്നാലെയാണ് എഫ്.എടി.എഫിന്റെ തീരുമാനവും വന്നത്. 2019ൽ ഭീകരസംഘടനകളെ നിയന്ത്രിക്കുന്നതിനായി പാകിസ്ഥാൻ ശ്രമിച്ചിരുന്നെങ്കിലും. ആ വർഷം ഇന്ത്യയെ ലക്ഷ്യമിട്ട് വലിയ ഭീകരാക്രമണങ്ങൾ നടന്നു. 2019 ഫെബ്രുവരിയിൽ പുൽവാമയിൽ സുരക്ഷാസേനയുടെ വാഹന വ്യൂഹത്തിന് നേരെ നടന്ന ആക്രമണത്തിന് പിന്നിൽ ജയ്‍ഷെ മുഹമ്മദായിരുന്നു. ലഷ്കറെ ത്വയ്ബ സ്ഥാപകൻ ഹഫിസ് സയീദിനും മറ്റു മൂന്നുപേർക്കുമെതിരെ പാകിസ്ഥാൻ കേസെടുത്തെങ്കിലും രാജ്യം ഇപ്പോഴും ഭീകരരുടെ സുരക്ഷിത കേന്ദ്രം തന്നെയാണ് - യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ റിപ്പോർട്ടിൽ പറയുന്നു.
എഫ്.എ.ടി.എഫ് - ഭീകരസംഘടനകൾക്കുള്ള സാമ്പത്തികസഹായം തടയാനും, കള്ളപ്പണം വെളുപ്പിക്കുന്നത് അവസാനിപ്പിക്കാനും ലക്ഷ്യമിട്ട് 38 രാജ്യങ്ങൾ ചേർന്ന് രൂപീകരിച്ച രാജ്യാന്തരക്കൂട്ടായ്മയാണ് എഫ്.എ.ടി.എഫ്.
ഗ്രേലിസ്റ്റിലായാൽ - അന്താരാഷ്ട്ര തലത്തിൽ വായ്പകൾ വാങ്ങാൻ പാകിസ്ഥാന് ബുദ്ധിമുട്ട് നേരിടും. അന്താരാഷ്ട്ര സാമ്പത്തിക ഏജൻസികളായ ലോകബാങ്ക്. ഐഎംഎഫ്, എഡിബി ഉൾപ്പടെയുള്ളവയിൽ നിന്ന് വായ്പകൾ വാങ്ങാനും പാകിസ്ഥാന് എളുപ്പത്തിൽ കഴിയില്ല. പാകിസ്ഥാനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തണമെന്നാണ് ഏറെനാളായുള്ള ഇന്ത്യയുടെ ആവശ്യം.