borris

ലണ്ടൻ: ഇന്ത്യ-ചൈന അതിർത്തി സംഘർഷത്തിൽ പ്രതികരിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. ഇരു രാജ്യങ്ങളും തമ്മിലുള്ള അതിർത്തി പ്രശ്‌നങ്ങൾ ഗുരുതരവും ആശങ്കാജനകവുമാണെന്നായിരുന്നു അദേഹത്തിന്റെ പ്രതികരണം. ചർച്ചകളിലൂടെ പ്രശ്‌‌ന പരിഹാരത്തിനുള്ള ശ്രമം നടത്തണമെന്നും ബോറിസ് ജോൺസൺ പറ‌ഞ്ഞു.

ഇന്ത്യ- ചൈനാ ബന്ധത്തിലെ പുതിയ സംഭവവികാസങ്ങൾ തങ്ങൾ സസൂക്ഷ്‌മം നിരീക്ഷിക്കുന്നുണ്ടെന്നും അദേഹം പറഞ്ഞു. ബ്രിട്ടീഷ് പ്രധാനമന്ത്രി ഇതാദ്യമായാണ് ഈ വിഷയത്തിൽ പരാമർശം നടത്തുന്നത്. പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഇരുരാജ്യങ്ങളും തമ്മിൽ ചർച്ചകൾക്ക് പ്രേരിപ്പിക്കുകയെന്നതാണ് സാധ്യമായ മാർഗമെന്നും ബോറിസ് ജോൺസൺ വ്യക്തമാക്കി.

ബ്രിട്ടീഷ് പാർലമെന്റിന്റെ അധോസഭയായ ഹൗസ് ഓഫ് കോമൺസിൽ കൺസർവേറ്റീവ് പാർട്ടി എം.പിയുടെ ചോദ്യത്തിന് മറുപടി നൽകവെയാണ് ബോറിസ് ജോൺസൺ ഇക്കാര്യം അറിയിച്ചത്. ഇന്ത്യ-ചൈന സംഘർഷത്തിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചിരുന്നു. എന്നാൽ എത്രപേർക്ക് പരിക്കേറ്റെന്നോ എത്രപേർ മരിച്ചെന്നോ ചൈന ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.