model

കൊച്ചി: ബ്ലാക്ക്മെയിലിംഗ് കേസിൽ നിർണായക വെളിപ്പെടുത്തലുമായി യുവ മോഡൽ രംഗത്ത്. നടി ഷംന കാസിമിനെ ഭിഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചവർക്കെതിരെയാണ് കൂടുതൽ വെളിപ്പെടുത്തലുമായി യുവതി രംഗത്തെത്തിയത്. തന്നെ സ്വർണ്ണക്കടത്തിന് പ്രേരിപ്പിച്ചതായി പറയുന്ന യുവതി ആഡംബര സ്വർണകടത്ത് വാഹനങ്ങൾക്ക് എസ്കോട്ട് പോകാൻ തട്ടിപ്പ് സംഘം ആവശ്യപ്പെട്ടിരുന്നതായും പറഞ്ഞു.

മാർച്ച് മാസത്തിലാണ് സംഭവം നടന്നത്. ചിത്രീകരണത്തിനെന്ന് പറഞ്ഞ് പാലക്കാട്ടേക്ക് വിളിച്ച് വരുത്തിയ ശേഷം ഇവർ തന്നെ തടവിൽ പാർപ്പിച്ചു. എട്ട് ദിവസവും പെൺകുട്ടികളോട് കാണിക്കേണ്ട ഒരു പരിഗണനയും കാണിക്കാതെ ഭക്ഷണം നൽകാതെ മനഃസാക്ഷിയുമില്ലാതെയാണ് പെരുമാറിയത്. ഒരു കൂട്ടുകാരി വിളിച്ചതനുസരിച്ചാണ് ഷൂട്ടിനു പോയത്. പലതവണ പോയിട്ടുണ്ട്. എന്നാൽ ഒരു തവണ പോയപ്പോൾ ഒരു വീട്ടിൽ തടവിലാക്കുകയായിരുന്നു. നിലവിൽ പൊലീസിന്റെ പിടിയിലുള്ളതിനേക്കാൾ കൂടുതൽ പേർ സംഘത്തിലുണ്ട്. ഷംന കാസിമിനെ ഭിഷണിപ്പെടുത്തിയ സംഘത്തിലെ റഫീക്കിനെ അവർക്കൊപ്പം കണ്ടിരുന്നുവെന്നും യുവതി പറഞ്ഞു.

എട്ട് യുവതികളാണ് തടങ്കൽ കേന്ദ്രത്തിൽ ഉണ്ടായിരുന്നത്.പുറത്തിറങ്ങിയ അന്ന് തന്നെ സുഹൃത്ത് വഴി എറണാകുളം നോർത്ത് സ്റ്റേഷനിൽ പരാതി നൽകിയിരുന്നെന്നും പെൺകുട്ടി പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് കേസ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചുവെന്ന് പൊലീസ് അറിയിച്ചു. അന്വേഷണത്തിന് ഡി.സി.പി മേൽനോട്ടം വഹിക്കും. അന്വേഷണത്തിന്റെ ഭാഗമായി പരാതിക്കാരുടെ മൊഴിയെടുക്കും. പരാതി നൽകിയിട്ടും അന്വേഷിച്ചില്ലെന്ന ആക്ഷേപവും പരിശോധിക്കും. ഷംന കാസിമും കുടുംബവും ഇന്നലെ പരാതിയുമായി രംഗത്തെത്തിയ ശേഷം തട്ടിപ്പ് സംഘത്തിനെതിരെ ഞെട്ടിപ്പിക്കുന്ന വാർത്തകളാണ് പുറത്തുവരുന്നത്.