pathanjali

മുംബയ്: കൊവിഡിനെതിരായ മരുന്നെന്ന പ്രചാരണവുമായി ബാബാ രാംദേവിന്റെ പതഞ്ജലി ആയുർവേദ പുറത്തിറക്കിയ 'കൊറോണിൽ' മരുന്നിന് വിലക്കേർപ്പെടുത്തി മഹാരാഷ്ട്ര സർക്കാർ. പരസ്യവും വിൽപ്പനയും സംസ്ഥാനത്ത് അനുവദിക്കില്ലെന്ന് ആഭ്യന്തര മന്ത്രി അനിൽ ദേശ്‌മുഖ് വ്യക്തമാക്കി.

ശാസ്ത്രീയ പരിശോധനകൾ കഴിഞ്ഞ് കേന്ദ്ര ആയുഷ് മന്ത്രാലയം അനുമതി നൽകിയാൽ അനുവദിക്കും. നേരത്തെ രാജസ്ഥാൻ സർക്കാരും സമാന നിലപാടെടുത്തിരുന്നു. ഐ.സി.എം.ആറിന്റെ അനുമതി കിട്ടിയാൽ മാത്രമേ വില്പന അനുവദിക്കൂ എന്ന് ആരോഗ്യ മന്ത്രി രഘു ശർമ്മ പറഞ്ഞു.

കൊവിഡ് രോഗം ഭേദമാക്കാൻ മരുന്ന് കണ്ടുപിടിച്ചെന്ന് പരസ്യം നൽകിയ ബാബ രാംദേവിന്റെ പതഞ്ജലി ആയുർവേദയോട് നേരത്തെ കേന്ദ്രസർക്കാർ വിശദീകരണം തേടിയിരുന്നു.

ഏഴ് ദിവസത്തിനകം കൊവിഡ് രോഗം ഭേദമാക്കാൻ കഴിയുമെന്ന് ശാസ്ത്രീയമായി തെളിയിച്ചതാണെന്നും, ഇതിന് നൂറ് ശതമാനം ഫലപ്രാപ്തിയുണ്ടെന്നും അവകാശപ്പെട്ടാണ് 'ദിവ്യ കൊറോണ' എന്ന മരുന്ന് പാക്കേജ് പതഞ്ജലി ആയുർവേദ പുറത്തിറക്കിയത്.

''കൊറോണിൽ'', ''സ്വാസരി'' എന്നീ രണ്ട് മരുന്നുകളാണ് ഇതിലുള്ളത്. 280 രോഗികളിൽ പരീക്ഷിച്ച് വിജയം കണ്ടതാണെന്നും, നിരന്തരം ഗവേഷണം നടത്തിയാണ് ഈ മരുന്ന് കണ്ടെത്തിയതെന്നുമാണ് രാംദേവ് വാർത്താസമ്മേളനത്തിൽ പറഞ്ഞത്. 545 രൂപയാണ് ഈ രണ്ട് മരുന്നുകളുമടങ്ങിയ ഒരു കിറ്റിന് വില.