ഐ.ടി മേഖലയിലേക്കുള്ള എച്ച്1-ബി വീസ അമേരിക്ക നിറുത്തിയതാണ് കഴിഞ്ഞവാരത്തെ മുഖ്യ വാർത്ത. ഡിസംബർ വരെയാണ് ഡൊണാൾഡ് ട്രംപ് വീസ തടഞ്ഞത്. അമേരിക്കയിൽ തൊഴിൽ തേടുന്ന ഇന്ത്യക്കാരെ നിരാശപ്പെടുത്തുന്ന തീരുമാനമാണിത്. എന്നാൽ, ഉത്തരവ് കാര്യമായ ചലനമുണ്ടാക്കില്ലെന്നാണ് ഇന്ത്യൻ ഐ.ടി കമ്പനികളുടെ വാദം. കാരണം, ട്രംപിന്റെ കടുത്ത നിയന്ത്രണങ്ങളെ തുടർന്ന് 2017 മുതൽ തന്നെ എച്ച്1-ബി വീസ അപേക്ഷകൾ കമ്പനികൾ കുറച്ചിരുന്നു.
ടി.സി.എസ്., ഇൻഫോസിസ്, വിപ്രോ, എച്ച്.സി.എൽ ടെക്‌നോളജീസ് തുടങ്ങിയവ വീസ അപേക്ഷകൾ 2018-19ൽ 50-60 ശതമാനം കുറച്ചിരുന്നു. ഐ.ടി മേഖലയിൽ ഇപ്പോൾ എച്ച്1-ബി - പ്രാദേശിക ജീവനക്കാർ അനുപാതം 40-60 ശതമാനം എന്ന ക്രമത്തിലാണ്. കമ്പനികൾ മറ്റു നാടുകളിലെ സാന്നിദ്ധ്യം ഉയർത്താൻ ശ്രമിക്കുന്നതിനാൽ ഇന്ത്യൻ ഐ.ടി സേവനങ്ങളെ സമീപഭാവിയിൽ ഈ പ്രശ്‌നം ബാധിക്കില്ലെന്ന് വിലയിരുത്തപ്പെടുന്നു.
മാർച്ചിലെ ഇടിവിനും മേയിലെ കനത്ത ചാഞ്ചാട്ടത്തിനും ശേഷം ഓഹരി വിപണി കുതിപ്പ് തുടരുകയാണ്. വിപണിയിലെ ലാഭത്തിന്റെ വലിയപങ്കും ഏതാനും സെറ്ര് ഓഹരികളിൽ നിന്നാണെന്നുള്ള കാഴ്‌ചപ്പാട് പലർക്കുമുണ്ട്. എന്നാൽ, ഇതു ശരിയാണെന്ന് പറയാനാവില്ല. കഴിഞ്ഞ മൂന്നുമാസമായി 40-50 ശതമാനം ലാഭം നൽകുന് ചെറുകിട-ഇടത്തരം ഓഹരികൾ വിപണിയിൽ സ്ഥിരതയോടെ നിൽക്കുന്നുണ്ട്. ഈ പ്രവണത നിലനിറുത്തുക വെല്ലുവിളിയാണ്. ഒരുമാസത്തെ ഇടവേളയ്ക്ക് ശേഷം വിദേശ നിക്ഷേപത്തിലുണ്ടായ ഉണർവാണ് നിലവിലെ കുതിപ്പിന് കാരണം.
വിപണിയിൽ സമ്മിശ്ര പ്രതികരണം തുടരാനാണ് സാദ്ധ്യത. നിഫ്‌റ്രി 50ൽ 9,500നും 10,500നും ഇടയിലായിരിക്കും ഇടപാടുകൾ. സാങ്കേതികമായി വിശകലനം ചെയ്യുമ്പോൾ കൂടിയനില 10,900 ആയേക്കാം. താഴേക്കുള്ള അടുത്ത ലെവലിൽ സപ്പോർട്ട് ഒന്ന് 10,050 ആയിരിക്കും; രണ്ടാമത്തേത് 9,800. ഇന്നത്തെ നിലയിൽ ഇടപാടുകാർക്ക് ലാഭം നേടാനാകും. ഫാർമ, കെമിക്കൽ, ഐ.ടി, എഫ്.എം.സി.ജി എന്നീ ഓഹരികളിൽ ആയിരിക്കണം ദീർഘകാല നിക്ഷേപകർ ശ്രദ്ധിക്കേണ്ടത്.
നിഫ്‌റ്റിക്ക് 2021-22ൽ 15 ശതമാനത്തിലേരെ വളർച്ചയാണ് നേരത്തേ പ്രവചിച്ചിരുന്നത്. എന്നാൽ, 2021ൽ പത്തു ശതമാനം താഴേക്ക് പോകുമെന്നാണ് പുതിയ വിലയിരുത്തൽ. 2022ൽ30 ശതമാനം വളർച്ചയും പ്രതീക്ഷിക്കുന്നു. ആരോഗ്യരംഗത്തെ തിരിച്ചുവരവും ശക്തമായ സാമ്പത്തിക പിന്തുണയുമാണ് ഇതിന്റെ കാരണങ്ങൾ.
(ജിയോജിത് ഫിനാൻഷ്യൽ സർവീസസിന്റെ ഗവേഷണ വിഭാഗം മേധാവിയാണ് ലേഖകൻ)