വാഷിംഗ്ടൺ : വാഷിംഗ്ടൺ ഡി.സിയിൽ സ്ഥിതി ചെയ്യുന്ന തങ്ങളുടെ ആസ്ഥാനത്തിന്റെ പേര് മാറ്റാനൊരുങ്ങി നാസ. നാസയിലെ ആദ്യത്തെ കറുത്ത വർഗക്കാരിയായ എൻജിനിയറായ മേരി ജാക്സണിന്റെ പേരിലാണ് ഇനി മുതൽ നാസ ആസ്ഥാനം അറിയപ്പെടുക എന്ന് അധികൃതർ വ്യക്തമാക്കി. ആഫ്രിക്കൻ അമേരിക്കൻ വംശജർക്ക് മുന്നിലുണ്ടായിരുന്ന പ്രതിസന്ധികൾ തരണം ചെയ്ത് എൻജിനിയറിംഗ്, ടെക്നോളജി രംഗത്ത് ശ്രദ്ധേയമായ നേട്ടം കൈവരിച്ച വനിതയായിരുന്നു മേരിയെന്ന് നാസ അഡ്മിനിസ്ട്രേറ്റർ ജിം ബ്രൈഡൻസ്റ്റൈൻ പറഞ്ഞു. 2016ൽ മേരി ജാക്സണിന്റെ ജീവിതത്തെ ആസ്പദമാക്കി 'ഹിഡൻ ഫിഗേഴ്സ് ' എന്ന ചിത്രം പുറത്തിറങ്ങിയിരുന്നു. 1921 ഏപ്രിൽ 9ന് വിർജീനിയയിലെ ഹാംപ്റ്റണിൽ ജനിച്ച മേരി 2005 ഫെബ്രുവരി 11ന് 83ാം വയസിലാണ് അന്തരിച്ചത്.
കഴിഞ്ഞ വർഷം, നാസ തങ്ങളുടെ ആസ്ഥാനത്തിന് പുറത്തുള്ള വീഥിയ്ക്ക് ഹിഡൻ ഫിഗേഴ്സ് വേ എന്ന് നാമകരണം ചെയ്തിരുന്നു. നാസയുടെ ചരിത്രത്തിൽ നാഴിക കല്ലായി മാറിയ സ്ത്രീകളും ആഫ്രിക്കൻ - അമേരിക്കൻ വംശജർ ഉൾപ്പെടെയുള്ളവരെയെല്ലാം ഇത്തരത്തിൽ ആദരിക്കുമെന്ന് ജിം ബ്രൈഡൻസ്റ്റൈൻ അറിയിച്ചു. 1951ൽ നാഷണൽ അഡ്വൈസറി കമ്മിറ്റി ഫോർ എയറോനോട്ടിക്സിന്റെയും തുടർന്ന് 1958 മുതൽ നാസയുടെ ഭാഗമായി മാറുകയായിരുന്നു എയറോസ്പെയ്സ് എൻജിനിയറും ഗണിത ശാസ്ത്രജ്ഞയുമായ മേരി. 2019ൽ മേരിയ്ക്ക് മരണാനന്തര ബഹുമതിയായി കോൺഗ്രഷ്യനൽ ഗോൾഡ് മെഡൽ ലഭിച്ചിരുന്നു.