indo-chini

ന്യൂഡൽഹി: ഇന്ത്യ-ചൈന അതിർത്തി തർക്കവും 'ബോയ്‌കോട്ട് ചൈന' ക്യാമ്പെയിൻ വഴിയും മറ്റും ചൈനക്കെതിരെ ശക്തമായ വികാരമാണ് രാജ്യത്ത് നിലനിൽക്കുന്നത്. ഇതുമൂലമുണ്ടായ പ്രശ്നങ്ങൾ വ്യാപാര ബന്ധത്തിൽ ഇരു രാജ്യങ്ങളും തമ്മിൽ വലിയ വിള‌ളലാണ് സൃഷ്ടിച്ചിരിക്കുന്നത്. എന്നാൽ ഈ വിള‌ളൽ ഇന്ത്യയ്ക്ക് തന്നെ തിരിച്ചടിയാകുമെന്ന് വിലയിരുത്തൽ. ചൈനയുമായുള്ള വ്യാപാരബന്ധം തകരുന്നത് പല ഇന്ത്യൻ വാണിജ്യ വ്യാപാര നിർമാതാക്കൾക്കും മനോവ്യഥ ഉണ്ടാക്കിയേക്കുമെന്നാണ് വിദ‌ഗ്ധർ പറയുന്നത്. കാര്യക്ഷമത കൂടിയ ഇന്ത്യൻ നിർമാതാക്കളെയും അവരുടെ വ്യാപാരത്തെയും ഈ പ്രശ്‌നം സഹായിക്കുമ്പോൾ കാര്യക്ഷമത കുറഞ്ഞ ഇന്ത്യൻ ഉത്പ്പാദകരെ ചൈനീസ് വ്യാപാരബന്ധം തകരുന്നത് വല്ലാതെ വേദനിപ്പിക്കുമെന്നാണ് വിലയിരുത്തൽ.

ചൈനീസ് ഇറക്കുമതി ചെയ്യുന്ന ഇന്ത്യൻ ഉപഭോക്താക്കളുടെ പട്ടികയിൽ ചൈനയിൽ പൂർണമായി നിർമിച്ച മികച്ച വസ്തുക്കൾ ഉപയോഗിക്കുന്നവർ ഉൾപ്പെടുന്നില്ലെന്നത് ശ്രദ്ധിക്കേണ്ടതാണ്. ഇന്ത്യയിലെ നിരവധി വ്യാപാരികൾ പൂർണമായി നിർമിക്കാത്ത കച്ചവട സാധനങ്ങളും അസംസ്‌കൃത വസ്തുക്കളും ഇറക്കുമതി ചെയ്യുന്നു. അവ രാജ്യത്ത് എത്തിച്ച് ആഭ്യന്തര വിപണിയിലേക്കും ആഗോള വിപണിയിലേക്കുമുള്ള ഉത്പന‌ങ്ങൾ നിർമ്മിക്കുകയാണ് ചെയ്യുന്നത്.

വ്യാപാര നിരോധനം മിക്കപ്പോഴും ഏറ്റവും പാവപ്പെട്ട ഉപഭോക്താക്കളെയാണ് കൂടുതൽ ബാധിക്കുക. അതുപോലെ, ചൈനീസ് ഉത്പനങ്ങൾ നിരോധിക്കുകയോ ഒഴിവാക്കുകയോ ചെയ്യുന്നതിലൂടെ, ചില്ലറ വിൽപ്പനക്കാരെ ഇത് ദോഷകരമായി ബാധിക്കും. അപ്രതീക്ഷിത നഷ്ടങ്ങളെ നേരിടാനുള്ള കഴിവില്ലായ്മ കാരണം ഈ വ്യാപാരികൾക്ക് തിരിച്ചടി ആനുപാതികമായി കൂടുതലായിരിക്കും.

ഇലക്ട്രിക്കൽ മെഷിനറി, ന്യൂക്ലിയർ റിയാക്ടറുകൾ, രാസവളങ്ങൾ, ഒപ്റ്റിക്കൽ, ഫോട്ടോഗ്രാഫിക് അളവ് ഉപകരണങ്ങൾ, ജൈവ രാസവസ്തുക്കൾ എന്നിങ്ങനെ ചൈനയിൽ നിന്നുള്ള ഇറക്കുമതിയുടെ വലിയൊരു ഭാഗം മുഴുവനാക്കാത്ത വസ്തുക്കളുടെ രൂപത്തിലാണ്. അവ അന്തിമമായ ഉൽപന്നങ്ങൾ ഇവിടെത്തന്നെ നിർമ്മിക്കാൻ ഉപയോഗിക്കുന്നു. അവ അതിന്ശേഷം ഇന്ത്യയിൽ വിൽക്കുകയോ കയറ്റുമതി ചെയ്യുകയോ ചെയ്യുന്നവയുമാണ്.

ലോക്ക് ഡൗണിനിടെ വ്യാപാരികൾ അതിജീവിക്കാൻ പാടുപെട്ടുകൊണ്ടിരിക്കുന്ന ഈ സമയത്ത് ചൈനീസ് നിരോധനം ഈ വ്യാപാരങ്ങളെയെല്ലാം ദോഷകരമായി ബാധിക്കും. അത്, അസംസ്‌കൃത വസ്തുക്കൾ ചേർത്ത് ഉൽപന്നങ്ങൾ നിർമിക്കാനുള്ള ഇന്ത്യയുടെ കഴിവിനെയും ബാധിക്കും.