ഹാനോയ് : വിയറ്റ്നാമിന്റെ തലസ്ഥാനമായ ഹാനോയ്‌യിൽ രാത്രി തലയിൽ ഹെഡ് ലൈറ്റുകൾ ഘടിപ്പിച്ച് നെൽപ്പാടങ്ങളിൽ നടീൽ ജോലികളിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് ഒരു സംഘം കർഷകർ. പൊള്ളുന്ന ചൂടിൽ നിന്നും രക്ഷനേടാനാണ് ഇവിടത്തെ താം - ടാൻ വിഭാഗത്തിൽപ്പെട്ട കർഷകർ രാത്രികാലങ്ങളിൽ ജോലിയിൽ മുഴുകുന്നത്. കഴിഞ്ഞ കുറേ വർഷങ്ങളായി ഇവിടത്തെ ചൂട് ക്രമാതീതമായി വർദ്ധിച്ചു വരുന്നതായി ഇവർ പറയുന്നു.
ഓരോ വർഷം കൂടുമ്പോഴും ഒന്നോ രണ്ടോ ഡിഗ്രി വീതം ഇവിടുത്തെ താപനില ഉയരുകയാണ്. പ്രദേശത്തെ മരങ്ങൾ വെട്ടിനശിപ്പിച്ച് കെട്ടിടങ്ങൾ പടുത്തുയർത്തുന്നതാണ് ചൂട് കൂടാൻ കാരണമെന്ന് കർഷകർ ആരോപിക്കുന്നു. പുലർച്ചെ 2 മണിയ്ക്കാണ് പാടത്ത് കർഷകർ ഇപ്പോൾ തങ്ങളുടെ ജോലി തുടങ്ങുന്നത്. രാത്രിയിലെ ജോലി ഉത്പാദനത്തെ ബാധിച്ചിട്ടുണ്ടെങ്കിലും പകൽ സമയത്തെക്കാൾ കൂടുതൽ നേരം തങ്ങൾക്ക് ജോലി ചെയ്യാൻ കഴിയുന്നുണ്ടെന്ന് കർഷകർ പറയുന്നു.
മദ്ധ്യ വിയറ്റ്നാമിലെ ഹാ ടിൻ പ്രവിശ്യയിലാണ് കഴിഞ്ഞ വർഷം ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തിയത്. 43.4 ഡിഗ്രി സെൽഷ്യസ് ആയിരുന്നു അന്ന് രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷത്തെ പോലെ ഉയർന്ന താപനില രേഖപ്പെടുത്തിയിട്ടില്ലെങ്കിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ തുടർച്ചയായി ഉഷ്ണ തരംഗങ്ങൾ ഉണ്ടാകുന്നതായി വിയറ്റ്നാമിലെ നാഷണൽ സെന്റർ ഫോർ ഹൈഡ്രോ - മെറ്റെറോളജിക്കൽ ഫോർകാസ്റ്റിംഗ് പറയുന്നു. കഴിഞ്ഞ ദിവസങ്ങളിൽ വിയറ്റ്നാമിന്റെ വടക്കൻ മേഖലകളിൽ മദ്ധ്യ ഭാഗങ്ങളിലും 35 മുതൽ 40 ഡിഗ്രി സെൽഷ്യസ് വരെയാണ് താപനില രേഖപ്പെടുത്തിയത്.