hindustan-unilever

 ഫെയർ ആൻഡ് ലവ്‌ലിയുടെ പേര് മാറ്രാൻ ഹിന്ദുസ്ഥാൻ യൂണിലിവർ

മുംബയ്: ഹിന്ദുസ്ഥാൻ യൂണിലിവറിന്റെ പ്രശസ്‌തമായ ഫേസ് ക്രീമായ 'ഫെയർ ആൻഡ് ലവ്‌ലി" എന്ന ഉത്‌പന്നത്തിന്റെ പേരിനൊപ്പം ഇനിമുതൽ 'ഫെയർ" ഉണ്ടാവില്ല. ചർമ്മത്തിന്റെ നിറം വെളുപ്പിക്കുമെന്ന പരസ്യവാചകങ്ങൾ വർണവെറിയെ പ്രോത്സാഹിപ്പിക്കുന്നതാണെന്ന വിമർശനം ആഗോളതലത്തിൽ ഉയർന്ന പശ്‌ചാത്തലത്തിലാണ് പേര് മാറ്രാൻ ഹിന്ദുസ്ഥാൻ യൂണിലിവറും ഒരുങ്ങുന്നത്.

റെഗുലേറ്രറി അതോറിറ്റിയുടെ അംഗീകാരം ലഭിച്ചാൽ ഏതാനും മാസങ്ങൾക്കുള്ളിൽ പുതിയ പേരിൽ ഉത്‌പന്നങ്ങൾ വിപണിയിലെത്തുമെന്ന് യൂണിലിവർ വ്യക്തമാക്കി. ഫെയറിന് പുറമേ ലൈറ്റനിംഗ്,​ വൈറ്റനിംഗ് എന്നീ വാക്കുകളും കമ്പനി ഒഴിവാക്കും. ഫെയർ ആൻഡ് ലവ്‌ലിയുടെ വില്പനയിലൂടെ ഇന്ത്യയിൽ നിന്ന് മാത്രം 50 കോടി ഡോളറിന്റെ (3,​750 കോടി രൂപ)​ വരുമാനമാണ് യൂണിലിവർ നേടുന്നത്. ബംഗ്ളാദേശ്,​ പാകിസ്ഥാൻ,​ ഇൻഡോനേഷ്യ,​ തായ്‌ലൻഡ് തുടങ്ങിയ ഏഷ്യൻ രാജ്യങ്ങളിലും ഫെയർ ആൻഡ് ലവ്‌ലി വിൽക്കുന്നുണ്ട്.