ഭോപ്പാൽ: ഇന്ധന വിലവർദ്ധനവിനെതിരെ സൈക്കിൾ റാലി സംഘടിപ്പിച്ച കോൺഗ്രസ് നേതാവും മുൻ മദ്ധ്യപ്രദേശ് മുഖ്യമന്ത്രിയുമായിരുന്ന ദിഗ് വിജയ് സിംഗിനും 150 പാർട്ടി പ്രവർത്തകർക്കും എതിരെ ഭോപ്പാൽ പൊലീസ് കേസെടുത്തു. സാമൂഹിക അകലം പാലിക്കാത്തതിനാണ് കേസ്. ജനങ്ങളുടെ പ്രതിഷേധത്തിനെതിരെ കേസെടുത്ത നടപടിയെ 'സ്വാഗതം' ചെയ്യുന്നുവെന്ന് ദിഗ് വിജയ് സിംഗ് പറഞ്ഞു. പെട്രോൾ വില വർദ്ധനവിലൂടെ കമ്പനികൾക്കും പമ്പുടമകൾക്കും കേന്ദ്ര ഗവൺമെന്റിനും മാത്രമാണ് നേട്ടമെന്നും കേസെടുത്ത നടപടിയെ സ്വാഗതം ചെയ്യുന്നുവെന്നും ദിഗ് വിജയ് സിംഗ് ട്വീറ്റ് ചെയ്തു. അതേസമയം, ദിഗ് വിജയ് സിംഗിന്റേത് രാഷ്ട്രീയ നാടകമാണെന്ന് ബി.ജെ.പി ആരോപിച്ചു.
പ്രകടന പത്രികയിൽ ഇന്ധന വില അഞ്ച് രൂപ കുറയ്ക്കുമെന്ന് പറഞ്ഞ ദിഗ് വിജയ് സിംഗ് ആദ്യം മാപ്പ് പറയണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു.
'ജനങ്ങൾക്ക് കൊവിഡ് ബാധിക്കുമ്പോൾ കേന്ദ്രസർക്കാർ ഇന്ധന വില കൂട്ടി വിലക്കയറ്റം സൃഷ്ടിക്കുകയാണ്. ജനം പട്ടിണികൊണ്ട് മരിക്കും. തുടർച്ചയായ 18-ാം ദിവസമാണ് ഇന്ധന വില വർദ്ധിപ്പിച്ചത്.' ദുരന്തത്തിൽ നിന്ന് അവസരമുണ്ടാക്കണമെന്നാണ് പ്രധാനമന്ത്രി പറയുന്നത്. കൊവിഡ് ദുരന്തം പണമുണ്ടാക്കാനുള്ള മാർഗമാക്കുകയാണ് കേന്ദ്ര സർക്കാരെന്നും '- ദിഗ് വിജയ് സിംഗ് കുറ്റപ്പെടുത്തി. സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ കോൺഗ്രസ് ഇന്ധനവില വർദ്ധനവിനെതിരെ സമരം ചെയ്തിരുന്നു.