തിരുനെൽവേലി: തിരുനെൽവേലിയിലെ പ്രശസ്തമായ മധുരപലഹാര വില്‍പന കേന്ദ്രമായ 'ഇരുട്ടുകടൈ' ഉടമ ഹരിസിംഗിനെ (80) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ഇയാളെ ആശുപത്രിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഹരിസിംഗ് ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് അറിയിച്ചു.
കടുത്ത പനിയെ തുടർന്നാണ് ഹരിസിംഗിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ രാവിലെ നടത്തിയ പരിശോധനയിൽ കൊവിഡ് ബാധിച്ചെന്ന് സ്ഥിരീകരിച്ചു. കൊവിഡ് കെയർ സെന്ററിലേക്ക് മാറ്റാനിരിക്കെ, ഉച്ചയോടെ ഹരിസിംഗിനെ കാണാതാകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തോർത്ത് ഉപയോഗിച്ച് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
രണ്ടുദിവസം മുമ്പ് മൂത്രത്തിൽ അണുബാധയുണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഹരിസിംഗിന്റെ മരുമകനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
തമിഴ്‌നാട്ടിലെ പ്രശസ്ത മധുരപലഹാര വില്‍പന കേന്ദ്രമാണ് ഇരുട്ടുകടൈ. തിരുനെൽവേലി ഹൽവ വില്‍പനയിലൂടെയാണ് സ്ഥാപനം പ്രശസ്തമായത്. മറ്റ് കടകളിൽ നിന്ന് വ്യത്യസ്തമായി വൈകിട്ട് അഞ്ചുമുതൽ രാത്രി എട്ടുവരെയാണ് ഇരുട്ടുകടൈയുടെ പ്രവർത്തനം. ഓൺലൈനിലും വില്പന നടത്തിയിരുന്നു. ഹരിസിംഗിന്റെ മരണത്തിൽ നിരവധി പേർ അനുശോചിച്ചു.