കൊച്ചി: രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില ഇടിഞ്ഞിട്ടും ഇന്ത്യ വാങ്ങുന്നത് ഉയർന്ന വിലയ്ക്ക്. ഗൾഫ് രാജ്യങ്ങൾ കേന്ദ്രീകരിച്ചുള്ള ബ്രെന്റ് ക്രൂഡാണ് ഇന്ത്യ പ്രധാനമായും വാങ്ങുന്നത്. ഇതിന്റെ വില ഇന്നലെ ബാരലിന് 39 ഡോളർ വരെ ഇടിഞ്ഞെങ്കിലും ഇന്ത്യ വാങ്ങിയത് (ഇന്ത്യൻ ബാസ്കറ്ര്) 43.41 ഡോളറിനാണ്.
ഡോളറിനെതിരെ രൂപയുടെ മൂല്യത്തിലുണ്ടാകുന്ന വ്യതിയാനം മാത്രമല്ല ഇന്ത്യൻ ബാസ്കറ്ര് വിലയിൽ പ്രതിഫലിക്കുന്നത്. ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള വാങ്ങലിൽ കുറവുവരുത്തുകയും അമേരിക്കൻ ക്രൂഡിനോടുള്ള താത്പര്യം കൂട്ടുകയും ഇന്ത്യ ചെയ്തിട്ടുണ്ട്. ഇത്, ഇന്ത്യൻ ബാസ്കറ്ര് വില കൂടാൻ ഇടയാക്കുന്നു. 2017ൽ പ്രതിദിനം 25,000 ബാരൽ ക്രൂഡോയിൽ അമേരിക്കയിൽ നിന്ന് വാങ്ങിയിരുന്ന ഇന്ത്യ, ഈ വർഷം വാങ്ങൽ പത്തിരട്ടിയാക്കി ഉയർത്തി. കഴിഞ്ഞ ഫെബ്രുവരിയിൽ 2.50 ലക്ഷം ബാരലാണ് പ്രതിദിനം അമേരിക്കയിൽ നിന്നെത്തിയത്.
ഇന്ത്യൻ ബാസ്കറ്രിന് മാർച്ചിൽ കയറ്റുമതി രാജ്യങ്ങൾ ബാരലിന് 13.6 ഡോളർ വരെ ഡിസ്കൗണ്ട് നൽകിയിരുന്നത് പിന്നീട് 10.55 ഡോളറിലേക്ക് താഴ്ത്തിയതും തിരിച്ചടിയായി. ഉപഭോഗത്തിനുള്ള 84 ശതമാനം ക്രൂഡോയിലും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. ക്രൂഡ് ഇറക്കുമതിയിൽ ലോകത്ത് മൂന്നാംസ്ഥാനമാണ് ഇന്ത്യയ്ക്ക്. ഈവർഷം ഫെബ്രുവരി വരെയുള്ള കണക്കുപ്രകാരം 60.1 ശതമാനം ക്രൂഡാണ് ഇന്ത്യ ഗൾഫ് രാജ്യങ്ങളിൽ നിന്ന് വാങ്ങിയത്. 18 ശതമാനമാണ് അമേരിക്കൻ രാജ്യങ്ങളിൽ നിന്നുള്ള വിഹിതം. മറ്ര് ഏഷ്യൻ രാജ്യങ്ങൾ, ആഫ്രിക്ക, യൂറോപ്പ് എന്നിവിടങ്ങളിൽ നിന്നാണ് ബാക്കി വിഹിതം.
വില മേലോട്ട്
ഇന്ത്യയിൽ പെട്രോൾ, ഡീസൽ വില ഇനിയും കൂടുമെന്ന സൂചന കഴിഞ്ഞദിവസം ഐ.ഒ.സി ചെയർമാൻ സഞ്ജീവ് സിംഗ് നൽകിയിരുന്നു. ലോക്ക്ഡൗണിന് മുമ്പ് ഉയർന്ന വിലയ്ക്കാണ് ഇന്ത്യൻ കമ്പനിയിൽ ക്രൂഡ് വാങ്ങിയത്. പിന്നീട്, ആഗോളവില ഇടിഞ്ഞെങ്കിലും അതിന്റെ പ്രയോജനം നേടാൻ ഇന്ത്യൻ കമ്പനികൾക്കായില്ല. ഇന്ത്യയിൽ ലോക്ക്ഡൗൺ മൂലം കച്ചവടം നിലച്ചതാണ് കാരണം.
ഉയർന്ന വിലയ്ക്ക് വാങ്ങിയ ക്രൂഡോയിൽ സംസ്കരിച്ചാണ് ഇന്ത്യയിൽ ഇപ്പോൾ പെട്രോൾ, ഡീസൽ വില്പന. മാർച്ചിലും മേയിലുമായി കേന്ദ്രം എക്സൈസ് നികുതി വർദ്ധിപ്പിച്ചതിന്റെ ബാദ്ധ്യത വഹിക്കുന്നതും എണ്ണക്കമ്പനികളാണ്. ഈ ബാദ്ധ്യതകൾ തരണം ചെയ്യുംവരെ ദൈനംദിന വില വർദ്ധന തുടരാനാണ് സാദ്ധ്യത.
₹14
കഴിഞ്ഞ 19 ദിവസമായി പെട്രോളിനും ഡീസലിനും ഇന്ത്യയിൽ ലിറ്രറിന് ശരാശരി 10 രൂപയാണ് കൂടിയത്. ലിറ്രറിന് മൊത്തം 14 രൂപവരെ വർദ്ധന പ്രതീക്ഷിക്കാമെന്നാണ് വിലയിരുത്തൽ. അതായത്, ഏതാനും നാൾ കൂടി വിലവർദ്ധന തുടരും.