ന്യൂമെക്‌സിക്കോ: അമേരിക്കൻ സംസ്ഥാനമായ ന്യൂമെക്‌സിക്കോയിലെ സാന്റാഫി സിറ്റിയിലെ 'ഇന്ത്യാ പാലസ്" എന്ന ഇന്ത്യൻ റെസ്റ്റോറന്റിന് നേരെ വംശീയ ആക്രമണം. അക്രമികൾ ഭക്ഷണശാലയിലെ ഫർണിച്ചറുകൾ തകർക്കുകയും ‘നിങ്ങളുടെ രാജ്യത്തേക്ക് തിരിച്ചുപോകുക’ എന്നതടക്കം വംശീയ മുദ്രാവാക്യങ്ങൾ പെയിന്റ് ഉപയോഗിച്ച് ചുമരിലെഴുതുകയും ചെയ്തു. ബുധനാഴ്ചയാണ് സംഭവം. സിഖുകാരനായ ബൽജിത് സിംഗ് ആണ് ഉടമ.
സാന്റാഫി മേയർ അലൻ വെമ്പർ ഇന്ത്യൻ ഭക്ഷണശാലയ്ക്ക് നേരേ നടന്ന ആക്രമണത്തെ അപലപിച്ചു.
ആക്രമണത്തിൽ പ്രാദേശിക സമൂഹവും ഇന്തോ-അമേരിക്കൻ വംശജരുമടക്കം ഭീതിയിലാണ്. ആഫ്രോ-അമേരിക്കൻ വംശജൻ ജോർജ് ഫ്ലോയിഡിന്റെ കൊലപാതകത്തിന് പിന്നാലെ അമേരിക്കയിൽ വിദേശികളോട് വംശീയമായ അതിക്രമങ്ങൾ വർദ്ധിക്കുകയാണ്.
മലയാളിക്ക് നേരെയും ആക്രമണം
റാന്നി സ്വദേശിയായ വിദ്യാർത്ഥിയെയാണ് ന്യൂയോർക് സിറ്റിയിലെ പോസ്റ്റ് ഓഫിസിൽ വെള്ളക്കാരൻ വംശീയമായി അധിക്ഷേപിച്ചതായി പരാതി. നീ നിയമവിരുദ്ധ കുടിയേറ്റക്കാരനാണെന്നും സ്വന്തം നാട്ടിലേക്ക് തിരിച്ചുപോവണമെന്നും ആവശ്യപ്പെട്ടായിരുന്നു ബഹളം. സാമൂഹിക നിയന്ത്രണമുള്ളതിനാൽ പോസ്റ്റ് ഓഫീസിനു പുറത്തു ക്യൂ നിൽക്കുകയായിരുന്നു വിദ്യാർത്ഥി. ഈ നാട്ടിൽ ജനിച്ച താൻ എന്തിന് മടങ്ങിപ്പോവണമെന്നായിരുന്നു വിദ്യാർത്ഥിയുടെ മറുപടി.