corona-virus

തൃശൂര്‍: ജില്ലയില്‍ സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചുവെന്ന രീതിയിലുളള പ്രചാരണങ്ങള്‍ വാസ്തവ വിരുദ്ധമാണെന്ന് ജില്ലാ കളക്ടര്‍ എസ് ഷാനവാസ് അറിയിച്ചു.കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച സ്ഥലങ്ങളില്‍ മാത്രമാണ് അത് പ്രകാരമുളള നിയന്ത്രണങ്ങളുളളത്. ഇത് കര്‍ശനമായി പാലിക്കാനാണ് പോലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുളളത്. ഇതുമായി പൊതുജനങ്ങള്‍ സഹകരിക്കണമെന്നും കളക്ടര്‍ പറഞ്ഞു.മറ്റുളള സ്ഥലങ്ങളില്‍ നിലവില്‍ സംസ്ഥാനത്ത് കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരമുളള നിയന്ത്രണങ്ങള്‍ മാത്രമാണ് ബാധകം. മറിച്ചുളള പ്രചാരണങ്ങള്‍ വാസ്തവ വിരുദ്ധമാണ്. ജില്ലയില്‍ നിലവില്‍ ആശങ്കാജനകമായ സാഹചര്യമില്ലെന്നും എന്നാല്‍ ജാഗ്രത കൈവിടരുതെന്നും കളക്ടര്‍ അറിയിച്ചു.

അതേസമയം, ജില്ലയില്‍ ഇന്ന് 10 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.വിദേശത്ത് നിന്നെത്തിയ ഏഴ് പേര്‍ക്കും തമിഴ്നാട്ടില്‍ നിന്നും ഗുജറാത്തില്‍ നിന്നും എത്തിയ ഓരോ ആള്‍ക്ക് വീതവുമാണ് ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിന് പുറമെ സമ്പര്‍ക്കത്തിലൂടെ നഗരസഭാ ജീവനക്കാരിക്കും രോഗം സ്ഥിരീകരിച്ചു.ഇന്ന് 283 സാമ്പിളുകളാണ് കൊവിഡ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ ആകെ 8386 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചിട്ടുളളത്. ഇതില്‍ 8001 സാമ്പിളുകളുടെ പരിശോധന ഫലം വന്നിട്ടുണ്ട്. ഇനി 385 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്.