കൊച്ചി: കേന്ദ്ര പൊതുമേഖലാ വളം നിർമ്മാണക്കമ്പനിയായ ഫാക്‌ട്,​ കഴിഞ്ഞ സാമ്പത്തിക വർഷം 976 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തി. 2018-19ൽ ലാഭം 163 കോടി രൂപയായിരുന്നു. വിറ്റുവരവ് 1,​955 കോടി രൂപയിൽ നിന്ന് 2,​770 കോടി രൂപയിലേക്കും വർദ്ധിച്ചു. ഫാക്‌ടംഫോസിന്റെ ഉത്‌പാദനത്തിൽ 2000-01ലെ 8.38 ലക്ഷം മെട്രിക് ടണ്ണിന്റെ റെക്കാഡ്,​ 8.45 ലക്ഷം മെട്രിക് ടണ്ണായി ഫാക്‌ട് തിരുത്തിയെഴുതി.

2.21 ലക്ഷം മെട്രിക് ടണ്ണാണ് അമോണിയം സൾഫേറ്റിന്റെ ഉത്‌പാദനം. കഴിഞ്ഞ 19 വർഷത്തെ ഉയർന്ന നിരക്കാണിത്. 8.35 ലക്ഷം മെട്രിക് ടണ്ണുമായി ഫാക്‌ടംഫോസും 2.36 ലക്ഷം മെട്രിക് ടണ്ണുമായി അമോണിയം സൾഫേറ്റും കഴിഞ്ഞ 19 വർഷത്തെ ഏറ്റവും മികച്ച വില്പന നേട്ടവും കുറിച്ചു. സിറ്രി കമ്പോസ്‌റ്ര് വില്പന 13,​103 മെട്രിക് ടൺ എന്ന സർവകാല റെക്കാഡും രേഖപ്പെടുത്തി. 9,​370 മെട്രിക് ടണ്ണായിരുന്നു പഴയ റെക്കാഡ്. കഴിഞ്ഞ സാമ്പത്തിക വർഷം അഖിലേന്ത്യാ തലത്തിൽ വിപണി സാന്നിദ്ധ്യം ഉയർത്താനും ഫാക്‌ടിന് കഴിഞ്ഞു.

പശ്‌ചിമ ബംഗാൾ,​ ഒറീസ,​ മഹാരാഷ്‌ട്ര,​ ഗുജറാത്ത് എന്നിവിടങ്ങളിലാണ് പുതുതായി ചുവടുവച്ചത്. അമോണിയം സൾഫേറ്റിന്റെ വില്പനയാണ് മഹാരാഷ്‌ട്രയിലും ബംഗാളിലും ആരംഭിച്ചത്. കഴിഞ്ഞവർഷത്തെ മുന്നേറ്റം നടപ്പുവർഷവും തുടരാനാകുമെന്നും ആദ്യപാദമായ ഏപ്രിൽ-ജൂണിലെ പ്രവർത്തനം ആശാവഹമാണെന്നും കമ്പനി പ്രതികരിച്ചു. പ്ളാന്റിലെ അറ്റകുറ്റപ്പണികൾ തീരുന്ന മുറയ്ക്ക് കാപ്രോലാക്‌ടം ഉത്പാദന നടപടികൾ നടപ്പുവർഷം പുനരാരംഭിക്കുമെന്നും കമ്പനി വ്യക്തമാക്കി.