തിരുവനന്തപുരം: പ്രവാസികളുടെ മടക്കയാത്രയുമായി ബന്ധപ്പെട്ട് കേന്ദ്രസഹമന്ത്രി വി.മുരളീധരൻ നടത്തിയത് കാതലായ വിമർശനമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സർക്കാർ ചെയ്യുന്ന കാര്യങ്ങൾ നാടിനുമുഴുവൻ അറിയാം. കേന്ദ്ര സർക്കാരിനും വ്യക്തതയുണ്ട്. മുരളീധരന് അവ്യക്തതയുണ്ടെങ്കിൽ കേന്ദ്രസർക്കാരിനോട് ചോദിച്ച്അറിയാം. അദ്ദേഹത്തിന് എന്താണ് പറ്റുന്നതെന്ന് നിശ്ചയമില്ല- മുഖ്യമന്ത്രി പറഞ്ഞു.പ്രവാസി രോഗികൾ കുറയണമെന്നാണ് ആഗ്രഹം.എന്നാൽ രോഗ വർദ്ധന ഭീതിയുണ്ടാക്കുന്നു. സമ്പർക്ക വ്യാപനം സംഭവിച്ചാൽ കൂടുതൽ രോഗികളുണ്ടാവും. അത് സമൂഹവ്യാപനത്തിലേക്ക് പോയാൽ പിടിച്ചാൽ കിട്ടില്ല. അങ്ങനെ സംഭവിക്കാതിരിക്കാൻ ആബാലവൃദ്ധം ജനങ്ങളും ജാഗ്രതയിലാവണം.
അത് ഒരു ബോധത്തിന്റെ ഭാഗമാവണം. ഏതെങ്കിലും നടപടിയുടെ ഭാഗമാവരുത്. ജാഗ്രത പടുത്തുയർത്താൻ കേരളമാകെ ഒന്നിച്ചു നീങ്ങുകയാണ്. ആ ഘട്ടത്തിലും ചില മനസുകൾ മറ്റൊരു രീതിയിൽ ചിന്തിക്കുന്നു.
സമൂഹവ്യാപനം ഉണ്ടായിട്ടില്ല. എന്നാൽ ആപത്തിനു മുന്നിലാണ്. മുരളീധരൻ എന്തിനാണ് ഇത്തരം പരാമർശങ്ങൾ നടത്തുന്നതെന്ന് മനസിലായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൊവിഡ് ചികിത്സ :കേരളത്തിന്
മൂന്ന് പ്ലാനുകൾ
കൊവിഡ് രോഗികളുടെ എണ്ണമനുസരിച്ച് മെച്ചപ്പെട്ട ചികിത്സാ സൗകര്യത്തിനുള്ള സജ്ജീകരണം ഒരുക്കുന്നതിന് എ, ബി, സി പ്ലാനുകൾ തയ്യാറാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.'പ്ലാൻ എ പ്രകാരം കൊവിഡ് രോഗികളുടെ ചികിത്സയ്ക്ക്14 ജില്ലകളിലായി 29 കൊവിഡ് ആശുപത്രികളും അവയോട് ചേർന്ന് 29 ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളും ആരംഭിച്ചിട്ടുണ്ട്.
സ്വകാര്യ ആശുപത്രികളുടെ സൗകര്യവും ഉപയോഗിക്കും. ഇത്തരത്തിലുള്ള 29 ആശുപത്രികളിൽ കൊവിഡ് ചികിത്സയ്ക്കു മാത്രമായി 8537 കിടക്കകളും, 872 ഐസിയു കിടക്കകളും, 482 വെന്റിലേറ്ററുകളും തയ്യാറാക്കി. രോഗികൾ കൂടുമ്പോൾ കൂടുതൽ ആശുപത്രികളിലെ കിടക്കകൾ ഉപയോഗിക്കും.
രണ്ടാം നിര ആശുപത്രികളും സജ്ജമാക്കും. നിലവിൽ സജ്ജീകരിച്ച 29 കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിലെ 3180 കിടക്കകളിൽ 479 രോഗികൾ ചികിത്സയിലുണ്ട്. ഇത്തരത്തിൽ പ്ലാൻ എയും ബിയും സിയും നടപ്പാക്കുന്നതിന് 171 ഫസ്റ്റ്ലൈൻ സെന്റുകളിലായി 15,975 കിടക്കകൾ കൂടി സജ്ജമാക്കിയിട്ടുണ്ട്.