കഥകളി ആചാര്യൻ കലാമണ്ഡലം ഗോപിക്ക് ആദരവുമായി അനുമോൾ
എരിഞ്ഞു കത്തുന്ന ആട്ടവിളക്കിനു പിന്നിൽ പച്ചവേഷത്തിൽ ജ്വലിക്കുന്ന മറ്റൊരു സൂര്യൻ: കലാമണ്ഡലം ഗോപി.കഥകളിയിലെ ആചാര്യൻ.അഭിനയകലയിൽ ചക്രവർത്തിയായ ഗോപിയാശാൻ.
തൃശൂരിനടുത്ത് മുണ്ടൂർ 'ഗുരുകൃപ"യുടെ കോലായിൽ 'പച്ചവേഷ"ത്തിൽ ഗോപിയാശാൻ ഇരിക്കുന്നു.ചമയം അഴിച്ചിട്ടും മുഖത്ത് പൂതനയുടെ അംശം. അതുകണ്ടിട്ടാവണം ഗോപി ആശാന്റെ മുഖത്ത് ചിരി പൂത്തു. ആശാന്റെ പാദം നമസ്കരിച്ച് അനുമോൾ എഴുന്നേൽക്കുമ്പോൾ മുൻപിൽ കാലം തിരശ്ശീല മാറ്റിക്കൊടുക്കുകയാണ്.
''കഥകളി പഠിക്കുന്ന കുട്ടികളെ എനിക്കിഷ്ടമാ. അവരെ കാണുമ്പോൾ ഞാനും ഒരു വിദ്യാർത്ഥി ആയതുപോലെ തോന്നും."" മഹാകവി വള്ളത്തോളിന്റെ ഒാർമകളും കലാമണ്ഡലത്തിലെ ക്ളാസ് മുറിയും 'കൊച്ചുഗോപി"യുടെ മുന്നിൽ തെളിഞ്ഞ പോലെ. ''മഹാദ്ഭുതത്തിന് മുന്നിലാണ് ഞാൻ നിൽക്കുന്നത്. ജീവിതത്തിലെ മഹാഭാഗ്യം, വിശ്വസിക്കാൻ കഴിയുന്നില്ല. "" കൈകൂപ്പി അനുമോൾ നിന്നു.
''ഞാൻ ഒരു മഹാദ്ഭുതമാണെന്ന് എനിക്ക് തോന്നുന്നില്ല.ഗുരുക്കന്മാരുടെ അനുഗ്രഹം .ഇനിയും കെട്ടാൻ വേഷങ്ങളുണ്ടെന്ന് വിശ്വസിക്കുന്നു. എങ്കിൽ മാത്രമേ പൂർണമാവൂ. "" ആശാന്റെ വാക്കുകളിൽ ഒരിക്കലും ഒടുങ്ങാത്ത കലാതൃഷ്ണയുടെ പച്ചപ്പ്. ഇനിയും മനയോല തേക്കാൻ കാലം ആ മുഖത്തെ മിനുക്കിയിരിക്കുന്നു. രാജ്യം സമ്മാനിച്ച പദ്മശ്രീ പുരസ്കാരം പച്ചവേഷക്കാരനെ ആരാധനയോടെ അപ്പോൾ നോക്കി. ''ആശാനെ ഒരുനോക്കു കാണാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു. ഏഴാം ക്ലാസിൽ കഥകളി അവതരിപ്പിച്ചപ്പോൾ മുതൽ തുടങ്ങിയ ആഗ്രഹം. എന്നാൽ അത് സഫലമായത് കഴിഞ്ഞ വർഷം ദുബായ് എയർപോർട്ടിൽ വച്ചാണ് .""വിനയം നിറച്ച് അനുമോൾ ആശാന്റെ അരികത്തുനിന്നു.
''ഓർക്കുന്നുണ്ട്. ഞാൻ അന്ന് അബുദാബിക്ക് പോവുന്നു."" പച്ചമനുഷ്യന്റെ ചിരിയിൽ ഗോപിയാശാൻ.
''അനുവാദം ചോദിച്ചശേഷം ആശാനൊപ്പം ഫോട്ടോയെടുത്തു. ഏറ്റവും അമൂല്യമെന്ന് തോന്നുന്നത് എന്റെ മാത്രമായി സൂക്ഷിക്കുന്ന ശീലമുണ്ട്.ആ ഫോട്ടോ സ്വകാര്യമായി എന്നും സൂക്ഷിക്കാനാണ് ഇഷ്ടം. ." സൗഹൃദം തുളുമ്പുന്ന പെരുമാറ്റവുമായി അനുവിന്റെ വർത്തമാനം ആസ്വദിച്ച് ഗോപിയാശാൻ.''പാലക്കാട് കല്ലേക്കുളങ്ങര 'കഥകളി ഗ്രാമ"ത്തിലാണ് കഥകളി അഭ്യസിക്കുന്നത്. അവിടെ തൊണ്ണൂറ്റിഅഞ്ച് ശതമാനം പേരും സ്ത്രീകളാണ്. അഞ്ചാം ക്ലാസ് മുതലുള്ളവരുണ്ട്. കഥകളി പഠിക്കാൻ സ്ത്രീകൾക്കായുള്ള സ്ഥാപനം കുറവാണ്. ഗുരു കലാമണ്ഡലം വെങ്കിട്ടരാമൻ. അരങ്ങ് പതിനെട്ടെണ്ണം പിന്നിട്ടു.പൂതനമോക്ഷം കഥയാണ് ഒടുവിൽ അവതരിപ്പിച്ചത്."" അനു ആട്ടവിളക്കിനുമുന്നിലെ കഥ പറഞ്ഞുതുടങ്ങി.
''നന്നായി.ഇനിയും നന്നാവും.""അനുഗ്രഹം ചൊരിഞ്ഞ് ആശാൻ. ''ഓട്ടൻതുള്ളലാണ് ആദ്യം പഠിച്ചത്. പിന്നീട് കഥകളി പഠിച്ചു. അവിടെ അങ്ങ് ഉറച്ചു. എൺപത്തിരണ്ടു വയസിലും ഉറച്ചു നിൽക്കുകയാണ്. മുട്ടികൊണ്ട് കൊറേ ഏറ് ഗുരുക്കന്മാരിൽ നിന്നു കിട്ടീട്ടുണ്ടെന്ന് കൂട്ടിക്കോ.ഇളക്കിമാറ്റാൻ ഈശ്വരനു മാത്രമേ കഴിയൂ.""അരങ്ങിൽ ഗോപിയാശാൻ പിന്നിട്ടത് എഴുപത്തിമൂന്നുവർഷം . പത്താം വയസിൽ ലവണാസുരവധത്തിൽ കുശനായി അരങ്ങേറ്റം.
''വേഷം മാത്രം പഠിച്ചാണ് ഇപ്പോൾ ചെയ്യുന്നത്. സിനിമയുടെയും നൃത്തത്തിന്റെയും തിരക്കുണ്ട്. മോഹിനിയാട്ടം അവതരിപ്പിക്കാറുണ്ട്. തിരക്കിനിടെ കഥകളിയ്ക്കായി സമയം കണ്ടെത്തുന്നു. "" അനുമോളുടെ വാക്കുകൾക്ക് ആശാൻ കാതോർത്തു.
''ചായില്യത്തിന്റെയും മനയോലയുടെയും മണം എനിക്കിഷ്ടമാ. പിന്നേ ആശാന്റെ നളനെ ഇഷ്ടമാ. കഥകളി ആസ്വാദകരെ ഇഷ്ടമാ. അങ്ങനെ ഒരു പാട് ഇഷ്ടം തോന്നുന്നു."" ആശാനെ നോക്കി അനു പറഞ്ഞു.
''ഇഷ്ടം ഉള്ളപ്പോൾ മാത്രം കഥകളി ചെയ്താൽ മതി. മുഴുവൻ സമയം അരങ്ങിൽ നിൽക്കണമെന്ന ആഗ്രഹം തോന്നിയാൽ പിന്നെ അമാന്തിക്കരുത്. ഞാൻ രണ്ടാമത്തെ പക്ഷത്താണ്. ഒൻപതു വയസിൽ കലാമണ്ഡലത്തിൽ കഥകളി പഠനം. എല്ലാം പഠിച്ചു കഴിഞ്ഞെന്ന് ഇപ്പോഴും കരുതുന്നില്ല. ഇനിയും പഠിക്കാൻ ഏറെ.""അപ്പോൾ ഗോപിയാശാൻ നളനിലേക്കും അർജ്ജുനനിലേക്കും അലിഞ്ഞു ചേരുകയായിരുന്നു. രണ്ടാം ദിവസത്തെ നളന്റെ രാജകീയ പ്രൗഢി വീണ്ടും കണ്ടു.'' മോഹൻലാലിനൊപ്പം അഭിനയിക്കാൻ എനിക്ക് മഹാഭാഗ്യം ലഭിച്ചു.
എന്നെ വിസ്മയിപ്പിച്ച നടന കുലപതി.
എന്തെന്നില്ലാത്ത അദ്ഭുതത്തോടെയാണ് മോഹൻലാലിനെ കാണുന്നത്. തൊഴിലിനോട് ആത്മാർത്ഥത കാട്ടി പൂർണമായും ഉൾക്കൊണ്ടാണ് അഭിനയം. കലാജീവിതത്തിൽ ലഭിക്കുന്ന കഥാപാത്രങ്ങളെ വിജയപ്രദമാക്കുന്നതിന് എന്തെല്ലാം ആവശ്യമെന്ന് തിരിച്ചറിഞ്ഞാണ് അദ്ദേഹം പ്രവർത്തിക്കുന്നത്. അതിനാൽ മോഹൻലാലിനോട് എനിക്ക് അതിരറ്റ ബഹുമാനവും സ്നേഹവുമാണ്."" മോഹൻലാലിനൊപ്പം ആഹ്ലാദം പങ്കുവയ്ക്കുന്ന ചിത്രങ്ങൾ അലമാരയിൽ.വാനപ്രസ്ഥത്തിലെ കുഞ്ഞിക്കുട്ടനെ ഓർത്തിട്ടാവും ലാൽ ചിത്രത്തിലേക്ക് ആശാൻ ഒന്നു പാളി നോക്കി ചിരിച്ചു. വാനപ്രസ്ഥത്തിലും ശാന്തത്തിലും മാത്രമേ ആശാനെ സിനിമയിൽ കണ്ടുള്ളു എന്ന ഭാവത്തിൽ അപ്പോൾ അനു.
''സിനിമയിൽ അഭിനയിക്കാൻ മനസിന് സന്തോഷമേയുള്ളു. എന്നാൽ പൊരുത്തപ്പെട്ടു പോവാൻ ബുദ്ധിമുട്ടാണ്. ഞാൻ പഠിച്ചതും എന്റെ തൊഴിലും കഥകളിയാണ്. അങ്ങേയറ്റം ശ്രദ്ധാപൂർവം കഥകളി പഠിക്കുകയും പിന്നീട് പഠിപ്പിക്കുകയും ഇപ്പോഴും തുടരുകയും ചെയ്യുന്നു.
സിനിമയുടെ സാങ്കേതിക വശങ്ങൾ മനസിലാക്കാൻ സാധിച്ചിട്ടില്ല. എന്നാൽ സിനിമയെയും സിനിമാക്കാരെയും ഇഷ്ടമാണ്. ഷാജി എൻ. കരുണും ജയരാജും അഭിനയിക്കാൻ വിളിച്ചു. നേരെയാവുമെന്ന് കരുതിയാ അവർ വിളിച്ചത്. പക്ഷേ എനിക്ക് അറിയാമായിരുന്നു നേരേയാവില്ലെന്ന്. കഥകളിയുടെയും സിനിമിയുടെയും പ്രവൃത്തികൾ രണ്ടായി കാണാനേ സാധിക്കൂ. ഞാൻ പറയുന്നത് ശരിയാണോയെന്ന് അറിയാൻ മോഹൻലാലിനോട് ചോദിക്കണം."" ലാൽ മാജിക് അറിയാൻ അനുമോൾ ആശാനെ സാകൂതം നോക്കി. ''ഒരുമാസം തുടർച്ചയായി അദ്ധ്വാനിച്ചാണ് അദ്ദേഹം വാനപ്രസ്ഥം സിനിമയിൽ കഥകളി കലാകാരനായി അഭിനയിച്ചത്. അദ്ദേഹത്തിന് കഥകളി ഇഷ്ടമാണ്. വേഷം കെട്ടി .നന്നായി ഫലിപ്പിച്ചു.എന്നാൽ അദ്ദേഹത്തിന്റെ തൊഴിൽ സിനിമയാണ്. അത് മറ്റാരെക്കാളും നന്നായി അദ്ദേഹത്തിന് അറിയാം.എന്റെ തൊഴിൽ കഥകളിയും."" ചുമരിൽ ആശാൻ നളനായി നിറഞ്ഞുനിൽക്കുന്നു. നളനെത്തന്നെ നോക്കി അനു.
''