ഒരുപാട് നാളുകൾക്കുശേഷം സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയ പോലെയുള്ള ആഹ്ളാദമുണ്ട് മീരയ്ക്കിപ്പോൾ.തന്മാത്രയിലൂടെ മലയാളികളുടെ മനസിൽ ഇടംനേടിയ തമിഴ് പെൺകൊടി; മീരാവാസുദേവൻ.
എവിടെയായിരുന്നു ഇത്രയും കാലമെന്ന ചോദ്യം കേട്ട് മീര ചിരിച്ചു. വർഷങ്ങൾ ഒരു പോറലുമേല്പിക്കാത്ത നിറപുഞ്ചിരി.
ഇപ്പോൾ താൻ ശരിക്കുമൊരു മലയാളി പെണ്ണായി മാറിയെന്ന് മീര പറയും.
മുംബയ് ജീവിതം അവസാനിപ്പിച്ച് മീര കേരളത്തിലേക്ക് ചേക്കേറിയിട്ട് വർഷമൊന്നുകഴിഞ്ഞു. എറണാകുളത്ത് കാക്കനാട്ടെ ഫ്ളാറ്റിലാണ് മീരയും കുടുംബവും താമസിക്കുന്നത്.
''എട്ടുവർഷത്തോളം ഒരു ഇംഗ്ളീഷ് പത്രത്തിന്റെ കേരള എഡിഷനിൽ കോളമിസ്റ്റായിരുന്നു. ഇംഗ്ളീഷ് ലിറ്ററേച്ചറിലും സൈക്കോളജിയിലും ബിരുദം നേടിയിട്ടുണ്ട് ഞാൻ. എന്റെ കോളത്തിൽ എല്ലാ വിഷയങ്ങളെക്കുറിച്ചും എഴുതുമായിരുന്നു. മറാത്തിയിൽ ഒരു സിനിമയ്ക്ക് തിരക്കഥയുമെഴുതി. അദ്നാൻ ഷേഖ് സംവിധാനം ചെയ്ത ആ ചിത്രത്തിന് ഇംഗ്ളീഷിലാണ് തിരക്കഥ എഴുതിയത്.
മറാത്തിയും ഹിന്ദിയും തമിഴുമൊക്കെ എഴുതാനും വായിക്കാനും അറിയാമെങ്കിലും ഇംഗ്ളീഷായിരുന്നു കൂടുതൽ ഇൗസി. മലയാളം സംസാരിക്കാനറിയാം. പക്ഷേ എഴുതാനും വായിക്കാനുമറിയില്ല. റോക്കി ഫൈറ്റ് ഫോർ ജസ്റ്റിസ് എന്നായിരുന്നു മറാത്തി സിനിമയുടെ പേര്. ഒരു ആക്ഷൻ റിവഞ്ച് ഡ്രാമ. അർനോൾഡ്ഷ്വാസനെഗറുടെയും സിൽവസ്റ്റർ സ്റ്റാലിന്റെയും ജാക്കിച്ചാന്റെയും സിനിമകൾ കണ്ടാണ് ഞാൻ വളർന്നത്. സമൂഹത്തിലെ അനീതിക്കെതിരെ പോരാടുന്ന നായകന്മാർ എപ്പോഴും എന്നെ ആകർഷിച്ചിട്ടുണ്ട്. റോക്കിയുടെ തീമും അത്തരത്തിലൊന്നായിരുന്നു. സംവിധായകന്റേതായിരുന്നു കഥ.
അദ്നാൻ ഷേഖിന് ഇംഗ്ളീഷിൽ നല്ല കമ്മ്യൂണിക്കേഷൻ സ്കില്ലുള്ള ഒരാളെ വേണമായിരുന്നു. നിനക്ക് എഴുതാൻ കഴിയുമെന്ന് പറഞ്ഞ് എന്നെ മോട്ടിവേറ്റ് ചെയ്തത് അദ്ദേഹമാണ്. അദ്ദേഹത്തിന്റെയും എന്റെയും കാഴ്ചപ്പാടുകൾക്ക് സാമ്യമുണ്ടായിരുന്നു. അങ്ങനെയാണ് എഴുതാൻ തീരുമാനിച്ചത്. എങ്ങനെ എഴുതണമെന്നൊക്കെയുള്ള കാര്യങ്ങൾ അദ്ദേഹമാണ് പറഞ്ഞു തന്നത്. എനിക്ക് അദ്ദേഹം ഒരു ഗുരുവിനെപ്പോലെയാണ്. എന്റെ തന്നെ കഥകളും ആശയങ്ങളും എഴുതണമെന്നുണ്ട് ""മീരാവാസുദേവൻ പറഞ്ഞു തുടങ്ങി.
''മുഹമ്മദ് ഷാ സംവിധാനം ചെയ്യുന്ന പാണിഗ്രഹണത്തിൽ പതിനാറുകാരിയായും ഇരുപത്തിയെട്ടുകാരിയായും അഭിനയിച്ചു. പട്ടണം റഷീദിക്കയായിരുന്നു മേക്കപ്പ്. രണ്ട് പ്രായങ്ങളും നന്നായിത്തന്നെ അദ്ദേഹം ഒരുക്കി. കണ്ണാടിയിൽ കണ്ടപ്പോൾ എനിക്ക് തന്നെ അദ്ഭുതമായി. ഒരു ആർട്ടിസ്റ്റിന്റെ ജീവിതമാണ് ആ സിനിമ പറയുന്നത്. കലാകാരിക്ക് നല്ലൊരു വിവാഹജീവിതം സാദ്ധ്യമാണോയെന്ന് ചർച്ച ചെയ്യുന്ന സിനിമ.
ഷാജി കൈലാസ് സർ നിർമ്മിച്ച് കിരൺ പ്രഭാകർ സംവിധാനം ചെയ്യുന്ന താക്കോൽ എന്ന സിനിമയിൽ ഷാജി സാറിന്റെ മകൻ റൂഷിന്റെ അമ്മയായാണ് അഭിനയിച്ചത്. ആംഗ്ളോ ഇന്ത്യൻ കഥാപാത്രമാണ്.പ്രകാശ് ബാരെ നിർമ്മിച്ച പെയിന്റിംഗ് ലൈഫാണ് മറ്റൊരു സിനിമ. ഡോക്ടർ ബിജുവാണ് സംവിധായകൻ. ഇംഗ്ളീഷ് സിനിമയാണത്.ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലുകളിൽ പ്രദർശിപ്പിക്കാനായി ചിത്രീകരിച്ച സിനിമ.
തമിഴിൽ ജയം രവിയോടൊപ്പം അടങ്കമരു എന്ന ആക് ഷൻ സിനിമ ചെയ്യുന്നുണ്ട്. കാർത്തിക് തങ്കവേൽ സംവിധാനം ചെയ്യുന്ന ആ ചിത്രത്തിൽ സുബു പഞ്ചു അരുണാചലമാണ് എന്റെ ജോടി. നല്ലൊരു ചേട്ടത്തിയമ്മയുടെ വേഷമാണ് . പക്ഷേ, ഭയങ്കര മോഡേണാണ്.""
വ്യത്യസ്ത വേഷങ്ങളുമായി തിരിച്ചുവരവിനൊരുങ്ങുന്നതിന്റെ ആഹ്ളാദത്തിലാണ് മീര.
''ചക്കരമാവിൻ കൊമ്പത്ത് എന്ന സിനിമയിലാണ് മലയാളത്തിൽ ഒരു വലിയ ഇടവേളയ്ക്ക് ശേഷം അഭിനയിച്ചത്. നെഗറ്റീവ് ടച്ചുള്ള വേഷമായിരുന്നു . കരിയർ ഫോക്കസ്ഡായ ഒരു ഡോക്ടറുടെ വേഷം.
തന്മാത്ര പോലൊരു സിനിമ പിന്നീട് മീരയ്ക്ക് കിട്ടിയില്ലല്ലോയെന്ന് ചോദിക്കുന്നവരുണ്ട്. എല്ലാ ആർട്ടിസ്റ്റുകൾക്കും ജീവിതത്തിൽ അങ്ങനെ ഒരു സിനിമയേ വരൂ.
ഇന്നത്തെ ഫിലിം മേക്കേഴ്സ് പലതരം സിനിമകൾ പരീക്ഷിക്കാൻ ധൈര്യമുള്ളവരാണ്. പ്രേക്ഷകരും വ്യത്യസ്തത സ്വീകരിക്കുന്നുണ്ട്. എന്നെ പോലൊരു ആർട്ടിസ്റ്റിന് പ്രതീക്ഷയ്ക്ക് വകയുള്ള കാര്യങ്ങളാണതൊക്കെ.
സിനിമകൾക്കൊപ്പം ഒരു നെറ്റ് സീരീസും ചെയ്യുന്നുണ്ട്. വെബ് സീരീസുകൾക്ക് കിട്ടുന്ന സ്വീകാര്യത നല്ലൊരു മാറ്റമായാണ് കാണുന്നത്. സീരിയലല്ല എന്നാൽ തുടർച്ചയുണ്ട്. അന്താരാഷ്ട്ര തലത്തിൽ കാഴ്ചക്കാരുണ്ടെന്നതാണ് മറ്റൊരു പ്രത്യേകത.
അഭിനേത്രിയായി മാത്രമല്ല കാമറയ്ക്ക് പിന്നിലും പ്രവർത്തിക്കണമെന്നുണ്ട്.സിനിമ എന്റെ പാഷനാണ്. ഞാൻ ശ്വസിക്കുന്ന വായുപോലെയാണ് എനിക്ക് സിനിമ.""