heavy-rain

തിരുവനന്തപുരം: സംസ്ഥാനത്തെ ഒട്ടുമിക്ക ജില്ലകളിലും രാവിലെ മുതൽ പരക്കെ മഴ. തെക്കൻ കേരളത്തിലും മദ്ധ്യ കേരളത്തിലും ശക്തമായ മഴ ഇന്ന് പെയ്യുമെന്നാണ് കാലാവസ്ഥ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, ഇടുക്കി, തൃശ്ശൂർ ജില്ലകളിൽ യെല്ലോ അലർട്ടാണ്.

ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകളിൽ ഒറ്റപ്പെട്ടതോ, ശക്തമായതോ (115 mm വരെ മഴ,) അതിശക്തമായതോ (115 mm മുതൽ 204.5 mm വരെ മഴ) ആയ മഴയ്‌ക്കുള്ള സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. കാലവർഷം മൂന്നാഴ്ച പിന്നിട്ടപ്പോൾ സംസ്ഥാനത്ത് 10 ശതമാനം മഴ കുറഞ്ഞതായുള്ള കണക്കുകൾ പുറത്ത് വന്നിരുന്നു. ആറ് ജില്ലകളിൽ ശരാശരിയിലും കുറവ് മഴയാണ് കിട്ടിയത്.

കേരള തീരത്ത് 40 മുതൽ 50 കി.മി വരെ വേഗത്തിൽ കാറ്റ് വീശാൻ സാദ്ധ്യതയുള്ളതിനാൽ മീൻപിടിക്കാൻ കടലിൽ പോകരുതെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കർണാടക, ലക്ഷദ്വീപ് തീരങ്ങളിലും മത്സ്യബന്ധനത്തിനായി പോകരുതെന്നാണ് നിർദേശം. നാളെ വരെ തെക്ക്-കിഴക്ക് അറബിക്കടൽ, ലക്ഷദ്വീപ് പ്രദേശം, കേരള-കർണ്ണാടക തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കി മി വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാദ്ധ്യതയുണ്ട്.