covid-19

ന്യൂഡൽഹി: കൊവിഡ് രൂക്ഷമായ മഹാരാഷ്ട്ര, ഗുജറാത്ത്, തെലങ്കാന സംസ്ഥാനങ്ങളിലെ അവസ്ഥ നേരിൽ കണ്ടറിയാനും, സഹായിക്കാനുമായി കേന്ദ്രസംഘം ഇന്നെത്തും. ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗർവാളിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സംസ്ഥാനങ്ങളിൽ സന്ദർശനം നടത്തി, സ്ഥിതിഗതികൾ വിലയിരുത്തുക.

ഈ മാസം 29 വരെയാണ് സന്ദർശനം. സംസ്ഥാനങ്ങളിലെ ആരോഗ്യവകുപ്പിനെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സഹായിക്കുകയാണ് ലക്ഷ്യം. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുമായി സ്ഥിതിഗതികൾ അവലോകനം ചെയ്യും. പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനുള്ള നിർദേശങ്ങളും കേന്ദ്രസംഘം നൽകും.

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആറംഗ കേന്ദ്രസംഘം കഴിഞ്ഞ ഏപ്രിലിൽ പശ്ചിമ ബംഗാൾ, മദ്ധ്യപ്രദേശ്, രാജസ്ഥാൻ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങൾ സന്ദർശിച്ചിരുന്നു. ഈ സംസ്ഥാനങ്ങളിൽ ലോക്ക് ഡൗൺ ലംഘനങ്ങൾ വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് കേന്ദ്ര സംഘത്തിന്റെ സന്ദർശനമെന്നാണ് അന്ന് കേന്ദ്ര സർക്കാർ വിശദീകരിച്ചത്.

സന്ദർശനത്തിനെതിരെ രൂക്ഷ വിമർശവുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി രംഗത്തെത്തുകയും, കേന്ദ്ര ഇടപെടലിനെ എതിർക്കുകയും, സംഘത്തിന് സന്ദർശനാനുമതി നൽകില്ലെന്നും പ്രഖ്യാപിച്ചിരുന്നു. ഒരു സംസ്ഥാനത്തിനും പേരുദോഷമുണ്ടാക്കുകയല്ല, രോഗത്തിന്റെ വ്യാപ്തി കണ്ടറിഞ്ഞ് കൂടുതൽ സഹായം ലഭ്യമാക്കാനാണ് സന്ദർശനമെന്നാണ് കേന്ദ്രസർക്കാർ വൃത്തങ്ങൾ പറയുന്നത്.