ടിക് ടോക് താരം സിയ കക്കർ (16 )ന്യൂഡൽഹിയിലെ പ്രീത് വിഹാറിലെ വീട്ടിൽ ജീവനൊടുക്കി. നൃത്ത വിഡിയോകളിലൂടെയും മറ്റും ലൈക്കുകൾ വാരിക്കൂട്ടിയ താരത്തിന്റെ മരണകാരണം അറിവായിട്ടില്ല. ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ്പുത്, 'ക്രൈം പട്രോൾ' നടി പരേക്ഷ മേത്ത എന്നിവരുടെ അകാല വിയോഗത്തിനു പിന്നാലെയാണ് വിനോദമേഖലയിൽനിന്ന് മറ്റൊരു താരത്തിന്റെ ആത്മഹത്യാവിവരം വരുന്നത്.
'ഞാൻ അവളുടെ ടാലന്റ് മാനേജ്‌മെന്റ് ഏജൻസി മേധാവി അർജുൻ സരിനുമായി സംസാരിച്ചു. കഴിഞ്ഞ രാത്രി ഒരു പാട്ടുണ്ടാക്കാനായി സിയയോട് അദ്ദേഹം സംസാരിച്ചിരുന്നു. അവൾ നല്ല മാനസികാവസ്ഥയിലാണെന്നും കുഴപ്പമെന്തെങ്കിലും ഉണ്ടായിരുന്നതായി തോന്നിയില്ലെന്നുമാണു അർജുൻ പറഞ്ഞത്. ആത്മഹത്യയുടെ വഴി തിരഞ്ഞെടുക്കേണ്ടി വന്നതിന്റെ കാരണമെന്താണെന്ന് സൂചനയില്ലെന്നും അദ്ദേഹം പറഞ്ഞു.' മരണവാർത്ത പങ്കിട്ട സെലിബ്രിറ്റി ഫോട്ടോഗ്രാഫർ വൈറൽ ഭയാനി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
ന്യൂഡൽഹിയിലെ പ്രീത് വിഹാറിലാണു സിയയുടെ വീട്. ടിക് ടോക് കൂടാതെ ഇൻസ്റ്റഗ്രാം, സ്നാപ്ചാറ്റ്, യുട്യൂബ് തുടങ്ങിയ ഓൺലൈൻ സോഷ്യൽമീഡിയ പ്ലാറ്റ്‌ഫോമുകളിലും സിയ സജീവമായിരുന്നു. 1.1 മില്യൻ ഫോളോവേഴ്സ് ആണ് ടിക്ടോക്കിൽ ഉള്ളത്.