food

അഞ്ച് പേർക്ക് തിന്നാനാവുന്ന ഭക്ഷണം വെറും മുപ്പത് മിനിറ്റു കൊണ്ട് ഒറ്റയ്ക്ക് അകത്താക്കിയിരിക്കുകയാണ് കേറ്റ് ഓവൻസ് എന്ന ഇരുപത്താറുകാരി. ബ്രിട്ടനിലെ ഏറ്റവും വലിയ മത്സ്യ ഇനമായ ആൻസെൽ ഫിഷും ചിപ്സും അടങ്ങുന്ന ഭക്ഷണമാണ് കേറ്റ് ഒറ്റയടിക്ക് അകത്താക്കിയത്. ഫുഡ് ബ്ലോഗർ കൂടിയാണ് കേറ്റ്. കേറ്റിന്റെ തന്നെ നാടായ ഹാംസ്പിയറിലെ ഒരു റസ്റ്റോറന്റിന്റെ ചലഞ്ച് ഏറ്റെടുത്താണ് കേറ്റ് ഇത്രയും ഭക്ഷണം ഒറ്റയടിക്ക് അകത്താക്കിയത്.


24 ഇഞ്ച് നീളമുള്ള മീൻ പ്രത്യേകം തയ്യാറാക്കിയ രുചികൂട്ടിൽ മുക്കി പൊരിച്ചെടുത്തതും ചിപ്‌സും അടങ്ങുന്ന ഭക്ഷണമാണ് കേറ്റിന് നൽകിയത്. സാധാരണ നൽകുന്നതിനേക്കാൾ അഞ്ചിരട്ടി കൂടുതൽ വിളമ്പി.
കൊവിഡ്ക്കാലമായതിനാൽ റസ്റ്റോറന്റിൽ ഇരുന്ന് കഴിക്കാൻ പറ്റില്ലായിരുന്നു. ഈ ഭക്ഷണം പായ്ക്ക് ചെയ്യാൻ പറ്റാത്തതിനാൽ അവർ ട്രേ അടക്കമാണ് കേറ്റിന് നൽകിയത്. ഇതിനൊപ്പം നൽകിയിരുന്ന കറിയും സോസും പോലും ബാക്കി വയ്ക്കാതെ കേറ്റ് കഴിച്ചു തീർത്തു. വളരെയധികം രുചികരമായിരുന്നു ഭക്ഷണമെന്നും കേറ്റ് പറഞ്ഞു.


തനിക്ക് വേണ്ടി മാത്രമുള്ള ചലഞ്ച് ആയിരുന്നു ഇതെന്നും അതിനാൽ മറ്റാർക്കും ഇതിൽ പങ്കെടുക്കാൻ കഴിയില്ലെന്നും കേറ്റ് പറഞ്ഞു. വലിയ ഫുഡ് ചലഞ്ച് ഏറ്റെടുക്കുന്നതിൽ പ്രശസ്തയാണ് കേറ്റ്. മുമ്പ് മൂന്നടി നീളമുള്ള സോസേജ് റോളും ബ്രിട്ടണിലെ ഏറ്റവും വലിയ ഹോട്ട് ഡോഗും കേറ്റ് അകത്താക്കി ശ്രദ്ധേയയായിരുന്നു. കേറ്റിന്റെ ഫുഡ് ചാലഞ്ച് വീഡിയോകൾക്ക് ലക്ഷക്കണക്കിന് ആരാധകരാണുള്ളത്.