സിനിമ പണമുണ്ടാക്കാനല്ലെന്നും, ഇന്നുമുതൽ സ്വതന്ത്ര ചലച്ചിത്രകാരനെന്നും ഫേസ്ബുക്ക് പോസ്റ്റിട്ട് സംവിധായകൻ ലിജോ ജോസ് പെല്ലിശേരി. 'നല്ല സിനിമയ്ക്ക് വേണ്ടി പണം മുടക്കും, എവിടെയും പ്രദർശിപ്പിക്കും. ഇത് മഹാമാരിയുടെയും, ദുരിതത്തിന്റെയും, ദാരിദ്ര്യത്തിന്റെയും കാലമാണ്. സ്വന്തം വീട്ടിലേക്ക് എത്താൻ വേണ്ടി ആളുകൾ കിലോമീറ്ററുകളോളം നടക്കുന്നു.മാനസികസമ്മർദ്ദം മൂലം കലാകാരന്മാർ ജീവനൊടുക്കുന്നു. ജീവിക്കാനായി പ്രേരിപ്പിക്കാനും, പ്രചോദനവും പ്രതീക്ഷയും നൽകാനുമാണ് സിനിമയെടുക്കുന്നത്' ലിജോ ജോസ് ഫേസ്ബുക്കിൽ കുറിച്ചു.
സർഗാത്മകതയും, ജോലിയും നിർത്താൻ ആവശ്യപ്പെടരുതെന്ന് കൂടി കുറിച്ച ലിജോയെ അനുകൂലിച്ച് ഒട്ടനവധി കമന്റുകളാണ് പോസ്റ്റിന് താഴെയായി വരുന്നത്. തൊട്ടുപിന്നാലെ തന്റെ സിനിമയ്ക്ക് വ്യാകരണവും, ഭാഷയുമില്ലെന്ന് പറഞ്ഞ് അദേഹം മറ്റൊരു പോസ്റ്റ് കൂടി ഫേസ്ബുക്കിൽ കുറിച്ചു.
പുതിയ സിനിമകളുടെ ചിത്രീകരണം തുടങ്ങുന്നതിനെച്ചൊല്ലി മലയാള സിനിമയിൽ തർക്കം നിലനിൽക്കുന്നതിനിടെയിൽ നിർമ്മാതാക്കളെ എതിർത്ത് നേരത്തെ തന്നെ ലിജോ ജോസ് രംഗത്തെത്തിയിരുന്നു. 'ഞാനൊരു സിനിമ പിടിക്കാൻ പോകുവാടാ ആരാടാ തടയാൻ' എന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചിരുന്നു.
'സിനിമ പേരല്ല തീരുമാനമാണ്' എന്നൊരു കുറിപ്പും ലിജോ ജോസ് പങ്കുവിച്ചിരുന്നു. വിവാദം കത്തി നിൽക്കെ ജൂലായ് ഒന്നു മുതൽ ചിത്രീകരണം ആരംഭിക്കുന്ന 'എ' എന്ന തന്റെ സിനിമയുടെ പോസ്റ്ററും അദ്ദേഹം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു.